റൈഫിളുകളും ഗ്രനേഡുമായി ഇരച്ചെത്തി ബോക്കോ ഹറാം തീവ്രവാദികൾ, വീടുകൾക്കും കടകകൾക്കും തീയിട്ടു, കൊന്നത് 80 പേരെ

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഗ്രാമത്തിലെ ആളുകൾ അടക്കമുള്ള സേന രണ്ട് ബോക്കോ ഹറാം തീവ്രവാദികളെ കൊലപ്പെടുത്തിയതിലുള്ള പ്രതികാര ആക്രമണമാണ് നടന്നതെന്നാണ് യോബിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൾ കരീം ഡംഗസ് വാർത്താ ഏജൻസികളോട് വിശദമാക്കിയത്

80 people died and several are missing after an attack by Boko Haram in Nigeria

യോബ്: ഗ്രാമത്തിലേക്ക് റൈഫിളുകളും ഗ്രനേഡുകളുമായി ഇരച്ചെത്തി ബോക്കോ ഹറാം തീവ്രവാദികൾ കൊന്നുതള്ളിയത് 80ലേറെ പേരെ. നൈജീരിയയുടെ വടക്ക് കിഴക്കൻ മേഖലയിലുള്ള യോബിലെ മാഫയിലാണ് ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം നടന്നത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് തീവ്രവാദ സംഘം ഇവിടേക്ക് എത്തിയത്. 

ഇവിടെ പ്രവർത്തിച്ചിരുന്ന കടകൾക്കും വീടുകൾക്കും തീവ്രവാദ സംഘം തീവച്ചു. വീടുകൾക്ക് നേരെ ഗ്രനേഡുകളും സംഘം വലിച്ചെറിഞ്ഞു. ഗ്രാമവാസികൾക്ക് നേരെയും തീവ്രവാദികൾ ആക്രമണം നടത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഗ്രാമത്തിലെ ആളുകൾ അടക്കമുള്ള സേന രണ്ട് ബോക്കോ ഹറാം തീവ്രവാദികളെ കൊലപ്പെടുത്തിയതിലുള്ള പ്രതികാര ആക്രമണമാണ് നടന്നതെന്നാണ് യോബിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൾ കരീം ഡംഗസ് വാർത്താ ഏജൻസികളോട് വിശദമാക്കിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം ഇനിയും ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഗ്രാമവാസികളിൽ നിന്ന് ലഭ്യമായ വിവരത്തിലാണ്  കുറഞ്ഞ പക്ഷം 80 പേർ കൊല്ലപ്പെട്ടതായി വിലയിരുത്തിയിട്ടുള്ളത്. കണ്ടെത്തിയ 15 ഓളം മൃതദേഹങ്ങളും സംസ്കാരം ഇവിടെ നടന്നു. മാഫയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.  ബോക്കോ ഹറാമിൻ്റെയും മറ്റ് ജിഹാദി ഗ്രൂപ്പുകളും നൈജീരിയയുടെ വടക്ക് കിഴക്കൻ മേഖലയിൽ പിടിമുറുക്കിയിട്ട് 15 വർഷത്തോളമായെന്നാണ് ലഭ്യമാകുന്ന വിവരം. ഇവിടെ മാത്രം 40000 പേരാണ് ബോക്കോ ഹറാമിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios