നാട്ടില്‍ രാഷ്ട്രീയനേട്ടം, വിദേശത്ത് സല്‍പ്പേര്; ജി 20 ഉച്ചകോടിയില്‍നിന്ന് ഇന്ത്യക്ക് ലഭിക്കുന്നത്

വൈവിധ്യം, സംസ്‌കാരം തുടങ്ങിയ ഇന്ത്യയുടെ പ്രത്യേകതകള്‍ പരമാവധി ആഗോളശ്രദ്ധയിലെത്തിക്കുന്നതിനായിരിക്കും ജ20 ഉച്ചകോടിയെ ഇന്ത്യ പ്രധാനമായും ഉപയോഗപ്പെടുത്തുക. ഇന്ത്യയെക്കുറിച്ചുള്ള അറിവ് ആഗോളതലത്തില്‍ വ്യാപിക്കാനുള്ള സാധ്യതയാണ് ഇത് തുറന്നുനല്‍കുന്നത്

India's gains from the G20 New Delhi Summit: Showcase India globally, reap political gains domestically by Venu Rajamony

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടി ദില്ലിയിൽ നടക്കാനിരിക്കെ ആ​ഗോളതലത്തിൽ ഇന്ത്യക്കുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും ‌അടുത്തവർഷം പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉച്ചകോടിയുടെ രാഷ്ട്രീയ മാനങ്ങളെക്കുറിച്ചും മുന്‍ അംബാസഡറും നയതന്ത്രവിദഗ്ധനും ഗ്രന്ഥകര്‍ത്താവുമായ വേണു രാജാമണി എഴുതുന്നു

രാജ്യതലസ്ഥാനമായ ദില്ലി അണിഞ്ഞൊരുങ്ങുകയാണിപ്പോള്‍. സെപ്തംബര്‍ 9,10 തീയതികളിലായി നടക്കുന്ന ജി 20 ഉച്ചകോടിക്കായുള്ള മോടിപിടിപ്പിക്കലും സുരക്ഷാ മുന്നൊരുക്കവും അവസാനഘട്ടത്തിലാണ്. ഉച്ചകോടിക്കെത്തുന്ന ലോക നേതാക്കളെ സ്വീകരിക്കാന്‍ ഡല്‍ഹി ഒരുങ്ങിക്കഴിഞ്ഞു. ജി20 ഉച്ചകോടി നടക്കുന്നതിനാല്‍ ദില്ലിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദില്ലി സര്‍ക്കാര്‍ അവധി നല്‍കിയതിനെ മാധ്യമങ്ങള്‍ -ലോക്ക്ഡൗണ്‍ അവധി- എന്നാണ് വിശേഷിപ്പിച്ചത്. വലിയരീതിയുള്ള ഗതാഗത നിയന്ത്രണമാണ് ദില്ലിയില്‍. അതിനാല്‍ ദില്ലി നഗരഹൃദയത്തില്‍നിന്ന് തല്‍ക്കാലം മാറിനില്‍ക്കാനാണ് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം.

ദില്ലിയില്‍ നടക്കുന്ന 18ാ-മത് ജി20 ഉച്ചകോടിയില്‍ 19 രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളും പ്രതിനിധികളും പങ്കെടുക്കും. അര്‍ജന്റീന, ആസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, ടര്‍ക്കി, യു.കെ, യു.എസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളും ജി20-യില്‍ പങ്കെടുക്കും. യു.എസ് പ്രസിഡന്‍് ജോ ബൈഡന്‍, യു.കെ. പ്രധാനമന്ത്രി റിഷി സുനക്, കനേഡിയന്‍  പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് തുടങ്ങിയ ലോക നേതാക്കള്‍ ഉള്‍പ്പെടെ ദില്ലിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇ ഭരണാധികാരി, ബംഗ്ലാദേശ് പ്രധാനമന്ത്രി എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളിലെ നേതാക്കളെയും പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. അതേസമയം, റഷ്യന്‍ പ്രസിഡന്റ് പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ് എന്നിവര്‍ ഉച്ചകോടിക്കെത്തില്ല.

90-കളുടെ അവസാനത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് 1999-ല്‍ ജി20-യുടെ രൂപീകരണം. ആഗോള ജി.ഡി.പിയുടെ 85 ശതമാനവും ജി20 അംഗരാജ്യങ്ങളില്‍നിന്നാണ്. ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടും ജി20 അംഗ രാജ്യങ്ങളാണ്. അടിസ്ഥാനപരമായി, ആഗോള സാമ്പത്തിക സഹകരണത്തിനുള്ള കൂട്ടായ്മയാണ് ജി20. സുപ്രധാന ആഗോള സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലും ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലുമെല്ലാം ജി20 നിര്‍ണായക പങ്കുവഹിക്കുന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ജി20 അംഗമാകാന്‍ ഇന്ത്യക്ക് ക്ഷണം ലഭിക്കുന്നത്.

ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയെന്നത് ആദരവിനൊപ്പം തന്നെ ഓരോ അംഗ രാജ്യത്തിന്റെയും ഉത്തരവാദിത്വം കൂടിയാണ്. ഓരോ വര്‍ഷവും ജി20-യുടെ അധ്യക്ഷ പദവി മാറും. ഇതിനുമുമ്പ് ഇന്തോനേഷ്യയിലാണ് ജി20 ഉച്ചകോടി നടന്നത്. അടുത്ത ഉച്ചകോടി ബ്രസീലിലും അതിനുശേഷമുള്ളത് സൗത്ത് ആഫ്രിക്കയിലുമായിരിക്കും. കഴിഞ്ഞവര്‍ഷമായിരുന്നു ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇന്തോനേഷ്യയുമായി ആതിഥേയത്വം കൈമാറ്റം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മനസില്‍ കണ്ടായിരുന്നു ഇത്തരമൊരു തീരുമാനം.

മാറ്റങ്ങളെ ഉള്‍ക്കൊണ്ടുള്ള വളര്‍ച്ചക്കാണ് ഇന്ത്യ ഉച്ചകോടിയില്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിന്റെ പുരോഗതി, പരിസ്ഥിതി സൗഹാര്‍ദ വികസനവുമായി ചേര്‍ന്ന ജീവിതശൈലി, സാങ്കേതിക വിദ്യയിലെ വളര്‍ച്ച, ആഗോള സമാധാനവും ഐക്യവും ശക്തിപ്പെടുത്തല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ക്കാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നത്. ഉച്ചകോടിയുടെ രണ്ടാം ദിവസമായിരിക്കും ജി20 നേതാക്കളുടെ നയപ്രഖ്യാപനങ്ങളുണ്ടാകുക. ഒരുവര്‍ഷത്തോളം വിവിധ വകുപ്പുകളിലും മറ്റു സുപ്രധാന യോഗങ്ങളിലും ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ ഏതൊക്കെ വിഷയങ്ങള്‍ക്കാണ് പ്രധാന്യം നല്‍കിയതെന്നും വ്യക്തമാകും.

ഉച്ചകോടിക്ക് മുന്നോടിയായി ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ ശബ്ദമായി വിവിധ വികസ്വര രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ്. ജി 20-യുടെ സ്ഥിരാംഗമാകാന്‍ ആഫ്രിക്കന്‍ യൂനിയനെ ഇന്ത്യ ക്ഷണിക്കുകയും ചെയ്തു. ഇത്തരം നീക്കങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ആഗോള വിഷയങ്ങളില്‍ മുന്നേറുന്ന രാജ്യങ്ങള്‍ തമ്മില്‍ പലരീതിയിലുള്ള ചര്‍ച്ചകള്‍ നടത്തുകയും പൊതുവായ തീരുമാനത്തിലെത്തുകയും ചെയ്യുന്നത് നല്ല കാര്യമാണ്. അത്തരത്തില്‍ ഇന്ത്യ കൂടി അംഗമായ ജി20 ഉച്ചകോടിയിലൂടെ അത്തരം സാധ്യത തുറന്നുവരുന്നതിനെ സ്വാഗതം ചെയ്യണം. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിക്കുശേഷമുള്ള വെറുമൊരു ചര്‍ച്ചാവേദി മാത്രമായി ജി20 ഒതുങ്ങിപ്പോയെന്ന വിമര്‍ശനവും മറുഭാഗത്ത് ഉയരുന്നുണ്ട്. അതുപോലെ ലോകം ഇപ്പോള്‍ നേരിടുന്ന സുപ്രധാന രാഷ്ട്രീയ വെല്ലുവിളികളെ വെറുതെ അവഗണിക്കാനും ഉച്ചകോടിക്കാവില്ല. റഷ്യ-യുക്രൈന്‍ യുദ്ധം ഉദാഹരമാണ്. ഉച്ചകോടിയിലും അതുമായി ബന്ധപ്പെട്ട യോഗങ്ങളിലും പങ്കെടുക്കാന്‍ യുക്രൈന്‍ ഏറെ താല്‍പര്യം കാണിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായി മുന്‍നിര നേതാക്കള്‍ക്ക് ചര്‍ച്ച നടത്താനുള്ളൊരു വേദിയായാണ് യുക്രൈന്‍ ദില്ലിയിലെ ഉച്ചകോടിയെ കാണുന്നത്. എന്നാല്‍, യുദ്ധത്തെക്കുറിച്ച് ഒന്നും മിണ്ടരുതെന്ന റഷ്യയുടെ എതിര്‍പ്പുണ്ടായതോടെ ഉച്ചകോടിക്ക് മുന്നോടിയായുള്ള യോഗങ്ങളിലൊന്നും ഇക്കാര്യത്തില്‍ യോജിച്ച അഭിപ്രായമുണ്ടായില്ല. അതിനാല്‍  ഉച്ചകോടിയുടെ നയപ്രഖ്യാപനത്തിന്റെ വിധി എന്തായിരിക്കുമെന്ന് കണ്ടറിയണം.

റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ ഉച്ചകോടിയുടെ ശ്രദ്ധ തിരിയാതിരിക്കുക എന്ന വലിയ വെല്ലുവിളിയായിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ നേരിട്ടുകൊണ്ടിരുന്നത്. അതുപോലെ ഉച്ചകോടിയുടെ തൊട്ടടുത്ത ദിവസത്തില്‍ ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള മാപ്പ് ചൈന പുറത്തുവിട്ടതും ജി20 പോലുള്ള വലിയ നയതന്ത്ര ഉച്ചകോടിയുടെ പരിമിതികള്‍ തുറന്നുകാണിക്കുന്നതാണ്. ഇന്ത്യ നേരിടുന്ന അതിസങ്കീര്‍ണമായ വിദേശ നയ വെല്ലുവിളികള്‍ ഉള്‍പ്പെടെ പരിഹരിക്കുന്നതില്‍ ഇത്തരം ഉച്ചകോടികള്‍ക്കുള്ള പരിമിതിയും ഇതിലൂടെ വ്യക്തമാകുന്നു.

വൈവിധ്യം, സംസ്‌കാരം തുടങ്ങിയ ഇന്ത്യയുടെ പ്രത്യേകതകള്‍ പരമാവധി ആഗോളശ്രദ്ധയിലെത്തിക്കുന്നതിനായിരിക്കും
ജ20 ഉച്ചകോടിയെ ഇന്ത്യ പ്രധാനമായും ഉപയോഗപ്പെടുത്തുക. ഇന്ത്യയെക്കുറിച്ചുള്ള അറിവ് ആഗോളതലത്തില്‍ വ്യാപിക്കാനുള്ള സാധ്യതയാണ് ഇത് തുറന്നുനല്‍കുന്നത്. നയതന്ത്ര തലത്തിലുള്ള ഇന്ത്യയുടെ സ്വാധീനവും ബന്ധവും കൂടുതല്‍ ശക്തിപ്പെടും. അതിഥികളായി ആഫ്രിക്കന്‍ രാജ്യങ്ങളുടെയും അംഗങ്ങളല്ലാത്ത മറ്റു രാജ്യങ്ങളുടെയും പ്രതിനിധികളെ ക്ഷണിച്ചത് ഇന്ത്യയുടെ നയതന്ത്ര സ്വാധീനമുയര്‍ത്തും. വികസനം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ വിവിധ വിഷയങ്ങളിലും സുപ്രധാന സാമ്പത്തിക വിഷയങ്ങളിലും ആഗോള അജണ്ട രൂപം നല്‍കുന്നതില്‍ ഉച്ചകോടിയിലൂടെ ഇന്ത്യക്ക് സുപ്രധാന പങ്കുവഹിക്കാനാകും. ആഗോളതലത്തിലുള്ള വലിയ സാധ്യതയാണ് ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് ഇന്ത്യ ഉപയോഗപ്പെടുത്തുന്നത്. എന്നാലും, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക നേതാവായി പ്രതിഷ്ഠിച്ചുകൊണ്ട് ഇന്ത്യയെ ആഗോള ശക്തിയായി ഉയര്‍ത്തിയതിന്റെ ഉത്തരവാദിത്വം നല്‍കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളും ജി20 ഉച്ചകോടിക്കായുള്ള ഒരുക്കങ്ങളില്‍ ഒളിഞ്ഞിരിപ്പുള്ളതായി കാണാം.

Latest Videos
Follow Us:
Download App:
  • android
  • ios