120 വര്‍ഷം കഴിഞ്ഞിട്ടും കേടായില്ല; വിസ്മയിപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍
കാഡ്ബറിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും പഴയ ചോക്ലേറ്റ് ബോക്സുകളാവാം ഇവയെന്നാണ് വിലയിരുത്തല്‍. ബോവര്‍ യുദ്ധത്തിന്‍റെ സ്മരണയ്ക്ക് വിക്ടോറിയ രാജ്ഞി നല്‍കിയ ചോക്ലേറ്റുകളുടെ വിഭാഗത്തിലുള്ളവയാണ് ഇവ
പ്രമുഖ കവി ബാന്‍ജോ പാറ്റേര്‍സണ്‍റെ സ്വകാര്യ ശേഖരം അടുത്തിടെ പരിശോധിച്ചപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയത് 120 വര്‍ഷം പഴക്കമുള്ള അമൂല്യ നിധി. വിക്ടോറിയ രാജ്ഞിയുടെ കാലവുമായി ബന്ധമുള്ളതാണ് ഈ നിധി. കൃത്യമായ രീതിയില്‍ പൊതിഞ്ഞ് സൂക്ഷിച്ചിട്ടുള്ള ഒരു പെട്ടി ചോക്ലേറ്റാണ് ഇത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. ചോക്ലേറ്റ് കണ്ടെത്തിയ ശേഷം ഇത്ര കൃത്യമായ രീതിയില്‍ സൂക്ഷിച്ച ഒരു പെട്ടി ചോക്ലേറ്റാണ് ഇതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.
കാഡ്ബറി എന്ന എഴുത്തോട് കൂടിയവയാണ് ഇവ. ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ ഏറെ ഇടം നേടിയ കവിയാണ് ബാന്‍ജോ. സൈനികര്‍ക്ക് ആത്മധൈര്യം പകരാനായി വിക്ടോറിയ രാജ്ഞി പ്രത്യേകമായി നല്‍കിയ ചോക്ലേറ്റുകളുടെ വിഭാഗത്തിലുള്ളവയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവ കവി ഉപയോഗിച്ചതായി തോന്നുന്നില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 120 വര്‍ഷങ്ങള്‍ക്ക് ശേഷവും ഉവ ഭക്ഷ്യ യോഗ്യമാണെന്നാണ് വിലയിരുത്തല്‍. കാഡ്ബറിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും പഴയ ചോക്ലേറ്റ് ബോക്സുകളാവാം ഇവയെന്നാണ് വിലയിരുത്തല്‍. നാഷണല്‍ ലൈബ്രറി ഓഫ് ഓസ്ട്രേലിയയിലെ വിദഗ്ധരാണ് ഇത് കണ്ടെത്തിയത്.
ബോവര്‍ യുദ്ധത്തിന്‍റെ സ്മരണയ്ക്ക് വിക്ടോറിയ രാജ്ഞി നല്‍കിയ ചോക്ലേറ്റുകളുടെ വിഭാഗത്തിലുള്ളവയാണ് ഇവ. ബാന്‍ജോയുടെ ഡയറിയും, പേപ്പര്‍ ശേഖരത്തിനുമിടയ്ക്ക് നിന്നാണ് ഇവ കണ്ടെത്തിയത്. ആകര്‍ഷണീയമായ ഗന്ധത്തോടെയുള്ളവയാണ് ഇവയെന്നാണ് വിലയിരുത്തുന്നത്. വൈക്കോലിലും, സില്‍വര്‍ ഫോയിലും ഉപയോഗിച്ചാണ് ഇവ പൊതിഞ്ഞിരുന്നത്. വിക്ടോറിയ രാജ്ഞിയില്‍ നിന്നുള്ള പുതുവത്സരാശംസകളോടെയാണ് ഈ ചോക്ലേറ്റ് ടിന്‍ നിര്‍മ്മിച്ചിട്ടുള്ളത്. എഴുപതിനായിരം മുതല്‍ എണ്‍പതിനായിരം സ്പെഷ്യല്‍ എഡിഷന്‍ ചോക്ലേറ്റുകളാണ് ഇത്തരത്തില്‍ കാഡ്ബറി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് തയ്യാറാക്കിയത്. 1899ലാണ് ബാന്‍ജോ സൈനികരില്‍ നിന്ന് ഈ ചോക്ലേറ്റ് ബോക്സ് വാങ്ങിയതാവാം എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ചിത്രങ്ങള്‍ക്ക് കടപ്പാട് ബിബിസി