കനത്ത മഴയും മഞ്ഞും; ചൈനീസ് മാരത്തണില്‍ പങ്കെടുത്ത 21 മത്സരാര്‍ത്ഥികള്‍ മരിച്ചു

ഏകദേശം 3000 മീറ്റര്‍ ഉയരത്തില്‍ പര്‍വത പാതയിലൂടെയാണ് മാരത്തണ്‍ നടക്കാറുള്ളത്. പരിചയ സമ്പന്നരായ 172 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. എന്നാല്‍ അപ്രതീക്ഷിത കാലാവസ്ഥമാറ്റം മത്സരാര്‍ത്ഥികളെ വലച്ചു.
 

21 Runners Dead As Extreme Weather Hits China Marathon

ബീജിങ്: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പ്രശസ്തമായ ചൈനീസ് മാരത്തണില്‍ പങ്കെടുത്ത 21 മത്സരാര്‍ത്ഥികള്‍ മരിച്ചു. കാറ്റും മഴയും കടുത്ത തണുപ്പുമാണ് മത്സരാര്‍ത്ഥികളുടെ ജീവനെടുത്തതെന്ന് ചൈനീസ് മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഗാന്‍സു പ്രവിശ്യയിലെ ബെയിന്‍ സിറ്റിയിലെ റിവര്‍ സ്റ്റോണിലാണ് മത്സരം നടന്നത്. ഏകദേശം 3000 മീറ്റര്‍ ഉയരത്തില്‍ പര്‍വത പാതയിലൂടെയാണ് മാരത്തണ്‍ നടക്കാറുള്ളത്. പരിചയ സമ്പന്നരായ 172 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. 100 കിലോമീറ്ററാണ് മാരത്തണ്‍ ഓട്ടം.

എന്നാല്‍ അപ്രതീക്ഷിത കാലാവസ്ഥമാറ്റം മത്സരാര്‍ത്ഥികളെ വലച്ചു. 151 പേരെ സുരക്ഷാ സേന രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. ചൈനയിലെ പ്രശസ്ത മാരത്തണ്‍ ഓട്ടക്കാരന്‍ ലിയാങ് ജിങ്ങും മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരാര്‍ത്ഥികള്‍ തണുപ്പിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തിയിരുന്നില്ല. അപ്രതീക്ഷിതമായാണ് മേഖലയില്‍ തണുപ്പും മഴയുമുണ്ടായതെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞു. കാലാവസ്ഥ മോശമായതോടെ ദുരന്തനിവാരണ സേനയെ അറിയിക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios