കനത്തമഴയിൽ ഹൈവേയിലെ പാലം ഇടിഞ്ഞുവീണു, നദിയിലേക്ക് പതിച്ചത് 17കാറുകളും 8 ട്രക്കുകളും, ചൈനയിൽ കാണാതായത് 31 പേരെ
പെട്ടന്നുണ്ടായ പ്രളയത്തിന് പിന്നാലെയായിരുന്നു അപകടം. ശനിയാഴ്ച 12 മണി വരെയും മേഖലയിൽ നദിയിലേക്ക് പതിച്ച വാഹനങ്ങൾക്കായും അപകടത്തിൽ കാണാതായവരേയും കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്
ബീജിംഗ്: ചൈനയിലെ ഷാങ്സി പ്രവിശ്യയിൽ കനത്ത മഴയിൽ ഹൈവേയിലെ പാലം ഇടിഞ്ഞുവീണു. 17 കാറുകളും 8 ട്രക്കുകളും വെള്ളത്തിൽ പതിച്ചു. 31 പേരെ കാണാനില്ല. മഴക്കെടുതിയിൽ മരണം 12 ആയി. ചൈനയുടെ വടക്കൻ മേഖലയിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പാലത്തിന്റെ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചത്.
പെട്ടന്നുണ്ടായ പ്രളയത്തിന് പിന്നാലെയായിരുന്നു അപകടം. ശനിയാഴ്ച 12 മണി വരെയും മേഖലയിൽ നദിയിലേക്ക് പതിച്ച വാഹനങ്ങൾക്കായും അപകടത്തിൽ കാണാതായവരേയും കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. 900 അംഗങ്ങളുള്ള സംഘമാണ് മേഖലയിൽ തിരച്ചിൽ നടത്താനായി നിയോഗിച്ചിട്ടുള്ളത്. റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച് 90 വാഹനങ്ങളും 20 ബോട്ടുകളും 41 ഡ്രോണുകളും ഉൾപ്പെടുന്നതാണ് രക്ഷാപ്രവർത്തക സംഘം. നിലവിൽ ഒരാളെ മാത്രമാണ് സംഘത്തിന് രക്ഷിക്കാനായതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്.
പ്രളയക്കെടുതി നേരിടാൻ പ്രാദേശിക ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിൻങ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷാങ്സി പ്രവിശ്യയുടെ സമീപ പ്രവിശ്യയായ ഹെനാനിഷ ഒരു ലക്ഷത്തിലേറെ പേരെയാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ ഒഴിപ്പിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം