ആസിയാൻ- ഇന്ത്യ ഉച്ചകോടിയിൽ സഹ-അധ്യക്ഷനാകുന്നത് അഭിമാനം- പ്രധാനമന്ത്രി നരേന്ദ്ര മോദി
വ്യാഴാഴ്ച പുലർച്ചെ ജക്കാർത്തയിലെത്തിയ നരേന്ദ്ര മോദി ആസിയാൻ- ഇന്ത്യ ഉച്ചകോടിക്കുശേഷം ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കും
ജക്കാർത്ത: ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ സഹ- അധ്യക്ഷനാകുകയെന്നത് അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജക്കാർത്തയിൽ ആരംഭിച്ച ആസിയാൻ- ഇന്ത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. വ്യാഴാഴ്ച പുലർച്ചെ ജക്കാർത്തയിലെത്തിയ നരേന്ദ്ര മോദി ആസിയാൻ- ഇന്ത്യ ഉച്ചകോടിക്കുശേഷം ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കും.
കഴിഞ്ഞ വർഷം ഇന്ത്യ-ആസിയാൻ സൗഹൃദ ദിനം ആഘോഷിച്ചു. അതിലൂടെ കൂടുതൽ വിശാലമായ നയതന്ത്ര പങ്കാളിത്തത്തിനുള്ള സാഹചര്യമുണ്ടാക്കി. നമ്മുടെ പങ്കാളിത്തം (ഇന്ത്യ-ഇന്തോനേഷ്യ) ഇപ്പോൾ നാലാം ദശകത്തിലെത്തി. അത്തരമൊരു സാഹചര്യത്തിൽ ആസിയാൻ- ഇന്ത്യ ഉച്ചകോടിയിൽ സഹ- അധ്യക്ഷനാകാൻ കഴിഞ്ഞത് തന്നെ സംബന്ധിച്ച് അഭിമാനമാണ്. ഉച്ചകോടി സംഘടിപ്പിച്ചതിൽ ഇന്തോനേഷ്യൻ പ്രസിഡൻ് ജോകോ വിഡോഡോയെ അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ ജക്കാർത്ത വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ജക്കാർത്തയിലെ ഇന്ത്യൻ സമൂഹവും വലിയരീതിയുള്ള സ്വീകരണമാണ് നരേന്ദ്രമോദിക്കായി ഒരുക്കിയത്. ആസിയാൻ രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയായി. ആസിയാനുമായുള്ള ബന്ധം നയതന്ത്ര തലത്തിൽ ഇന്ത്യക്ക് ഏറെ പ്രധാന്യമുള്ളതാണെന്നാണ് ഇന്തോനേഷ്യയിലേക്ക് പോകുന്നതിന് മുമ്പ് നരേന്ദ്ര മോദി പറഞ്ഞത്. കഴിഞ്ഞ വർഷത്തെ നയതന്ത്ര പങ്കാളിത്തത്തിലൂടെ ആസിയാൻ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയതലത്തിലെത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
18 രാജ്യങ്ങളിലുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിലെ ഭക്ഷ്യ-ഊർജ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ആഗോള വെല്ലുവിളികളെ നേരിടാൻ പൊതുവായ നടപടികളിൽ പ്രയോഗികമായ സഹകരണം ഉറപ്പാക്കുന്നതിനുള്ള ചർച്ചയും നേതാക്കളുമായി നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ അറിയിച്ചു.ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 18ാമത് ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലും പങ്കെടുത്തശേഷം വ്യാഴാഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങും. സെപ്തംബർ ഒമ്പത്, പത്ത് തീയതികളിൽ ഇന്ത്യയിൽ ജ20 ഉച്ചകോടി നടക്കുന്നതിനാലാണ് പെട്ടന്നുള്ള മടക്കം.