തായ്‌വാനെ വട്ടമിട്ട് 24 ചൈനീസ് വിമാനങ്ങളും 6 നാവിക സേന കപ്പലുകളും; 'ഗ്രേ സോൺ തന്ത്രം' തുടരുന്നു  

കഴിഞ്ഞ ദിവസം തായ്‌വാന് സമീപം 10 ​​ചൈനീസ് വിമാനങ്ങളും 5 നാവിക സേന കപ്പലുകളും കണ്ടെത്തിയിരുന്നു. 

24 Chinese aircraft and 6 Navy ships detected near Taiwan

തായ്പേയ്: തായ്‌വാന് നേരെ വീണ്ടും ചൈനീസ് പ്രകോപനം. തായ്‌വാന് ചുറ്റും ചൈനയുടെ 24 വിമാനങ്ങളും 6 നാവിക സേനാ കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവയിൽ 15 വിമാനങ്ങൾ തായ്‌വാൻ കടലിടുക്കിൻ്റെ മധ്യരേഖ കടന്ന് തായ്വാന്റെ വടക്കൻ, മധ്യ തെക്കുപടിഞ്ഞാറൻ, കിഴക്കൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ ദിവസം തായ്‌വാന് സമീപം 10 ​​ചൈനീസ് വിമാനങ്ങളും 5 നാവിക സേനാ കപ്പലുകളും കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിൽ 8 വിമാനങ്ങൾ മീഡിയൻ ലൈൻ കടന്ന് തായ്‌വാനിലെ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചതായി സ്ഥിരീകരണവും വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാനമായ രീതിയിൽ ചൈനയുടെ പ്രകോപനം ഉണ്ടാകുന്നത്. 2020 സെപ്തംബർ മുതൽ ചൈന തായ്‌വാന് ചുറ്റുമുള്ള സൈനിക സാന്നിധ്യം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. തായ്‌വാനിൽ ആശങ്ക പരത്താനായി ചൈന സൈനികാഭ്യാസങ്ങളും ശക്തിപ്രകടനവും പ്രദ‍ർശിപ്പിക്കുന്നത് പതിവാണ്. 

ചൈനയുടെ ഇത്തരം പ്രകോപനങ്ങളെ "ഗ്രേ സോൺ തന്ത്രങ്ങൾ" എന്നാണ് വിശകലന വിദ​ഗ്ധർ വിശേഷിപ്പിക്കുന്നത്. തായ്‌വാൻ്റെ പ്രതിരോധത്തെ ക്രമേണ ഇല്ലാതാക്കാനും തുറന്ന സംഘർഷത്തിൽ ഏർപ്പെടാതെ സൈനിക പരീക്ഷണങ്ങൾ നടത്താനുമാണ് ചൈന ലക്ഷ്യമിടുന്നത്. വർധിച്ചു വരുന്ന ചൈനീസ് പ്രകോപനങ്ങളുടെ പശ്ചാത്തലത്തിൽ തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ്-ടെ അടുത്തിടെ ഒരു ഉന്നതതല ദേശീയ സുരക്ഷാ യോഗം വിളിച്ചിരുന്നു. രാജ്യത്തിൻ്റെ ജനാധിപത്യവും സുരക്ഷയും സംരക്ഷിക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. ഇതിനിടെ തായ്‌വാൻ കടലിടുക്കിൽ " ജോയിൻ്റ് സ്വാർഡ്-2024 ബി" എന്ന പേരിൽ ചൈന സൈനികാഭ്യാസം നടത്തിയിരുന്നു. തായ്‌വാൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്കുള്ള ശക്തമായ താക്കീതാണ് അഭ്യാസമെന്ന് ചൈന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 

READ MORE: 'നാട്ടുകാരെ കാണാനും വോട്ട് ചെയ്യാനുമാണെത്തിയത്'; അതിവൈകാരികമായി പ്രതികരിച്ച് ഉരുൾപൊട്ടലിൽ പരിക്കേറ്റ മുബീന

Latest Videos
Follow Us:
Download App:
  • android
  • ios