ജിമ്മിൽ ദാരുണ മരണം; ട്രെഡ്‍മില്ലിൽ നിന്ന് ബാലൻസ് തെറ്റിയ യുവതി പിന്നിലെ ജനലിലൂടെ താഴേക്ക് വീണു

ട്രെഡ്‍മില്ലിൽ ഓടുന്നതിനിടെ മുഖം തുടയ്ക്കാൻ ടവ്വൽ എടുക്കുമ്പോഴാണ് പെട്ടെന്ന് ബാലൻസ് തെറ്റി പിന്നിലേക്ക് വീണത്. തൊട്ടുപിന്നിലുണ്ടായിരുന്ന ജനലിലൂടെ യുവതി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

22 year old woman fell down from third floor while working out in the gym and lost balance on a treadmill

കെട്ടിത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ജിമ്മിൽ നിന്ന് ബാലൻസ് തെറ്റി താഴേക്ക് പതിച്ച യുവതിക്ക് ദാരുണാന്ത്യം. ട്രെഡ്‍മില്ലിൽ നിന്നാണ് യുവതി പിന്നിലേക്ക് വീണത്. പിന്നിലുണ്ടായിരുന്ന ജനൽ തുറന്നു കിടക്കുകയായിരുന്നതിനാൽ അതിലൂടെ കെട്ടിടത്തിന്റെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഇന്തോനേഷ്യയിൽ ഏതാനും ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 22 വയസുകാരിയായ യുവതിയാണ് മരിച്ചത്. ട്രെഡ്‍മില്ലിൽ ഓടുന്നതിനിടെ മുഖം തുടയ്ക്കാൻ ടവ്വൽ എടുക്കുമ്പോഴാണ് പെട്ടെന്ന് ബാലൻസ് തെറ്റി പിന്നിലേക്ക് വീണത്. തൊട്ടുപിന്നിലുണ്ടായിരുന്ന ജനലിലൂടെ യുവതി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ജനലിന്റെ ഫ്രെയിമിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂന്ന് നിലയുടെ ഉയരത്തിൽ നിന്ന് താഴേക്ക് വീണതിനാൽ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വീഴ്ചയിലുണ്ടായ ആഘാതമാണ് മരണ കാരണമായതെന്ന് പോസ്റ്റ്മോ‍ർട്ടം റിപ്പോർട്ട് പറയുന്നു.

ഒരു യുവാവിനൊപ്പമാണ് യുവതി ജിമ്മിലെത്തിയത്. തുടർന്ന് അര മണിക്കൂറോളം വ്യായാമം ചെയ്തു. ഒപ്പമെത്തിയ യുവാവ് ഈ സമയം രണ്ടാം നിലയിലെ ജിമ്മിലായിരുന്നു. ട്രെഡ്‍മില്ലും പിന്നിലെ ജനലും തമ്മിൽ 60 സെന്റീമീറ്റർ മാത്രം അകലമാണ് ഉണ്ടായിരുന്നതെന്നും അപകടകരമായ രീതിയിലാണ് ട്രെഡ്‍മിൽ ജിമ്മിനുള്ളിൽ സജ്ജീകരിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജനലുകൾ തുറക്കരുതെന്ന് സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടായിരുന്നെങ്കിലും അവയിൽ പലതും ഇളകിപ്പോയിരുന്നു. ജനലുകൾ അടയ്ക്കണമെന്ന് ട്രെയിനർമാരോട് നിർദേശിച്ചിരുന്നതായാണ് ജിം ഉടമയുടെ വാദം. യുവതിക്ക് അപകടമുണ്ടായ സമയം ട്രെയിന‌ർ വിശ്രമിക്കുകയായിരുന്നത്രെ. 

അപകടത്തെ തുടർന്ന് ജിം മൂന്ന് ദിവസത്തേക്ക് അടച്ചു. ജിം നടത്തിപ്പുകാരുടെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു. ഇവർക്ക് നൽകിയ പെർമിറ്റ് പുനഃപരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. അപകടത്തിന് സാക്ഷികളായവരെയും പൊലീസ് ചോദ്യം ചെയ്തു. വിദഗ്ധ അഭിപ്രായങ്ങളും തേടുന്നുണ്ട്. അതേസമയം ജിമ്മുകളിലെ സുരക്ഷയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios