National Herald Case : രാഷ്ട്രീയ വേട്ടയാടലെന്ന് കോണ്‍ഗ്രസ്, നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കും

രാഹുല്‍ഗാന്ധി നാളെ ഇഡിക്ക് മുന്‍പാകെ ഹാജരാകും. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങും.23ന് ഇ ഡി സോണിയ ഗാന്ധിയുടെ മൊഴിയെടുക്കും

Rahul ganndhi to appear before ED tomorrow,congress to organise protest march across country

ദില്ലി;നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ നാളെ രാവിലെ പതിനൊന്ന് മണിക്ക് രാഹുല്‍ ഗാന്ധി ഇഡിക്ക് മുമ്പില്‍ ഹാജരാകും. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങും. രാജസ്ഥാന്‍, ഛത്തീസ് ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കും. ഈ സമയം രാജ്യത്തെ മുഴുവന്‍ ഇഡി ഓഫീസുകള്‍ക്ക് മുന്‍പിലും കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ മൊഴിയെടുക്കുന്നതിന് പിന്നാലെ 23ന് സോണിയ ഗാന്ധിയുടെ മൊഴിയുമെടുക്കും.  കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം  മൊഴിയെടുക്കുന്നുവെന്നാണ് ഇരുവര്‍ക്കും ഇഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എജെഎല്‍ കമ്പനി സോണിയയും രാഹുലും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തില്‍ കളളപ്പണ ഇടപാടും വന്‍ നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതിയിലാണ് അന്വേഷണം നടക്കുന്നത്. 

2015 ല്‍ കേസ് ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി  തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു.അതേ സമയം രാഷ്ട്രീയ വേട്ടയെന്ന ആക്ഷേപത്തില്‍ ഇഡി നടപടി നേരിടുന്ന സമാനകക്ഷികളെ ഒപ്പം ചേര്ത്ത് രാഷ്ട്രീയ നീക്കത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്നാണ് വിവരം. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനത്തെ സോണിയ പിന്തുണച്ചത് ഭാവി നീക്കത്തിനുള്ള സൂചനയായി. 

ഇഡി സമന്‍സ് പ്രതികാരത്തിന്‍റെയും കുടിപ്പകയുടെയും ബാക്കിപത്രമെന്ന് കെ.സുധാകരന്‍ എംപി

ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിന്‍റെയും കുടിപ്പകയുടെയും ബാക്കിപത്രമാണ് നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

Rahul ganndhi to appear before ED tomorrow,congress to organise protest march across country

കോണ്‍ഗ്രസിനെതിരെ കഴിഞ്ഞ എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ നടത്തുന്ന നെറികെട്ട രാഷ്ട്രീയത്തിന്‍റെയും തുടര്‍ച്ചയാണിത്.തീവ്ര സംഘപരിവാർ പക്ഷക്കാരനായ ഒരു വ്യക്തിനല്‍കിയ കേസില്‍ നാളിതുവരെ അന്വേഷിച്ചിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയാതെ പോയത്  ഈ കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സത്യത്തിന്‍റെ കണികപോലും ഇല്ലാത്തതിനാലാണ്.ബിജെപിയുമായി ഒരുവിധത്തിലും സന്ധിചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനാലാണ് ഈ കേസ് കഴിഞ്ഞ എട്ടുവര്‍ഷമായി നീട്ടിക്കാെണ്ടുപോകുന്നത്. അതേസമയം ബിജെപിയുമായി രഹസ്യകരാര്‍ ഉണ്ടാക്കിയ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങനെയെല്ലാം അട്ടിമറിക്കപ്പെടുന്നുവെന്ന് കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാല്‍ ബോധ്യമാകുമെന്ന് സുധാകരന്‍ പറഞ്ഞു.

മോദി സര്‍ക്കാരിനെതിരായ ജനരോഷം ഉയരുകയോ, ഭരണ പ്രതിസന്ധി നേരിടുകയോ ചെയ്യുന്ന ഘട്ടത്തിലെല്ലാം ജനശ്രദ്ധതിരിക്കാനും രാഷ്ട്രീയ നേട്ടത്തിനും ഈ കേസ് പൊടിതട്ടിയെടുക്കുക എന്ന നാടകപരമ്പയുടെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ്  സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇഡിയുടെ സമന്‍സ്.  ഈ നാടകം ഇതേ അവസ്ഥയില്‍ തുടരുകയും അത് അടുത്ത പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോകുകയും ചെയ്യുമെന്നത് ഉറപ്പാണ്.


നരേന്ദ്ര മോദിയുടെയും സംഘപരിവാര്‍ ശക്തികളുടെയും ഫാസിസ്റ്റ് ശൈലിക്കെതിരെ നിരന്തരം ശബ്ദം ഉയര്‍ത്തുന്ന  സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും  കേന്ദ്ര ഏജന്‍സികളുടെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്നും നിശബ്ദരാക്കാമെന്നും  മോദി കരുതുന്നത് അദ്ദേഹം മൂഢസ്വര്‍ഗത്തില്‍ ആയതുകൊണ്ടാണ്. ബ്രട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നത് ബിജെപി മറക്കരുത്.മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണപരാജയവും  ഫാസിസ്റ്റ് വര്‍ഗീയ നിലപാടുകളും  പൊതുജനമധ്യത്തില്‍ നിരന്തരം തുറന്ന് കാട്ടുന്ന കോണ്‍ഗ്രസ് നേതാക്കളോടുള്ള അസഹിഷ്ണുത കേന്ദ്ര സര്‍ക്കാരിന്‍റെ ഇൗ  നടപടിയിലൂടെ പ്രകടമാണ്.  മോദിയുടെ ഭരണ വെെകല്യം കാരണം രാജ്യം വന്‍ സാമ്പത്തിക തകര്‍ച്ച നേരിടുകയാണ്. തൊഴിലില്ലായ്മ പെരുകി. നികുതി ഭീകരത കാരണം ജനത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഏത് നിമിഷവും ജനരോഷം അണപൊട്ടിയൊഴുകുന്ന സ്ഥിതിയാണ്.കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാന്‍ തന്‍റേടമില്ലാത്തതിനാലാണ് ഇത്തരം തരംതാണ വേട്ടയാടല്‍ നാടകം  മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

രാജ്യസഭ തെരഞ്ഞെടുപ്പ് ഫലം; നിരാശരായി പ്രതിപക്ഷം , കോണ്‍ഗ്രസ് അച്ചടക്ക നടപടിക്ക്; ശിവസേന നിയമ നടപടിക്ക്

 

 

Latest Videos
Follow Us:
Download App:
  • android
  • ios