മഴക്കാലത്ത് തുറക്കുന്ന മലിന ജല പൈപ്പുകളിലൂടെ 'അമേരിക്കൻ സ്വപ്നം' സാധ്യമാക്കുന്ന 20 കാരൻ, പിടിയിലായത് ഇങ്ങനെ
കനത്ത മഴയുള്ള സമയങ്ങളിൽ തുറക്കുന്ന പൈപ്പിലൂടെ ഏഴോളം പേരെയാണ് ഇരുപതുകാരൻ ഇത്തരത്തിൽ അമേരിക്കയിലേക്ക് കടത്തിയത്
മെക്സിക്കോ: അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റക്കാരെ എത്തിക്കാനായി കാലിഫോർണിയയിൽ നിന്നുള്ള മലിന ജല പൈപ്പ് ഉപയോഗിച്ച് 20 കാരൻ. കെവിൻ നോ കാംപോല് വില്ല എന്ന 20കാരനാണ് അനധികൃത കുടിയേറ്റക്കാർക്കായി വേറിട്ട വിദ്യ പ്രയോഗിച്ച് കുടുങ്ങിയത്. കനത്ത മഴയുള്ള സമയങ്ങളിൽ തുറക്കുന്ന പൈപ്പിലൂടെ ഏഴോളം പേരെയാണ് ഇരുപതുകാരൻ ഇത്തരത്തിൽ അമേരിക്കയിലേക്ക് കടത്തിയത്. സാധാരണ ഗതിയിൽ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന മലിന ജല പൈപ്പിലൂടെ ആളുകൾക്ക് കയറുക സാധ്യമല്ല.
മഴക്കാലത്ത് വെള്ളം ഒഴുകാൻ ആരംഭിക്കുന്നതോടെയാണ് ഈ പൈപ്പിലൂടെയുള്ള ആളെ കടത്ത് നടത്തുന്നത്. മെക്സിക്കോയിലും അമേരിക്കയിലും വിവിധ ഇടങ്ങളിൽ ഈ പൈപ്പുകൾ തുറന്ന് കയറാൻ സാധിക്കും. മറ്റ് സമയങ്ങളിൽ അടച്ച നിലയിലുള്ള ഇവ മഴക്കാലത്ത് വെള്ളം കെട്ടി ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ തുറക്കുന്ന സമയം കണക്കാക്കിയായിരുന്നു ആളെ കടത്തുന്നത്. ഇത്തരത്തിൽ ആളുകളെ കടത്തുന്നതിനിടെയാണ് 20കാരൻ പിടിയിലായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നിൽ ചെന്ന് ചാടിയതോടെ സമീപത്തെ നദിയിലേക്ക് ചാടി രക്ഷപ്പെടാനൊരുങ്ങി 20കാരനേയും മൂന്ന് കുടിയേറ്റക്കാരെയും പൊലീസ് നദിയിൽ നിന്ന് രക്ഷിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർക്ക് നീന്തലറിയാതെ വന്നതാണ് മനുഷ്യക്കടത്തിന് പ്രശ്നമായതെന്നാണ് 20കാരൻ പറയുന്നത്. ഇത്തരത്തിൽ ഒരാളെ അമേരിക്കയിലെത്തിക്കുന്നതിന് ആറായിരം ഡോളറായിരുന്നു 20കാരൻ ചുമത്തിയിരുന്നത്. പത്ത് വർഷം തടവും 250000 ഡോളർ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് 20കാരനെതിരെ ചുമത്തിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം