135 വര്‍ഷം പാരമ്പര്യമുള്ള പാര്‍ട്ടിയുടെ 98-ാമത്തെ പ്രസിഡന്‍റ്, ആരാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ?

2019 ല്‍ 17 -ാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആദ്യമായും അവസാനമായും പരാജയപ്പെട്ടത്.

Who is Mallikarjuna Kharge the 98th President of the 135 year old party


ന്ത്യയിലെ ഏറ്റവും പ്രായം ചെന്ന രാഷ്ട്രീയ പ്രസ്ഥനത്തിന് ഒടുവില്‍ കുടുംബാധിപത്യത്തില്‍ നിന്ന് മോചനം. 24 വര്‍ഷങ്ങള്‍ക്ക് ശേഷം നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യപരമായി രാഷ്ട്രീയ തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴും ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ അകറ്റി നിര്‍ത്തുകയാണ് പതിവ്. ഈ പതിവ് തെറ്റിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തരൂരിനെ 84 ശതമാനം വോട്ടിന് പരാജയപ്പെടുത്തി മല്ലികാര്‍ജ്ജുന ഖാര്‍ഗെ കോണ്‍ഗ്രസിന്‍റെ 98 -മത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 

ആരാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ? 

കർണാടകയിലെ ബിദാർ ജില്ലയിലെ ഭാൽക്കി താലൂക്കിലെ വരവാട്ടിയിൽ മാപ്പണ്ണ ഖാർഗെയുടെയും സബവ്വയുടെയും മകനായി 1942 ജൂലൈ 21 നാണ് മാപ്പണ്ണ മല്ലികാർജുൻ ഖാർഗെയുടെ ജനനം. ഗുൽബർഗയിലെ നൂതൻ വിദ്യാലയത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഗുൽബർഗയിലെ ഗവൺമെന്‍റ് കോളേജിൽ നിന്ന് ആർട്സ് ബിരുദവും ഗുൽബർഗയിലെ സേത് ശങ്കർലാൽ ലഹോട്ടി ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ജൂനിയര്‍ വക്കീലായി ഔദ്ധ്യോഗിക ജീവിതം തുടങ്ങിയപ്പോള്‍ തന്നെ തൊഴിലാളി യൂണിയനുകള്‍ക്ക് വേണ്ടി അദ്ദേഹം പോരാടി. 

പഠനകാലത്ത് തന്നെ രാഷ്ട്രീയത്തില്‍ തത്പരനായിരുന്നു. ഗുൽബർഗയിലെ ഗവൺമെന്‍റ് കോളേജിൽ വിദ്യാർത്ഥി സംഘടനയുടെ ജനറൽ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം തുടങ്ങി. 1969-ൽ എംഎസ്‌കെ മിൽസ് എംപ്ലോയീസ് യൂണിയന്‍റെ നിയമോപദേശകന്‍. സംയുക്ത മജ്ദൂർ സംഘത്തിന്‍റെ തൊഴിലാളി യൂണിയൻ നേതാവുമായിരുന്നു അദ്ദേഹം, ഇതുവഴി തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടുന്ന നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1969-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം ഗുൽബർഗ സിറ്റി കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായി. 

കൂടുതല്‍ വായനയ്ക്ക്:  മിന്നും ജയം നേടി ഖർഗേ, മാറ്റ് തെളിയിച്ച് ശശി തരൂർ; കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖർഗേ നയിക്കും

12 തെരഞ്ഞടുപ്പുകള്‍ ഒരിക്കല്‍ മാത്രം തോല്‍വി!

1972 ല്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് തുടര്‍ച്ചയായ 10 തവണ നിയമസഭാ തെരെഞ്ഞെടുപ്പില്‍ (1972, 1978, 1983, 1985, 1989, 1994, 1999, 2004, 2008, 2009) വിജയിക്കാന്‍ ഖാര്‍ഗെയ്ക്ക് കഴിഞ്ഞത് ഇന്നും റെക്കോര്‍ഡാണ്. 2009-2019 കാലയളവിൽ കർണാടകയിലെ ഗുൽബർഗയിൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു ഖാർഗെ. 2014-2019 കാലത്ത് മല്ലികാർജുൻ ഖാർഗെ ലോക്‌സഭയിലെ കോൺഗ്രസ് നേതാവായിരുന്നു. 2021 ഫെബ്രുവരി 16 മുതൽ 2022 ഒക്ടോബർ 01 വരെ രാജ്യസഭാഗം. ഇടക്കാലത്ത് അദ്ദേഹം റെയിൽവേ മന്ത്രിയും തൊഴിൽ, തൊഴിൽ മന്ത്രിയുമായിരുന്നു. 2019 ല്‍ 17 -ാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആദ്യമായും അവസാനമായും പരാജയപ്പെട്ടത്.

എംഎല്‍എ ആയിരുന്ന ദീര്‍ഘ കാലത്തിനിടെയില്‍ ഒക്‌ട്രോയ് അബോലിഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്ന അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കര്‍ണാടകയിലെ ദേവരാജ് ഉർസ് സർക്കാർ ഒന്നിലധികം പോയിന്‍റുകളിൽ ഒക്ട്രോയ് ലെവി നിർത്തലാക്കിയത്. 1974-ൽ, സർക്കാർ ഉടമസ്ഥതയിലുള്ള ലെതർ ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ ചെയർമാനായി. തുടര്‍ന്ന്  ചെരുപ്പ് തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രവർത്തിച്ചു. ഇക്കാലത്ത് തുകല്‍തൊഴിലാളികളുടെ ഉന്നമനത്തിനായി സംസ്ഥാനത്തുടനീളം വർക്ക് ഷെഡുകൾ കം റെസിഡൻസ് നിർമ്മിച്ചു. 1976-ൽ  പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്‍റെ സഹമന്ത്രിയായിരിക്കുമ്പോഴാണ് 16,000-ലധികം എസ്‌സി/എസ്ടി അധ്യാപകരുടെ ബാക്ക്‌ലോഗ് ഒഴിവുകൾ നികത്താനായി അവരെ നേരിട്ട് സർവീസിലേക്ക് റിക്രൂട്ട് ചെയ്തത്. എസ്‌സി/എസ്ടി മാനേജ്‌മെന്‍റുകൾ നടത്തുന്ന സ്‌കൂളുകൾക്ക് ഗ്രാന്‍റ്-ഇൻ-എയ്ഡ് കോഡിന് കീഴിലുള്ള ഗ്രാന്‍റുകൾ സംസ്ഥാനത്ത് ആദ്യമായി വിതരണം ചെയ്തതും ഖാര്‍ഗെ ആയിരുന്നു. 

കൂടുതല്‍ വായനയ്ക്ക്:  'പ്രതിസന്ധികളിൽ തീർപ്പിലേക്കുളള പാലം,വാക്കുകളിലെ കരുതൽ,വിവാദരഹിത പ്രതിച്ഛായ' ഖർഗെയുടെ ചിറകിൽ കരകയറുമോ കോൺഗ്രസ്

പിന്നീട് ഗ്രാമവികസന, പഞ്ചായത്ത് രാജ് സഹമന്ത്രി, റവന്യൂ മന്ത്രി, സഹകരണം, ഇടത്തരം, വൻകിട വ്യവസായ വകുപ്പ്, ആഭ്യന്തരമന്ത്രി, ഗതാഗത, ജലവിഭവ മന്ത്രി, പ്രതിപക്ഷ ഉപനേതാവ് എന്നീ സ്ഥാനങ്ങളും അദ്ദേഹം അലങ്കരിച്ചു. റവന്യൂ മന്ത്രിയായിരുന്നപ്പോള്‍ ദശലക്ഷക്കണക്കിന് ഭൂമിയില്ലാത്ത കൃഷിക്കാർക്കും തൊഴിലാളികൾക്കും കൈവശാവകാശം നൽകി. കൃഷിക്കാർക്കുള്ള ഭൂമിയുടെ അവകാശം വേഗത്തിലാക്കാൻ 400 ലധികം ലാൻഡ് ട്രിബ്യൂണലുകൾ രൂപീകരിച്ചു. 1990-ൽ അദ്ദേഹം വീണ്ടും റവന്യൂമന്ത്രിയായപ്പോള്‍ നിലച്ച് പോയ തന്‍റെ  ഭൂപരിഷ്‌കരണ നടപടികൾ അദ്ദേഹം പുനരുജ്ജീവിപ്പിച്ചത് ലക്ഷക്കണക്കിന് സാധാരണക്കാരെ ഭൂമിയുടെ ഉടമസ്ഥരാക്കാന്‍ സഹായിച്ചു. 1999 ല്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് വീരപ്പന്‍ നടന്‍രാജ് കുമാറിനെ തട്ടിക്കൊണ്ട് പോകുന്നതും സ്വതന്ത്രനാക്കുന്നതും. 

2005 - ൽ ഖാര്‍കെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി, ജെഡി(എസ്) എന്നിവയെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ സീറ്റുകൾ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. 2008 -ൽ അദ്ദേഹം പ്രതിപക്ഷ നേതാവുമായി.  2021 ല്‍ ഖാർഗെയെ രാജ്യസഭയുടെ പ്രതിപക്ഷ നേതാവായി അദ്ദേഹം നിയമിതനായി. കോണ്‍ഗ്രസ് പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാനായി അദ്ദേഹം ആ പദവി രാജിവച്ചു. ഒടുവില്‍ ശശി തരൂരിനെ പരാജയപ്പെടുത്തി മാപ്പണ്ണ മല്ലികാർജുൻ ഖാർഗെ 135 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രമുള്ള കോണ്‍ഗ്രസ് 98 -ാമത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 

ബുദ്ധമതത്തിലേക്ക് 

1968 മെയ് 13-നാണ് ഖാർഗെ രാധാഭായിയെ വിവാഹം കഴിക്കുന്നത്. രണ്ട് പെൺമക്കളും മൂന്ന് ആൺമക്കളുമാണ് അദ്ദേഹത്തിനുള്ളത്. 2006-ൽ, താൻ ബുദ്ധമതം പിന്തുടരുന്നതായി ഖാർഗെ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഗുൽബർഗയിൽ ബുദ്ധവിഹാർ നിർമ്മിച്ച സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റിന്‍റെ സ്ഥാപക-ചെയർമാനായിരുന്നു അദ്ദേഹം. ബാംഗ്ലൂരിലെ പ്രധാന കച്ചേരി, നാടകവേദികളിൽ ഒന്നായ ചൗഡിയ മെമ്മോറിയൽ ഹാളിന്‍റെ രക്ഷാധികാരി കൂടിയാണ് കലാസ്നേഹി കൂടിയായ അദ്ദേഹം


കൂടുതല്‍ വായനയ്ക്ക്: 'പാർട്ടിയിൽ അന്തിമ അധികാരം അധ്യക്ഷന്, തന്റെ റോൾ അധ്യക്ഷൻ തീരുമാനിക്കും'; വിജയിയെ അനുമോദിച്ച് രാഹുൽ

കൂടുതല്‍ വായനയ്ക്ക്: ഈ പദവി സോണിയ ഗാന്ധിയുടെ ത്യാഗം, തരൂരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും: മല്ലികാര്‍ജ്ജുൻ ഖര്‍ഗെ

കൂടുതല്‍ വായനയ്ക്ക്:  'ഖർഗെയുടെ വിജയം പാർട്ടിയുടെ വിജയം'; വിമതനായിട്ടല്ല മത്സരിച്ചത്, വലിയ പിന്തുണ കിട്ടിയെന്നും തരൂര്‍

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios