Asianet News MalayalamAsianet News Malayalam

സൗന്ദര്യം കൂട്ടാൻ ലക്ഷങ്ങൾ മുടക്കി സ്വകാര്യ ഭാഗത്ത് കോസ്മെറ്റിക് ഇഞ്ചക്ഷൻ; 34കാരി ആശുപത്രിയിൽ മരിച്ചു

നിതംബ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് യുവതി ഈ കോസ്മെറ്റിക് നടപടിക്രമത്തിന് വിധേയയായത്. 

34 year old woman died in Britain after Liquid Brazilian Butt Lift Procedure
Author
First Published Sep 27, 2024, 12:23 PM IST | Last Updated Sep 27, 2024, 1:14 PM IST

ലണ്ടൻ: സൗന്ദര്യ വര്‍ധക പ്രക്രിയയ്ക്ക് വിധേയയായ ബ്രിട്ടീഷ് യുവതിക്ക് മണിക്കൂറുകള്‍ക്കകം ദാരുണാന്ത്യം. 34കാരിയും അഞ്ച് മക്കളുടെ മാതാവുമായ ആലിസ് ഡെല്‍സി പ്രിറ്റീ വെബ് എന്ന യുവതിയാണ് മരിച്ചത്. ബ്യൂട്ടി തെറാപ്പിസ്റ്റായ യുവതി, നിതംബ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി നോണ്‍ സര്‍ജിക്കല്‍ ലിക്വിഡ് ബ്രസീലിയന്‍ ബട്ട് ലിഫ്റ്റ് നടപടിക്രമത്തിന് വിധേയയായിരുന്നു. ഇതിന് പിന്നാലെയാണ് മരണം.

അപകട സാധ്യതയുള്ള ഈ കോസ്മെറ്റിക് പ്രക്രിയ മൂലം ബ്രിട്ടനില്‍ മരണപ്പെടുന്ന ആദ്യ യുവതിയാണ് ആലിസ് എന്നാണ് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍. ഗ്ലൗസസ്റ്റെര്‍ഷെയറിലെ വോട്ടൺ-അണ്ടര്‍-എഡ്ജിലുള്ള ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന സ്ഥാപനത്തില്‍ ഈസ്തെറ്റിക് പ്രാക്ടീഷണറായി ജോലി ചെയ്യുകയായിരുന്നു യുവതി. ഭര്‍ത്താവ് ഡാനി നൈറ്റിനും മക്കളായ ഡെല്‍സി (15), പ്രിറ്റീ (13), ഗ്രേസി (12), നൈലി (10), ക്ലാരി (7) എന്നിവര്‍ക്കുമൊപ്പമാണ് ആലിസ് കഴിഞ്ഞിരുന്നത്.

ആലിസിന്‍റെ മരണത്തില്‍ അന്വേഷണം നടത്തി വരികയാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ  ഗ്ലൗസസ്റ്റര്‍ഷെയര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അറസ്റ്റിലായവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. സെപ്തംബര്‍ 23 തിങ്കളാഴ്ചയാണ് കോസ്മെറ്റിക് പ്രക്രിയയ്ക്ക് ശേഷം യുവതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന ഫോണ്‍ കോള്‍ ലഭിക്കുന്നതെന്നും ഉടനടി ഗ്ലൗസസ്റ്റര്‍ഷെയര്‍ റോയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ യുവതി മരണപ്പെടുകയായിരുന്നെന്ന് ഗ്ലൗസസ്റ്റര്‍ഷെയര്‍ പൊലീസ് വക്താവ് പറഞ്ഞു. 

നിതംബ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി നടത്തുന്ന ഈ കോസ്മെറ്റിക് നടപടിക്രമത്തില്‍, നിതംബത്തില്‍ ഹൈലറൂണിക് ആസിഡും ഡെര്‍മല്‍ ഫില്ലേഴ്സും കുത്തിവെക്കുന്നു. ശരിയായ മെഡിക്കല്‍ പരിശീലനം ലഭിക്കാത്ത, യോഗ്യതയില്ലാത്ത വ്യക്തിയാണ് യുവതിക്ക് ഈ പ്രൊസീജ്യര്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 2,500  പൗണ്ട് (2.8 ലക്ഷം ഇന്ത്യൻ രൂപ) ചെലവ് വരുന്ന ലിക്വിഡ് ബിബിഎല്‍ നടപടിക്രമത്തിന് 60 മിനിറ്റ് സമയമാണ് വേണ്ടി വരിക. എന്നാല്‍ ശരിയായ പരിശീലനമില്ലാത്തവര്‍ ചെയ്താല്‍ വളരെ അപകടകരവുമാണ് ഈ പ്രക്രിയ.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios