ലോകം മറ്റൊരു വ്യാപാര യുദ്ധത്തിലേക്കോ...; ഒരാഴ്ചക്കുള്ളിൽ 10 യുഎസ് സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈന

ഈ കമ്പനികളെ ഇനി മുതൽ രാജ്യത്തെ എല്ലാ ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങളിൽ നിന്നും നിരോധിക്കുമെന്നും ചൈനയിൽ ഇവരുടെ നിക്ഷേപം അനുവദിക്കില്ലെന്നും വ്യക്തമാക്കി.

45 US Entities Penalised By China

വാഷിംഗ്ടൺ: തായ്‍വാന് ആയുധം വിറ്റതിനെ തുടർന്ന് അമേരിക്കൻ പ്രതിരോധ സ്ഥാപനങ്ങൾക്കെതിരെ ഉപരോധം ശക്തമാക്കി ചൈന. ഒരാഴ്ചയ്ക്കുള്ളിൽ, പത്ത് യുഎസ് കമ്പനികൾക്കെതിരെയാണ് ചൈന ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ, ചൈന മൊത്തത്തിൽ 45 യുഎസ് സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയോ പിഴ ചുമത്തുകയോ ചെയ്തു. 17 സ്ഥാപനങ്ങൾക്ക് അനുമതി നിരസിച്ചപ്പോൾ മറ്റ് 28 സ്ഥാപനങ്ങൾ കയറ്റുമതി നിരോധന പട്ടികയിൽ ഉൾപ്പെടുത്തി പിഴ ചുമത്തി.

ആഗോളതലത്തിൽ പ്രമുഖരായ പ്രതിരോധ നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ, റേതിയോൺ, ജനറൽ ഡൈനാമിക്സ് എന്നിവയുടെ ഉപസ്ഥാപനങ്ങൾക്കാണ് ചൈന ഇന്ന് ഉപരോധമേർപ്പെടുത്തിയതെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തായ്‌വാനിലേക്ക് ആയുധങ്ങൾ വിൽക്കുന്നതിൽ പങ്കാളികളായ പത്ത് യുഎസ് സ്ഥാപനങ്ങളും വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും പ്രസ്താവനയിൽ പറയുന്നു.

ഈ കമ്പനികളെ ഇനി മുതൽ രാജ്യത്തെ എല്ലാ ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങളിൽ നിന്നും നിരോധിക്കുമെന്നും ചൈനയിൽ ഇവരുടെ നിക്ഷേപം അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഉപ​രോധമേർപ്പെടുത്തിയ കമ്പനികളുടെ സീനിയർ മാനേജ്‌മെൻ്റിനെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതായി ചൈനീസ് സർക്കാർ അറിയിച്ചു. തായ്‍വാൻ മുഴുവൻ ചൈനയുടെ ഭാഗമാണെന്ന് ബീജിംഗ് അവകാശപ്പെടുന്നത്. എന്നാൽ തായ്‌വാൻ സ്വയം ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നാണ് അമേരിക്കയുടെ വാദം.

അമേരിക്കയെ  സംബന്ധിച്ചിടത്തോളം, തായ്‌വാൻ ഏഷ്യയിലെ തന്ത്രപരമായ സഖ്യകക്ഷിയാണ്. തായ്‌വാനെ പ്രതിരോധിക്കുന്നതിലുള്ള പ്രതിബദ്ധത പ്രകടിപ്പിച്ച്, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഒരു മാസം മുമ്പ് തായ്‌വാന് 571 മില്യൺ ഡോളർ പ്രതിരോധ സഹായത്തിന് അനുമതി നൽകിയിരുന്നു. ഉപരോധം കൂടാതെ, ചൈന 28 യുഎസ് സ്ഥാപനങ്ങളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios