ആയിരം ബസുകളുണ്ട്, ഓടിക്കാന്‍ അനുവദിക്കണമെന്ന് പ്രിയങ്കാ ഗാന്ധി; അനുമതി നല്‍കി യോഗി സര്‍ക്കാര്‍
രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പഞ്ചാബ് അതിര്‍ത്തികളിലായാണ് തങ്ങളുടെ 1000 ബസുകള്‍ ഉള്ളതെന്നായിരുന്നു പ്രിയങ്കാ ഗാന്ധി വ്യക്തമാക്കിയത്.
ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടിയേറ്റ തൊഴിലാളികള്‍ക്കായി 1000 ബസുകള്‍ ഓടിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യമാണ് അംഗീകരിച്ചത്. 26 തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്കാ ഗാന്ധി മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചത്. അതിര്‍ത്തികളില്‍ തങ്ങളുടേതായി 1000 ബസുകള്‍ ഉണ്ടെന്നും തൊഴിലാളികളെ കൊണ്ടു വരാന്‍ അനുവദിക്കണമെന്നുമാണ് വീഡിയോയില്‍ പ്രിയങ്ക ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബസുകളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ തേടി സര്‍ക്കാര്‍ കോണ്‍ഗ്രസ് ഓഫീസുമായി ബന്ധപ്പെട്ടു.
രാജസ്ഥാന്‍ അതിര്‍ത്തികളിലായിരുന്നു ബസുകള്‍ നിര്‍ത്തിയിട്ടത്. തൊഴിലാളികളെ കൊണ്ടുവരാന്‍ തയ്യാറാണെന്നും എന്നാല്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചത്.
പ്രിയങ്കാ ഗാന്ധിയുടെ ആവശ്യത്തോട് ആദ്യം പരുഷമായി പ്രതികരിച്ച സര്‍ക്കാര്‍ പിന്നീട് നയം മാറ്റുകയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യം ബസുകളും ട്രെയിനുകളും ഓടിക്കട്ടെ എന്നായിരുന്നു ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയുടെ പ്രതികരണം. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പഞ്ചാബ് അതിര്‍ത്തികളിലായാണ് തങ്ങളുടെ 1000 ബസുകള്‍ ഉള്ളതെന്നായിരുന്നു പ്രിയങ്കാ ഗാന്ധി വ്യക്തമാക്കിയത്.