ലബനനിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ: 492 പേർ കൊല്ലപ്പെട്ടു, 5000 പേർക്ക് പരിക്ക്
തെക്കൻ ലെബനനിലെയും ലെബനൻ പ്രദേശത്തിനുള്ളിലെ ബെക്കയിലെയും ഏകദേശം 800 ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ബെയ്റൂട്ട്: ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണം നടത്തിയെന്ന് ലെബനൻ ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു. ഏകദേശം 5,000 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ തെക്കൻ, കിഴക്കൻ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പറഞ്ഞു. ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
തെക്കൻ ലെബനനിലെയും ലെബനൻ പ്രദേശത്തിനുള്ളിലെ ബെക്കയിലെയും ഏകദേശം 800 ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
അതേസമയം ഹിസ്ബുള്ള ഇസ്രായേലിലെ അഞ്ചിടത്ത് ആക്രമണങ്ങൾ നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇസ്രയേലിനോടും ഹിസ്ബുള്ളയോടും യുദ്ധത്തിൽ നിന്ന് പിന്മാറാൻ ലോകശക്തികൾ അഭ്യർഥിച്ചു.
വെള്ളിയാഴ്ച തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഫോഴ്‌സ് കമാൻഡർ ഇബ്രാഹിം അഖിൽ ഉൾപ്പെടെ 39 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അതേസമയം ഹിസ്ബുല്ലയുമായി ബന്ധമുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ലെബനൻ ജനതയോട് ആവശ്യപ്പെട്ടു. ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഹിസ്ബുല്ല ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ സൈന്യം വരും ദിവസങ്ങളിൽ ആക്രമണം വർധിപ്പിക്കുമെന്നും ഹഗാരി പറഞ്ഞു.