ബിജെപി കിസാന്‍മോര്‍ച്ച നേതാവ് അറസ്റ്റിൽ, നടപടി അയൽക്കാരിയെ കയ്യേറ്റം ചെയ്ത കേസിൽ
ഈ മാസം അഞ്ചിന് നടന്ന ചില സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ശ്രീകാന്ത് ത്യാഗിയും ഇവിടുത്തെ മറ്റൊരു താമസക്കാരിയായ സ്ത്രീയും തമ്മില്‍ വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു.
ദില്ലി : നോയിഡയിൽ വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അയൽക്കാരിയായ സ്ത്രീയെ കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത കേസിൽ ബിജെപി കിസാന്‍മോര്‍ച്ച നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റിൽ. ഒളിവിൽ പോയ ഇയാളെ മീററ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം അഞ്ചിന് നടന്ന ചില സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ശ്രീകാന്ത് ത്യാഗിയും ഇവിടുത്തെ മറ്റൊരു താമസക്കാരിയായ സ്ത്രീയും തമ്മില്‍ വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിനിടയിൽ ശ്രീകാന്ത് ത്യാഗി, സ്ത്രീയെ കയ്യേറ്റം ചെയ്തെന്നും അപമാനിച്ചെന്നുമാണ് പരാതി. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് കേസ് എടുത്തിരുന്നു. പിന്നാലെ ശ്രീകാന്ത് ത്യാഗിയുടെ കൂട്ടാളികള്‍ ഹൗസിങ് സൊസൈറ്റിയില്‍ പ്രവേശിക്കുകയും സ്ത്രീക്ക് നേരെ മുദ്രാവാക്യം വിളിക്കുകയും അപമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നടന്ന അന്വേഷണങ്ങൾക്കൊടുവിലാണ് അറസ്റ്റ്.
കൈയ്യേറ്റം: ബിജെപി നേതാവിന്റെ അപ്പാർട്ട്മെന്റുകൾ തകർത്ത് യുപി സർക്കാർ ബുൾഡോസർ
കഴിഞ്ഞ ദിവസം, ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി ബുള്‍ഡോസർ ഉപയോഗിച്ച് ശ്രീകാന്ത് ത്യാഗിയുടെ വീടിന്‍റെ ഒരുഭാഗം പൊളിച്ചുനീക്കി. അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയുണ്ടായത്. ത്യാഗിയുടെ അനധികൃത നിര്‍മ്മാണങ്ങൾ ബുൾഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ആളുകൾ കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. ത്യാഗിയുടെ മോശം പെരുമാറ്റത്തിലും അനധികൃത നിര്‍മ്മാണത്തിലും പൊറുതിമുട്ടുകയായിരുന്നുവെന്നാണ് പരിസരവാസികൾ പ്രതികരിച്ചത്.
ശ്രീകാന്ത് ത്യാഗി താന്‍ ബിജെപിയുമായി ബന്ധപ്പെട്ട കിസാന്‍മോര്‍ച്ചാ നേതാവാണെന്ന് അവകാശപ്പെടുകയും നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ പാർട്ടിയുമായി നേരിട്ട് ബന്ധമില്ലെന്നാണ് ബിജെപിയുടെ വിശദീകരണം. ശ്രീകാന്ത് ത്യാഗിയുടെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവും എംപിയുമായ മഹേഷ് ശര്‍മ്മയും രംഗത്തെത്തി. സ്ത്രീകളെ അപമാനിക്കുന്ന ക്രിമിനലുകൾക്ക് ഉത്തര്‍പ്രദേശിൽ ഇടമില്ലെന്ന് ശര്‍മ്മ പറഞ്ഞു.