ബുള്ളറ്റ് ട്രെയിന്‍ അനാവശ്യ അലങ്കാരമെന്ന് മന്‍മോഹന്‍ സിങ്
അഹമ്മദാബാദ്: ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അനാവശ്യ അലങ്കാരമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നിലവിലെ ട്രെയിന്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കേണ്ടിയിരുന്നതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ഗുജറാത്തിലെ സംരംഭകരോടും വ്യാപാരികളോട് സംസാരിക്കുകയായിരുന്നു മുന്‍പ്രധാനമന്ത്രി.
കഴിഞ്ഞ സെപ്തംബറിലാണ് ബുള്ളറ്റ് ട്രെയിനിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിങ്സോ ആബേയും ചേര്‍ന്ന് നിര്‍വ്വഹിച്ചത്. ജപ്പാന്റെ സഹായത്തോടെയാണ് ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പിലാക്കുന്നത്. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേയ്ക്കാണ് ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ സര്‍വ്വീസ് നടക്കുക.
എന്നാല്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതികൊണ്ട് ആര്‍ക്കും ഗുണമുണ്ടാകില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. ബദല്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നതിന് പകരം നിലവിലെ ട്രെയിന്‍ ഗതാഗത സംവിധാനത്തിന്റെ വേഗതയും സുരക്ഷയും മെച്ചപ്പെടുത്താന്‍ നടപടികള്‍ എടുക്കാമായിരുന്നുവെന്നും ബിജെപി സര്‍ക്കാര്‍ അത് ചെയ്തില്ലെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.