കാനഡയിൽ 24കാരനായ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു
ചിരാഗിനെ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വാൻകൂവർ പൊലീസ് പ്രസ്താവനയിൽ വിശദമാക്കിയത്
വാൻകൂവർ: കാനഡയിലെ വാൻകൂവറിൽ 24കാരനായ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയായ 24കാരനെയാണ് അജ്ഞാതർ വെടിവച്ച് കൊന്നത്. ഏപ്രിൽ 12നായിരുന്നു സംഭവം. ചിരാഗ് ആന്റിൽ എന്ന യുവ വിദ്യാർത്ഥിയാണ് മരിച്ചത്. ചിരാഗിനെ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വാൻകൂവർ പൊലീസ് പ്രസ്താവനയിൽ വിശദമാക്കിയത്.
സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വിശദമാക്കുന്നത്. ഹരിയാനയിലെ സോണിപതിൽ നിന്ന് എംബിഎ പഠനത്തിനായാണ് ചിരാഗ് വാൻകൂവറിലെത്തിയത്. 2022ലാണ് ചിരാഗ് കാനഡയിലെത്തിയത്. ചിരാഗിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ പ്രധാനമന്ത്രിയുടേയും വിദേശകാര്യ മന്ത്രിയുടേയും സഹായം തേടിയിരിക്കുകയാണ് ബന്ധുക്കൾ.
വെടിവയ്പ് നടന്നുവെന്ന് പറയുന്ന ദിവസവും ബന്ധുക്കളോട് ചിരാഗ് സംസാരിച്ചിരുന്നു. ചിരാഗിന്റെ സുഹൃത്തുക്കളുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും വിവരങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലുമാണ് കുടുംബമുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം