ജിഗ്നേഷ് മേവാനിക്ക് തടവ് ശിക്ഷ; വിധിച്ചത് ഗുജറാത്തിലെ മൊഹ്സാന കോടതി
പൊലീസ് അനുമതിയില്ലാതെ റാലി നടത്തി. മേവാനി അടക്കം 9 പേർക്ക് 3 മാസം തടവുശിക്ഷ
ഗുജറാത്ത്: മെഹ്സാനയിൽ പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയ കേസിൽ ഗുജറാത്തിലെ വാദ്ഗാം എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിക്ക് തടവുശിക്ഷ. 2017ൽ ആസാദി മാർച്ച് നടത്തിയ സംഭവത്തിലാണ് 3 മാസം തടവും 1000 രൂപ പിഴയും ഒടുക്കാൻ കോടതി വിധിച്ചത്. ജിഗ്നേഷ് മേവാനി ഉൾപ്പെടെ 10 പേരെയാണ് മെഹ്സാനയിലെ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. കേസിൽ ആകെ 12 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഒരാൾ മരിച്ചു. മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്. ബനസ്കന്ത ജില്ലയിലെ മെഹ്സാന മുതൽ ധനേറ വരെയായിരുന്നു മാർച്ച് നടത്തിയത്. ഗുജറാത്തിലെ ഉനയിൽ ഗോവധം ആരോപിച്ച് 5 ദളിത് യുവാക്കളെ തല്ലിച്ചതച്ച സംഭവത്തിന്‍റെ വാർഷിക ദിനത്തിലായിരുന്നു മേവാനിയുടെ നേതൃത്വത്തിലുള്ള ആസാദി മാർച്ച്.
റാലി നടത്തിയതിന്റെ പേരിലല്ല, മറിച്ച് മതിയായ അനുമതി ഇല്ലാതെ റാലി നടത്തിയതിനാണ് പ്രതികളെ ശിക്ഷിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. നിയമലഘനം പൊറുക്കാനാകില്ല എന്നും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ചൂണ്ടിക്കാട്ടി. ശിക്ഷിക്കപ്പെട്ടവരിൽ എൻസിപി നേതാവ് രേഷ്മ പട്ടേലും ഉണ്ട്. പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്‍റെ പേരിൽ അസം പൊലീസ് മേവാനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് വലിയ വിവാദം ആയിരുന്നു. ജാമ്യം കിട്ടി ഗുജറാത്തിൽ തിരികെയെത്തിയതിന് പിന്നാലെയാണ് മറ്റൊരു കേസിൽ മേവാനി ശിക്ഷിക്കപ്പെടുന്നത്.