വീടിന് ചുറ്റും പ്രളയജലം, വഴികളെല്ലാം അടഞ്ഞു, ഒടുവില്‍ മരണമുനമ്പില്‍നിന്നും അവരുടെ രക്ഷക്കായി ഹെലികോപ്ടറെത്തി

വീടിന്‍റെ മേല്‍ക്കൂരയുടെ സമീപം വരെ വെള്ളം നിറഞ്ഞിരുന്നു. സമീപത്തുള്ളവര്‍ക്ക് വീടിന് സമീപത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഉന്നതാധികാരികളുമായി ബന്ധപ്പെട്ട് ഹെലികോപ്ടറിന്‍റെ സഹായം തേടുകയായിരുന്നു.

Pregnant Woman, Family Airlifted From Roof Of Flooded House In Ujjain

ഉജ്ജൈയിന്‍: പ്രളയക്കെടുതിയിലായ മധ്യപ്രദേശിലെ ഉജ്ജൈയിനില്‍ ഗര്‍ഭിണിയായ യുവതിയെ ഉള്‍പ്പെടെ മൂന്നുപേരെ സുരക്ഷിതമായി ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി. അതിശക്തമായ മഴയെതുടര്‍ന്ന് പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടയിലാണ്. ഉജ്ജൈയിനിലെ സെമലിയ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ നിരവധി വീടുകളും കെട്ടിടങ്ങളുമാണ് വെള്ളത്തിനിടയിലായത്. വെള്ളംകയറിയതിനെതുടര്‍ന്ന് വീടിന്‍റെ മേല്‍ക്കൂരയില്‍ അഭയം പ്രാപിച്ച ഗര്‍ഭിണിയും കുടുംബത്തിലെ മറ്റു രണ്ടുപേരും പുറത്തെത്താന്‍ കഴിയാത്തവിധം ഒറ്റപ്പെടുകയായിരുന്നു. 

ഹെല്‍പ് ലൈനില്‍ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മൂന്നുപേരെയും എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടി ജില്ല ഭരണകൂടം സ്വീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ഇന്‍ഡോറിലും ഉജ്ജൈയിനിലും കനത്ത മഴയാണ് പെയ്യുന്നത്. ഉജ്ജൈയിനിലെ ബാദ്നഗര്‍ തെഹ്സിലിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. വെള്ളം കയറിയതിനെതുടര്‍ന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെട്ടാന്‍ കഴിയാത്തതും രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. സെമാലിയ ഗ്രാമത്തില്‍ ഗര്‍ഭിണിയായ യുവതി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വീടിന്‍റെ മേല്‍ക്കൂരയിലുണ്ടെന്ന വിവരം മാത്രമാണ് ലഭിച്ചതെന്ന് ജില്ല കലക്ടര്‍ കുമാര്‍ പുരുഷോത്തം പറഞ്ഞു. 

വീടിന്‍റെ മേല്‍ക്കൂരയുടെ സമീപം വരെ വെള്ളം നിറഞ്ഞിരുന്നു. സമീപത്തുള്ളവര്‍ക്ക് വീടിന് സമീപത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഉന്നതാധികാരികളുമായി ബന്ധപ്പെട്ട് ഹെലികോപ്ടറിന്‍റെ സഹായം തേടുകയായിരുന്നു. കയറുകെട്ടിയിറക്കി ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയ മൂന്നുപേരെയും ഇന്‍ഡോറിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും ജില്ല കലക്ടര്‍ പറഞ്ഞു. ഉജ്ജൈയിനില്‍ ഇതുവരെയായി 1200ലധികം പേരെയാണ് രക്ഷപ്പെടുത്തി വിവിധയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. കനത്ത മഴയെതുടര്‍ന്ന് ഉജ്ജൈയിനില്‍ തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംസ്ഥാന ദുരന്ത  പ്രതികരണ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios