ഗാന്ധി കുടുംബത്തിന്റെ ബന്ധു ആശിഷ് കൗളിനെ അമേഠിയിൽ പരിഗണിക്കുന്നെന്ന് സൂചന; മത്സരത്തിനില്ലെന്ന് പ്രിയങ്ക
കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ പരിഹാസവുമായി സ്മൃതി ഇറാനി രംഗത്തെത്തി.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു. ഗാന്ധി കുടുംബത്തിന്രെ ബന്ധു ഷീല കൗളിന്റെ ചെറുമകൻ ആശിഷ് കൗളും പരിഗണനയിൽ. അമേഠിയിൽ നിന്ന് ആശിഷ് കൗൾ മത്സരിച്ചേക്കാനാണ് സാധ്യത. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കുമെന്ന സൂചനയും ശക്തമാണ്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ഇപ്പോഴും പ്രിയങ്ക ഗാന്ധി.
അതേസമയം കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ പരിഹാസവുമായി സ്മൃതി ഇറാനി രംഗത്തെത്തി. ആത്മവിശ്വാസം കൂടുതൽ ഉള്ളതുകൊണ്ടാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം, അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് വിട്ടിരുന്നു. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന് തെരഞ്ഞെടുപ്പ് സമിതിയില്‍ ശക്തമായ ആവശ്യം ഉയര്‍ന്നു. അതിനിടെ അഭ്യൂഹങ്ങള്‍ക്കിടെ രണ്ടാം തീയ്യതി രാഹുല്‍ ഗാന്ധി അമേഠി സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്.
മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ്. ഔദ്യോഗിക പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് കുറച്ച് ദിവസം കൂടി കാത്തിരിക്കൂവെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മറുപടി. വയനാട്ടിലെ ജനങ്ങൾ ആവശ്യപ്പെട്ടു, രാഹുൽഗാന്ധി മത്സരിച്ചു. ജനങ്ങൾ ആവശ്യപ്പെടുന്നിടത്ത് നേതാവ് പോകുമെന്നുമായിരുന്നു ഖർഗെ പറഞ്ഞത്. അദ്വാനി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ എത്രയോ തവണ മണ്ഡലം മാറിയിട്ടുണ്ടെന്നും ഖർഗെ ചൂണ്ടിക്കാട്ടി.