കൊമ്പോടു കൂടിയ 'നാഗ തലയോട്ടി' ലേലത്തിൽ നിന്ന് കമ്പനി പിന്മാറി; തീരുമാനം കടുത്ത പ്രതിഷേധമുയർന്നതോടെ

ഫോറം ഫോർ നാഗ റികൺസിലിയേഷൻ (എഫ്എൻആർ) എന്ന സംഘടന സ്വാൻ എന്ന ലേല സ്ഥാപനത്തിന് കത്തെഴുതിയതിനെ തുടർന്നാണ് തലയോട്ടി ലേലം പിൻവലിച്ചത്

19th Century Naga Human Skull with Horn Removed from Sale by UK Auction Company after Out Rage

ലണ്ടൻ: നാഗ ഗോത്ര വിഭാഗത്തിൽപ്പെട്ട മനുഷ്യന്‍റെ തലയോട്ടി ലേലം ചെയ്യുന്നതിൽ നിന്ന് ലേല കമ്പനി പിന്മാറി. ലേലത്തിനെതിരെ നാഗാലാൻഡിൽ നിന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പിന്മാറ്റം. ഫോറം ഫോർ നാഗ റികൺസിലിയേഷൻ (എഫ്എൻആർ) എന്ന സംഘടന ഓക്സ്ഫോർഡ്ഷയറിലെ സ്വാൻ എന്ന ലേല സ്ഥാപനത്തിന് കത്തെഴുതിയതിനെ തുടർന്നാണ് നീക്കം. നാഗാലാൻഡ് മുഖ്യമന്ത്രി നെയ്‍ഫിയു റിയോയും സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി ജയശങ്കറിന് കത്തയച്ചിരുന്നു.

ലോകമെമ്പാടുമുള്ള  വ്യത്യസ്തമായ തലയോട്ടികൾ, മൃഗങ്ങളുടെ കൊമ്പുകൾ, കരകൗശല വസ്തുക്കൾ എന്നിവയാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നത്. നരവംശശാസ്ത്രത്തിലും ഗോത്ര സംസ്കാരങ്ങളിലും താൽപ്പര്യമുള്ളവരെ ആകർഷിക്കുന്ന തരത്തിലായിരുന്നു ലേലം. മൃഗത്തിന്‍റെ കൊമ്പ് പിടിപ്പിച്ച പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നുള്ള മനുഷ്യന്‍റെ തലയോട്ടിയും ലേലത്തിന് വെച്ചു. തലയോട്ടി ഏകദേശം 4.3 ലക്ഷം (4000 പൌണ്ട്) രൂപയ്ക്ക് വിറ്റുപോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 

പത്തൊൻപതാം നൂറ്റാണ്ടിൽ നാഗാലാൻഡിൽ അധിനിവേശം നടത്തിയ ബ്രിട്ടീഷ് ഭരണാധികാരികളും പട്ടാളക്കാരും നാഗ ഗോത്ര വിഭാഗത്തിന്‍റെ അവശേഷിപ്പുകൾ ഇവിടെ നിന്നും കടത്തിയിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ നാഗ വിഭാഗത്തിന്  മേൽ അഴിച്ചുവിട്ട അക്രമത്തിന്‍റെ പ്രതീകമാണതെന്ന് എഫ്എൻആർ കണ്‍വീനർ വാതി ഐർ പറഞ്ഞു. ഗോത്രത്തെയും സംസ്‌കാരത്തെയും മാനിച്ച് തലയോട്ടി ലേലത്തിൽ നിന്ന് പിന്മാറിയ സ്ഥാപനത്തോട് നന്ദിയുണ്ടെന്ന് സംഘടന ഭാരവാഹികൾ പ്രതികരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios