ബസിൽ വെച്ച് ഫോൺ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 18കാരന് ദാരുണാന്ത്യം; മലേഷ്യയിൽ അന്വേഷണം പ്രഖ്യാപിച്ചു

ബസിൽ കയറി പത്ത് മിനിറ്റുകൾക്കകം യുവാവിന് ഷോക്കേറ്റു എന്നാണ് മറ്റ് യാത്രക്കാർ പറഞ്ഞത്. നിലവിളി കേട്ടാണ് മറ്റുള്ളവർ നോക്കിയത്.

18 year old man died of electric shock when tried to charge his phone from the socket inside an express bus

ക്വലാലമ്പൂർ: ബസിൽ വെച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 18 വയസുകാരൻ മരിച്ച സംഭവത്തിൽ മലേഷ്യൻ പൊലീസും സർക്കാറും അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം മുമ്പ് ബട്ടർവർത്തിലെ പെനാംഗ് സെൻട്രൽ ബസ് ടെർമിനലിലാണ് ദാരുണമായ അപകടമുണ്ടായത്. ക്വലാലമ്പൂരിലേക്ക് പോകാനായി ഒരു എക്സ്പ്രസ് ബസിൽ കയറിയ യുവാവാണ് ഗുരുതരമായ പരിക്കുകളെ തുടർന്ന് ബസിനുള്ളിൽ വെച്ചു തന്നെ മരിച്ചത്.

ബസിൽ കയറിയ യുവാവ് തന്റെ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി ബസിലെ ചാർജിങ് സോക്കറ്റിൽ കണക്ട് ചെയ്തുവെന്നും ഏതാണ്ട് പത്ത് മിനിറ്റുകൾക്ക് ശേഷം വലിയ നിലവിളി കേട്ട് മറ്റ് യാത്രക്കാർ നോക്കിയപ്പോൾ യുവാവിന്റെ വായിൽ നിന്ന് നുരയും പതയും വരുന്ന നിലയിലാണ് കണ്ടതെന്നും മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിഭ്രാന്തരായ മറ്റ് യാത്രക്കാർ ഉടനെ ആംബുലൻസ് സഹായം തേടി. പ്രദേശിക സമയം വൈകുന്നേരം 6.20ഓടെ ആബുലൻസ് സംഘം എത്തി. പാരാമെഡിക്കൽ ജീവനക്കാർ‍ പരിശോധന നടത്തിയപ്പോഴേക്കും യുവാവ് മരണപ്പെട്ടിരുന്നതായി സ്ഥിരീകരിച്ചു.

വൈദ്യുതാഘാതമേറ്റതാണ് മരണ കാരണമെന്ന് പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. യുവാവിനെ ഗുരുതരമായ തരത്തിൽ വൈദ്യുതാഘാതമേറ്റതായി തന്നെയാണ് മനസിലായതെന്ന് ബസ് ഡ്രൈവറും പറഞ്ഞു. ഇടതു കൈയിലെ വിരലുകളിൽ പൊള്ളലേറ്റിരുന്നു ചാർജിങ് കേബിളും ഉരുകിയ നിലയിലായിരുന്നു. ഫോൺ അമിതമായി ചൂടാവുകയും ചെയ്തു. വൈദ്യുത സംവിധാനത്തിലെ ഗുരുതരമായ പിഴവിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. 

സംഭവത്തിൽ പ്രത്യേക ടാസ്‍ക് ഫോഴ്സ് രൂപീകരിച്ച് അന്വേഷണം നടത്തുമെന്നും ഇത്തരം കാര്യങ്ങൾ ആവർ‍ത്തിക്കില്ലെന്ന് ഉറപ്പാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ അബ്‍ദുൽ റഹ്‍മാൻ പറഞ്ഞു. ഗതാഗത വകുപ്പിലെ പ്രത്യേക ഉദ്യോഗസ്ഥ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് മലേഷ്യൻ ഗതാഗത മന്ത്രി അന്തോനി ലോക് പറഞ്ഞു. ഏറെ ഗൗരവമായാണ് ഈ വിഷയത്തെ തന്റെ വകുപ്പ് കാണുന്നതെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios