തായ്‌വാന്റെ ചങ്കിടിപ്പേറ്റി ചൈന; വ്യോമപാതയിൽ കടന്ന് 16 സൈനിക വിമാനങ്ങൾ, നങ്കൂരമിട്ട് ആറ് നാവിക കപ്പലുകൾ
ശനിയാഴ്ച ഏഴ് ചൈനീസ് വിമാനങ്ങളും അഞ്ച് നാവിക കപ്പലുകളും തായ്‌വാന്റെ അതിർത്തിയ്ക്ക് സമീപം എത്തിയിരുന്നു.
തായ്പേയ്: തായ്‌വാനെ ആശങ്കയിലാക്കി അതിർത്തിയ്ക്ക് സമീപത്ത് വീണ്ടും സൈനിക പ്രവർത്തനങ്ങളുമായി ചൈന. 23 സൈനിക വിമാനങ്ങളും ആറ് നാവിക കപ്പലുകളും അതിർത്തിയ്ക്ക് സമീപം കണ്ടെത്തിയെന്ന് തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 23 സൈനിക വിമാനങ്ങളിൽ 16 എണ്ണം മീഡിയൻ ലൈൻ കടന്ന് തായ്‌വാന്റെ വ്യോമപാതയിലേയ്ക്ക് പ്രവേശിച്ചെന്നും തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാവിലെ 6 മണിയോടെയാണ് ചൈനീസ് സൈനിക വിമാനങ്ങളും കപ്പലുകളും കണ്ടെത്തിയതെന്നും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ശനിയാഴ്ച ഏഴ് ചൈനീസ് വിമാനങ്ങളും അഞ്ച് നാവിക കപ്പലുകളുമാണ് തായ്‌വാന്റെ അതിർത്തിയ്ക്ക് സമീപം എത്തിയത്. തുടർച്ചയായി തായ്‌വാന് സമീപം സൈനിക പ്രവർത്തനങ്ങൾ നടത്തുന്ന ചൈനയ്ക്ക് എതിരെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ രംഗത്തെത്തിയിരുന്നു.
ചൈനയുടെ ലക്ഷ്യങ്ങളെ കുറിച്ച് നാറ്റോയ്ക്ക് വ്യക്തമായ രൂപമുണ്ടായിരിക്കണമെന്ന് മാർക്ക് റുട്ടെ പറഞ്ഞു. ആണവായുധങ്ങൾ ഉൾപ്പെടെ യാതൊരു സുതാര്യതയുമില്ലാതെ ചൈന അവരുടെ ശക്തി ഗണ്യമായി വർധിപ്പിക്കുകയാണ്. 2030ഓടെ ചൈനയുടെ പക്കൽ 1,000ത്തിലധികം ആണവായുധങ്ങൾ ഉണ്ടാകുമെന്നാണും ബഹിരാകാശ രംഗത്തും ചൈന ഇതേ രീതി തന്നെയാണ് പിന്തുടരുന്നതെന്നും മാർക്ക് റുട്ടെ വ്യക്തമാക്കി.