റഷ്യയില്‍ തീവ്രവാദി ആക്രമണം; 15 പൊലീസുകാരും ഒരു പുരോഹിതനും കൊല്ലപ്പെട്ടു
അക്രമണകാരികളില്‍ സെൻട്രൽ ഡാഗെസ്താനിലെ സെർഗോകല ജില്ലാ ഗവര്‍ണറുടെ രണ്ട് ആൺമക്കള്‍ ഉണ്ടെന്നും ഇവരെ പൊലീസ് തടഞ്ഞ് വച്ചിരിക്കുകയാണെന്നും റഷ്യയുടെ സ്റ്റേറ്റ് മീഡിയ, പൊലീസിനെ ഉദ്ധരിച്ച് കൊണ്ട് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള കോക്കസസ് മേഖലയിലെ നഗരമായ ഡാഗെസ്താനിലെ ജൂത സിനഗോഗിന് നേരെയും തലസ്ഥാനമായ മഖച്കലയിലെ ( Makhachkala) പോലീസിനെ ലക്ഷ്യമിട്ടും ഒരേസമയം നടത്തിയ ഭീകരാക്രമണത്തില്‍ മരണ സംഖ്യ ഉയര്‍ന്നു. 15 പൊലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹിതനും കൊല്ലപ്പെട്ടു. അതേസമയം സിനഗോഗിലും ഓര്‍ത്തഡോക്സ് പള്ളിയിലുമായി നിരവധി വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'ഇത് ഡാഗെസ്താനിനും മുഴുവൻ രാജ്യത്തിനും ഒരു ദുരന്ത ദിനമാണ്' എന്നാണ് ഡാഗെസ്താൻ മേഖലയുടെ ഗവർണർ സെർജി മെലിക്കോവ് സംഭവത്തെ കുറിച്ച് പറഞ്ഞത്.
തീവ്രവാദികള്‍ ജൂതസമൂഹം താമസിക്കുന്ന പ്രദേശത്തെ സിനഗോഗും സമീപത്തെ രണ്ട് ഓർത്തഡോക്സ് പള്ളികളിലേക്കും അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം തന്നെ നഗരത്തിലെ പോലീസിന് നേരെയും ആക്രമണം നടന്നെന്ന് റഷ്യയുടെ സ്റ്റേറ്റ് മീഡിയ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെർബന്‍റിലെ ഓർത്തഡോക്സ് പള്ളിയിലെ പുരോഹിതന്‍ ഫാദർ നിക്കോളായ് ഉൾപ്പെടെ നിരവധി സിവിലിയന്മാരും 15 ലേറെ പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വെടിവെയ്പ്പിന്‍റെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. യുനെസ്‌കോ പൈതൃക സൈറ്റായി ഉള്‍പ്പെടുത്തിയിരുന്ന സിനഗോഗിന് ഏതാണ്ട് മുഴുവനായും അഗ്നിക്കിരയാക്കപ്പെടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇതേസമയം പ്രദേശത്തിന്‍റെ തലസ്ഥാനമായ മഖച്കലയിൽ ഒരു സംഘം തീവ്രവാദികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു. അപ്രതീക്ഷിതമായ വെടിവെയ്പ്പിലാണ് പൊലീസുകാരുടെ മരണ സംഖ്യ ഉയര്‍ന്നത്. വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമണങ്ങളില്‍ എത്ര സിവിലിയന്മാര്‍ കൊല്ലപ്പെട്ടെന്നതിന് വിവരം ലഭ്യമല്ല. അതേസമയം സിനഗോഗിലും പള്ളിയിലും നിരവധി മൃതദേഹങ്ങളുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് ഗവർണർ സെർജി മെലിക്കോവ് മാധ്യമങ്ങളെ അറിയിച്ചു.
കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സൗഹൃദം തേടി, സഹായം തേടി പുടിന്‍റെ യാത്രകള്‍
ജി 7 ഉച്ചകോടി; യുക്രൈന് ആശ്വാസം, പക്ഷേ, യൂറോപ്യന്‍ യൂണിയനിലെ തീവ്രവലത് മുന്നേറ്റത്തില്‍ ആശങ്ക
അക്രമണകാരികളില്‍ സെൻട്രൽ ഡാഗെസ്താനിലെ സെർഗോകല ജില്ലാ ഗവര്‍ണറുടെ രണ്ട് ആൺമക്കള്‍ ഉണ്ടെന്നും ഇവരെ പൊലീസ് തടഞ്ഞ് വച്ചിരിക്കുകയാണെന്നും റഷ്യയുടെ സ്റ്റേറ്റ് മീഡിയ, പൊലീസിനെ ഉദ്ധരിച്ച് കൊണ്ട് റിപ്പോര്‍ട്ട് ചെയ്തു. പൊലീസിന്‍റെ തിരിച്ചടിയില്‍ ആക്രമണകാരികളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ തീവ്രവാദ വിരുദ്ധ സമിതി വെടിവെപ്പിനെ 'ഭീകരാക്രമണ'മായി വിശേഷിപ്പിച്ച് അന്വേഷണം ആരംഭിച്ചു.
2000 -ല്‍ അയല്‍രാജ്യമായ ചെച്നിയയില്‍ നിന്ന് പ്രദേശത്തേക്ക് ഇസ്‌ലാമിക കലാപം വ്യാപിച്ചിരുന്നു. പിന്നാലെ ഈ പ്രദേശത്ത് ഇസ്ലാമിക തീവ്രവാദം ശക്തമായി. 2017 ല്‍ പോലീസ് പ്രദേശത്തെ കലാപം ശക്തമായി അടിച്ചമര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് സമീപ വര്‍ഷങ്ങളില്‍ തീവ്രവാദി ആക്രമണം തീരെ കുറഞ്ഞിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ മോസ്കോ കൺസേർട്ട് ഹാളില്‍ നടന്ന കൂട്ടവെടുവയ്പ്പിന്‍റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസാൻ ഏറ്റെടുത്തിരുന്നു. അന്ന് 139 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജനക്കൂട്ടം മഖച്കലയിലെ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി, ഇസ്രായേലിൽ നിന്ന് വരുന്ന ജൂത യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പ്രദേശത്ത് ശക്തമായ ജൂതവിരുദ്ധ വികാരമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.