സൈന്യത്തിന്റെ തോക്കെടുത്ത് ഉന്നം പിടിച്ച് യോഗി ആദിത്യനാഥ് - വീഡിയോ വൈറൽ
യുവാക്കൾക്ക് ഇന്ത്യൻ സൈന്യത്തെ അറിയാനുള്ള അവസരമാണിതെന്ന് എക്‌സിൽ പരിപാടിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആദിത്യനാഥ് പറഞ്ഞു.
ദില്ലി: ലഖ്‌നൗവിൽ നടന്ന 'നോ യുവർ ആർമി' ഫെസ്റ്റിവലിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റൈഫിൾ കൈയിലേന്തി ഉന്നംപിടിക്കുന്ന വീഡിയോ വൈറൽ. യോഗി ആദിത്യനാഥ് റൈഫിൾ പരിശോധിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചു. 51-കാരനായ യോഗി തോക്ക് പരിശോധിക്കുന്നതും ഉന്നംപിടിക്കുന്നതും വീഡിയോയിൽ കാണാം. ടാങ്കുകളും പീരങ്കികളും തോക്കുകളും ഉൾപ്പെടെ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന വിവിധ ആയുധങ്ങൾ പ്രദർശിപ്പിക്കാനാണ് മൂന്ന് ദിവസത്തെ ഉത്സവം ലക്ഷ്യമിടുന്നത്.
യുവാക്കൾക്ക് ഇന്ത്യൻ സൈന്യത്തെ അറിയാനുള്ള അവസരമാണിതെന്ന് എക്‌സിൽ പരിപാടിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആദിത്യനാഥ് പറഞ്ഞു. ജനുവരി 15 ന് ലഖ്‌നൗവിൽ നടക്കുന്ന ആർമി ഡേ പരേഡിന്റെ മുന്നോടിയായാണ് 'നോ യുവർ ആർമി' ഫെസ്റ്റിവൽ നടക്കുന്നത്. ഇത് രണ്ടാം തവണയാണ് ദില്ലിക്ക് പുറത്ത് പരിപാടി നടക്കുന്നത്. കഴിഞ്ഞ വർഷം, ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ ആർമി ഡേ പരേഡ് നടത്താൻ തീരുമാനിച്ചിരുന്നു. ഒരിടത്ത് മാത്രമല്ലാതെ വിവിധ നഗരങ്ങളിൽ ഡേ നടത്തുന്നതിന്റെ ഭാഗാമായാണ് വേദി മാറ്റുന്നത്.