'യുക്രൈനൊപ്പം കൂലിപ്പടയായി യുദ്ധം ചെയ്തു', 72 കാരനായ അമേരിക്കൻ പൌരന് തടവ് ശിക്ഷയുമായി റഷ്യ
യുക്രൈൻ കൂലിപ്പട്ടാളമായി 72കാരൻ പൊരുതിയെന്ന് ആരോപണം. യുഎസ് പൌരന് ഏഴ് വർഷം തടവ് ശിക്ഷ. സഹോദരൻ റഷ്യൻ അനുകൂല കാഴ്ചപ്പാടുള്ളയാളെന്ന് സഹോദരി
മോസ്കോ: യുക്രൈനൊപ്പം കൂലിപ്പടയായി പ്രവർത്തിച്ചുവെന്നാരോപിച്ച് അമേരിക്കൻ പൌരന് തടവ് ശിക്ഷ വിധിച്ച് റഷ്യൻ കോടതി. 72 വയസുള്ള അമേരിക്കൻ പൌരനാണ് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2022 ഏപ്രിലിലാണ് റഷ്യൻ സേന സ്റ്റീഫൻ ജെയിംസ് ഹബ്ബാർഡ് എന്ന വയോധികനെ ഇസ്യൂമിലെ കിഴക്കൻ മേഖലയിൽ നിന്ന് പിടികൂടിയതെന്നും യുക്രൈനിലേക്ക് റഷ്യ പൂർണമായ രീതിയിൽ ആക്രമണം ആരംഭിച്ചതിന് തൊട്ട് പിന്നാലെയാണ് ഇതെന്നുമാണ് പ്രോസിക്യൂട്ടർ ആരോപിക്കുന്നത്. യുക്രൈൻ കൂലിപ്പട്ടാളമായി പൊരുതുന്നതിന് തുച്ഛ വേതനം ഇയാൾക്ക് ലഭിച്ചിരുന്നതായാണ് റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ കോടതിയിൽ വിശദമാക്കിയത്.
6 വർഷവും 10 മാസവുമാണ് ഇയാൾ തടവ് ശിക്ഷ അനുഭവിക്കേണ്ടത്. മിഷിഗൺ സ്വദേശിയായ ഇയാളെ കഴിഞ്ഞ ആഴ്ചയാണ് റഷ്യൻ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എന്നാൽ റഷ്യ അനുകൂല നിലപാടാണ് സഹോദരനുള്ളതെന്നും ഈ പ്രായത്തിൽ ഈ ശിക്ഷ അതിജീവിക്കുക ദുഷ്കരമാണെന്നുമാണ് ഇയാളുടെ സഹോദരി പട്രീഷ്യ ഫോക്സ് വിശദമാക്കുന്നത്. സഹോദരൻ സമാധാന പ്രേമിയാണെന്നും സ്വന്തമായി ഒരു തോക്ക് പോലും ഇല്ലാത്തയാൾ ആയുധം പ്രയോഗിച്ചുവെന്ന് വിശ്വസിക്കാൻ സാധ്യമല്ലെന്നുമാണ് സഹോദരി അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. 2022ൽ പിടിയിൽ ആയിരുന്നുവെങ്കിലും സെപ്തംബറിൽ വിചാരണ ആരംഭിക്കുമ്പോഴാണ് ഇയാൾ ആദ്യമായി പൊതുജന ശ്രദ്ധയിൽ എത്തിയത്.
തിങ്കളാഴ്ച വിധി പ്രഖ്യാപനം കേൾക്കാനായി കോടതിയിൽ ശാരീരിക അസ്വസ്ഥതയോടെ ഏറെ പ്രയാസപ്പെട്ടാണ് ഇയാൾ നടന്ന് എത്തിയത്. ഇതിന്റെ വീഡിയോ റഷ്യൻ അധികൃതർ പുറത്ത് വിട്ടിരുന്നു. യുക്രൈൻ അധിനിവേശം ആരംഭിച്ചതിന് തൊട്ടുപിന്നാലെ റഷ്യ പിടിച്ചെടുത്ത നഗരമായിരുന്നു ഇസ്യും. പിന്നീട് 2022ലെ ശരത് കാലത്ത് യുക്രൈൻ സേന ഈ മേഖല തിരിച്ചുപിടിച്ചിരുന്നു. മറ്റൊരു കേസിൽ മുൻ യുഎസ് സൈനികൻ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ഏഴ് വർഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. നിലവിൽ പത്തോളം യുഎസ് പൌരന്മാരാണ് റഷ്യൻ തടവിലുള്ളതെന്നാണ് ലഭ്യമാകുന്ന കണക്കുകൾ. തടവുകാരെ വിട്ടുനൽകുന്നതിനായി തയ്യാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം