പോർമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന് ഹമാസ്; ഇസ്രായേലിനെതിരെ ചെറുത്തുനിൽപ്പ് തുടരുമെന്ന് പ്രഖ്യാപനം
ഇസ്രായേലിന്റെ സൈനിക നടപടികളിൽ ഗാസയിൽ ഇതുവരെ 41,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടെന്നാണ് ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഗാസ: ഇസ്രായേലിനെതിരെ നടക്കുന്ന യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഹമാസ്. ഇസ്രായേലിനെതിരെ ചെറുത്തുനിൽക്കാനുള്ള ശേഷി ഇപ്പോഴും പലസ്തീൻ ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തിനുണ്ടെന്ന് മുതിർന്ന ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. 11 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ പലസ്തീന് വേണ്ടി ജീവത്യാഗം ചെയ്തവരും രക്തസാക്ഷികളും നിരവധിയുണ്ട്. ഇവരിലൂടെ പുതിയ അനുഭവങ്ങളും പുതുതലമുറയ്ക്ക് ആവശ്യമായ പ്രചോദനവുമാണ് ലഭിച്ചത്. ഇതുവഴി ശക്തമായ ചെറുത്തുനിൽപ്പിന് പുതുതലമുറയെ പ്രാപ്തരാക്കാനായെന്നും ഒസാമ ഹംദാൻ വ്യക്തമാക്കി.
ഗാസയിൽ ഹമാസിന് ഇനി സൈനിക ബലമില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഹമാസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും വലിയ ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്നും തുടർച്ചയായുള്ള ആക്രമണം വ്യക്തമാക്കുന്നത് ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള കഴിവില്ലെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ 11 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് ഇപ്പോഴും അയവുണ്ടായിട്ടില്ല. ഒക്ടോബർ 7ന് ആരംഭിച്ച യുദ്ധത്തിൽ ഇരുഭാഗത്തും വലിയ നാശനഷ്ടമാണ് ഉണ്ടായത്. തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 1,205 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികമായി പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ഇസ്രായേലിന്റെ സൈനിക നടപടികളിൽ ഗാസയിൽ 41,206 പേർ കൊല്ലപ്പെട്ടെന്നാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പറയുന്നത്. യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥത ചർച്ചകൾ വഴിമുട്ടിയതും നാശനഷ്ടങ്ങളുടെ വ്യാപ്തി കൂട്ടി.