ആം ആദ്മി എംഎൽക്ക് കുരുക്ക്; ജസ്വന്ത് സിംഗ് ഗജ്ജന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്; 16.57 കോടി കണ്ടെത്തി
പരിശോധന 40.92 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ; പണം തട്ടിയത് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന്
ദില്ലി: പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്. 41 കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. 40.92 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കാട്ടി ബാങ്ക് ഓഫ് ഇന്ത്യയുടെ ലുധിയാന ശാഖ പരാതി നൽകിയിരുന്നു. പരിശോധനയിൽ 16.57 കോടി രൂപയും ഒപ്പിട്ട 94 ബ്ലാങ്ക് ചെക്കുകളും 88 വിദേശ കറൻസികളും ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള മറ്റു രേഖകളും കണ്ടെത്തിയെന്ന് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.
അമർഗറിൽ നിന്നുള്ള എംഎൽഎ ആയ ജസ്വന്ത് സിംഗ് ഗജ്ജനും അദ്ദേഹം ഡയറക്ടറായ താര കോർപ്പറേഷനും ഇതര സ്ഥാപനങ്ങളും ചേർന്ന് തട്ടിപ്പ് നടത്തിയെന്നായിരുന്നു ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതി. 2011നും 2014നും ഇടയിൽ നാല് തവണകളിലായാണ് വായ്പ കൈപ്പറ്റിയത്. വായ്പ എടുത്ത ശേഷം ബാങ്കിനെ കബളിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഈട് നൽകിയ ആസ്തികൾ നീക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. 2014ൽ വായ്പയെ ബാങ്ക് നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയും 2081ൽ പരാതി നൽകുകയുമായിരുന്നു. എടുത്ത ആവശ്യത്തിനായല്ല വായ്പയായി കിട്ടിയ പണം ഉപയോഗിച്ചതെന്നും പരാതിയിൽ ഉണ്ട്.
ജസ്വന്ത് സിംഗ് ഗജ്ജന്റെ സഹോദരന്മാരായ ബൽവന്ത് സിംഗ്, കുൽവന്ത് സിംഗ്, മരുമകൻ തേജീന്ദർ സിംഗ്, ബാങ്കിന്റെ മറ്റ് ഡയറക്ടർമാർ എന്നിവർക്കെതിരെയും കേസ് എടുത്തതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു.