വിഭജന സമയത്ത് മുറിവുണക്കി മുസ്ലിംങ്ങളെ ഇന്ത്യയോട് ചേർത്തുപിടിച്ച ' മൗലാന അബുൾ കലാം ആസാദ്'
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കാര്യമായി ഓർക്കാത്ത പേരുകളിലൊന്നാണ് മൗലാന അബുൾ കലാം ആസാദിൻറേത്.
ദില്ലി: സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കാര്യമായി ഓർക്കാത്ത പേരുകളിലൊന്നാണ് മൗലാന അബുൾ കലാം ആസാദിൻറേത്. ദില്ലിയിലെ ജമാ മസ്ജിദിൽ മൌലാന ആസാദ് നടത്തിയ ഒറ്റ പ്രസംഗമാണ് വിഭജനകാലത്തെ വലിയ ഭിന്നതകൾക്കിടയിലും ആയിരക്കണക്കിന് മുസ്ലിംങ്ങളെ ഇന്ത്യയിൽ നിൽക്കാൻ പ്രേരിപ്പിച്ചത്. മൗലാന അബുൾ കലാം ആസാദിൻറെ ശബ്ദം ആ ജമാ മസ്ജിദിൽ മുഴങ്ങിയത് 1947 ഒക്ടോബറിലാണ്. അന്ന് ഇന്ത്യ രണ്ടായി നിന്ന കാലമായിരുന്നു. ഇന്ത്യൻ മുസ്ലിംങ്ങളോട് ഇന്ത്യയിൽ ഉറച്ചു നിൽക്കാൻ മൗലാന ആസാദ് നിർദ്ദേശിച്ചു. തൻറെ വാക്കുകൾ നേരത്തെ കേൾക്കാതിരുന്നതിലുള്ള അതൃപ്തിയും ആസാദ് അറിയിച്ചു.
എത്രയോ തവണ ജമാമസ്ജിദിലെ ആൾക്കൂട്ടത്തോട് ഞാൻ ഇവിടെ നിന്ന് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പ് ഇത്രയും ഭയാശങ്ക നിങ്ങളുടെ മുഖത്ത് അപ്പോഴൊന്നും കണ്ടിട്ടില്ല. ഞാൻ മുന്നോട്ടു നടന്നപ്പോൾ നിങ്ങൾ എൻറെ കാലുകൾ ഒടിച്ചു. ഞാൻ പറഞ്ഞതിനൊന്നും നിങ്ങൾ ചെവി കൊടുത്തില്ല. വികാരഭരിതനായി മൗലാന ആസാദ് അന്നു നടത്തിയ ആ പ്രസംഗം പാകിസ്ഥാനിലേക്കുള്ള ഇന്ത്യയിലെ മുസ്ലിംങ്ങളുടെ ഒഴുക്ക് കുറച്ചു. മതേതര ഇന്ത്യയ്ക്കൊപ്പം അവർ നില്ക്കാൻ സഹായിച്ചു.
Read more: 'സ്വാതന്ത്ര്യം അർധരാത്രിയിൽ' തലയുയർത്തി പിടിച്ച ഏഴര പതിറ്റാണ്ട്, സ്വാതന്ത്ര്യദിന ആശംസകൾ
ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തിൽ നിർണ്ണയാക പങ്കാണ് മൗലാന ആസാദ് വഹിച്ചത്. രാജ്യത്തെ വെട്ടിമുറിക്കാനുള്ള നീക്കത്തിനെതിരെ എന്നും ആസാദിൻറെ ശബ്ദം ഉയർന്നു. 1940ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോഴും ഈ രാജ്യത്തെ ആർക്കും മുറിക്കാൻ കഴിയില്ലെന്നാണ് മൗലാന ആസാദ് പറഞ്ഞത്. 75 കൊല്ലം സ്വതന്ത്ര മതേതര ഇന്ത്യയ്ക്ക് ആസാദിൻറെ ഈ വാക്കുകളും കരുത്ത് പകർന്നു. മുപ്പത്തിയഞ്ചാം വയസിലാണ് മൗലാന ആസാദ് ആദ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അദ്ധ്യക്ഷനായത്. ജാമിയ മിലിയ സർവ്വകലാശാല അലിഗഡിൽ നിന്ന് ദില്ലിയിലേക്ക് മാറ്റി. ആസാദിനെ പിന്നീട് കോൺഗ്രസും മറന്നു.
ലോകം കണ്ട ഏറ്റവും വലിയ പലായനങ്ങൾക്കൊന്നിനാണ് പാകിസ്ഥാൻ രൂപീകരിച്ച ശേഷമുള്ള ദിനങ്ങൾ സാക്ഷ്യം വഹിച്ചത്. അപ്പോഴും ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംങ്ങളുള്ള രാജ്യങ്ങളിൽ മൂന്നാമതാണ് ഇന്ത്യ. മൗലാന ആസാദിൻറെ ജമാ മസ്ജിദിലെ ആ വാക്കുകൾ വീണ്ടും ഓർക്കാനുള്ള ഒരവസരം കൂടിയാണ് അതിനാൽ ഈ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം.