അമേരിക്കയിലേക്ക് കടക്കാൻ അനധികൃത ശ്രമം, കസ്റ്റഡിയിൽ ഇന്ത്യൻ വംശജൻ മരിച്ചു

നേരത്തെ 1992ൽ അമേരിക്കയിലേക്ക് അനധികൃതമായി ജസ്പാൽ സിംഗ് എത്തിയിരുന്നു.

 57 year old Indian origin man whom arrested in second attempt to enter USA illegally dies in hospital in Atlanta

അറ്റ്ലാൻറ: അമേരിക്കയിലേക്ക് അനധികൃതമായി കടന്ന 57കാരനായ ഇന്ത്യൻ വംശജന് ചികിത്സയിലിരിക്കെ മരിച്ചു. 2023 ജൂണിലാണ് 57കാരനായ ജസ്പാൽ സിംഗ് അമേരിക്കൻ പൊലീസിന്റെ പിടിയിലായത്. ഇതിന് ശേഷം യുഎസ് എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്നു ഇയാളുണ്ടായിരുന്നത്. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അറ്റ്ലാൻറയിലെ ആശുപത്രിയിൽ വച്ച് 57കാരൻ മരിച്ചത്.

മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ വിശദമാക്കി. ഏപ്രിൽ 15നാണ് ഇയാൾ മരിച്ചത്. ന്യൂയോർക്കിലുള്ള ജസ്പാൽ സിംഗിന്റെ കുടുംബത്തെ ഇന്ത്യൻ കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. നേരത്തെ 1992ൽ അമേരിക്കയിലേക്ക് അനധികൃതമായി ജസ്പാൽ സിംഗ് എത്തിയിരുന്നു.

1998 ജനുവരിയിൽ ജസ്പാൽ സിംഗിന് അമേരിക്കയിൽ നിന്ന് പുറത്താക്കണമെന്ന് ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു. 2023ൽ മെക്സിക്കോ യുഎസ് അതിർത്തിയിലൂടെ വീണ്ടും അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ വീണ്ടും പിടിയിലായത്.

ബോർഡർ പട്രോൾ സംഘത്തിന്റെ പിടിയിലായ ജസ്പാൽ സിംഗിനെ ഫോക്സ്റ്റണിലെ ഇമിഗ്രേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് ഇയാൾ മരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കസ്റ്റഡിയിലെടുക്കുന്നവർക്ക് ആവശ്യമായ ചികിത്സാ ലഭ്യമാക്കുന്നുണ്ടെന്നാണ് യുഎസ് എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്. ശാരീരിക, മാനസിക ആരോഗ്യത്തിനുള്ള മെഡിക്കൽ സഹായം ഇവിടെ ലഭ്യമാകുന്നുണ്ടെന്നാണ് എമിഗ്രേഷൻ വിഭാഗം വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios