വൈറ്റ് ചലഞ്ചിനുണ്ടോ? രാഹുലിനെ വെല്ലുവിളിച്ച് ടിആർഎസ്
രാഹുലിന്റെ സന്ദർശനത്തിന് മുന്നോടിയായായി തെലങ്കാനയിൽ പോസ്റ്റർ പോര്
ഹൈദരാബാദ്: രാഹുല്‍ഗാന്ധിയെ 'വൈറ്റ്' ചലഞ്ചിന് വെല്ലുവിളിച്ച് തെലങ്കാന രാഷ്ട്ര സമിതി. രാഹുലിന്റെ തെലങ്കാന സന്ദശനത്തിന് മുന്നോടിയായാണ് വെല്ലുവിളിയുമായി ടിആർഎസ് നേതാവ് കെ.ടി.രാമറാവു രംഗത്തെത്തിയത്. മയക്കുമരുന്ന് ടെസ്റ്റ് നടത്താൻ രാഹുൽ തയ്യാറുണ്ടോ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ തെലങ്കാനയിൽ വ്യാപകമാകുകയാണ്. നാളെ രാഹുൽ ഹൈദരാബാദിൽ എത്താനിരിക്കെയാണ് ടിആർഎസിന്റെ വെല്ലുവിളി.
രാഹുൽ തയ്യാറാണെങ്കിൽ ദില്ലി എയിംസിൽ മയക്കുമരുന്ന് ടെസ്റ്റിന് വിധേയനാകാൻ തയ്യാറാണെന്നും ടിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി.രാമറാവു പ്രതികരിച്ചു.
എന്താണ് 'വൈറ്റ്' ചലഞ്ച്?
കോൺഗ്രസ് എംപി രേവന്ത് റെഡ്ഡിയാണ് മയക്കുമരുന്നിനെതിരെയുള്ള 'വൈറ്റ്' ചലഞ്ച് 2021 സെപ്തംബറിൽ തുടങ്ങിവച്ചത്. സംസ്ഥാനത്ത് വ്യാപകമായിട്ടുള്ള മയക്കുമരുന്നുപയോഗത്തിനെതിരെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി വലിയ പ്രചാരണം രേവന്ത് തുടങ്ങിയത്. മയക്കുമരുന്ന് ടെസ്റ്റ് നടത്താൻ സന്നദ്ധരാകുന്നവർ'വൈറ്റ്' ചലഞ്ച് വഴി മറ്റ് മൂന്നുപേരെ ചലഞ്ച് ചെയ്യും.
ഹൈദരാബാദിൽ മയക്കുമരുന്ന് വ്യാപകമാകുന്നുവെന്ന് ആരോപിച്ച രേവന്ത് റെഡ്ഡി കെ.ടി.രാമറാവുവിനെയും വ്യവസായിയും മുൻ രാഷ്ട്രീയക്കാരനുമായ കെ.വിശ്വേശ്വർ റെഡ്ഡിയെയും ചലഞ്ച് ചെയ്തു. വിശ്വേശ്വർ റെഡ്ഡി ചലഞ്ച് സ്വീകരിച്ചിരുന്നു. നേരത്തെ ടിആർഎസ് എംപി ആയിരുന്ന വിശ്വേശ്വർ റെഡ്ഡി മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ടിരുന്നു. ഇതിന് മറുപടിയായാണ് ടിആർഎസ് വർക്കിംഗ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ ചലഞ്ച് ചെയ്തത്.
കെ.വിശ്വേശ്വര റെഡ്ഡി വൈറ്റ് ചലഞ്ച് നേരത്തെ സ്വീകരിച്ചിരുന്നു. സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല, മറിച്ച് രക്ഷിതാവ് എന്ന നിലയിലും താൻ മയക്കുമരുന്നിന് എതിരാണ് എന്നായിരുന്നു ചലഞ്ച് സ്വീകരിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.