കുൽദീപ് ബിഷ്ണോയ് ബി ജെപിയിലേക്ക്: കോണ്‍ഗ്രസിന് തിരിച്ചടി
അമിത് ഷാ, ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും
ദില്ലി; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നുവെന്ന അഭ്യൂഹങ്ങളുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി ഹരിയാനയില്‍ നിന്നുള്ള കുൽദീപ് ബിഷ്ണോയ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നവരുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരുന്നതു സംബന്ധിച്ചും വൈകാതെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.ഹരിയാനയിലെ എം എൽ എയായ കുല്‍ദീപ് വോട്ട് ചെയ്യാത്തതിനെ തുടർന്നാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ അജയ് മാക്കൻ തോറ്റത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയാണ് കുല്‍ദീപ് ബിഷ്ണോയ്.രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഫലം വരുന്നതിനു മുമ്പേ കോണ്‍ഗ്രസ് ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ കുല്‍ദീപ് ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി മനോഹര്‍ലാര്‍ ഖട്ടര്‍ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് കുല്‍ദിപിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
രണ്ട് വന്‍മരങ്ങള്‍ കളം മാറ്റുന്നു? കോണ്‍ഗ്രസിന് ഞെട്ടല്‍, അണിയറയില്‍ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍
മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ്മയും ഗുലാം നബി ആസാദും പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തമായതോടെ കോണ്‍ഗ്രസ് ഞെട്ടലില്‍. വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ്, കശ്മീര്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഇരുവരും നിര്‍ണ്ണായക നീക്കം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ട് ആനന്ദ് ശര്‍മ്മ തള്ളിയെങ്കിലും ആശയ വിനിമയം നടന്നതായാണ് വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്.
ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടന്നെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുമ്പോഴും സൗഹൃദത്തിന്റെ വഴികളടയില്ലെന്ന ന്യായീകരണമാണ് ആനന്ദ് ശര്‍മ്മ കഴിഞ്ഞ ദിവസം നടത്തിയത്. നവംബറില്‍ നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കത്തിലാണ് ആനന്ദ് ശര്‍മ്മ. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയാല്‍ ഉയര്‍ത്തിക്കാട്ടാവുന്ന ഒരു മുഖമായി ആനന്ദ് ശര്‍മ്മയെ അവതരിപ്പിക്കാനാണ് ബിജെപിയും ആലോചിക്കുന്നത്.
ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബിജെപി പിന്തുണയോടെ ഗുലാം നബി ആസാദും കളംമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളെ പ്രാദേശിക വാദം ഉയര്‍ത്തി ആനന്ദ് ശര്‍മ്മ നേരിട്ടതെന്നതും ശ്രദ്ധേയമാണ്. ഇരുവരും ഹിമാചല്‍ സ്വദേശികളാണെന്നും സൗഹൃദത്തില്‍ എന്താണ് തെറ്റെന്നുമുള്ള ശര്‍മ്മയുടെ പ്രതികരണം കരുതലോടെയുള്ളതാണ്. കശ്മീര്‍ കേന്ദ്രീകരിച്ച് ചെറിയ പാര്‍ട്ടികളുമായി ഗുലാം നബി ആസാദും ചര്‍ച്ചകളിലാണ്.
ശര്‍മ്മയും, ഗുലാം നബി ആസാദും കളം മാറിയേക്കുമെന്ന അഭ്യൂഹത്തെ കോണ്‍ഗ്രസ് നേതൃത്വവും തള്ളുന്നില്ല. നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ആനന്ദ് ശര്‍മ്മയും, ഗുലാം നബി ആസാദും വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ്. രാഹുല്‍ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ മിക്ക കോണ്‍ഗ്രസ് നേതാക്കളും തെരുവിലിറങ്ങിയപ്പോള്‍ പ്രതിഷേധങ്ങളില്‍ നിന്ന് ഇരുനേതാക്കളും അകലം പാലിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്.