ജൂൺ 21 അന്താരാഷ്ട്ര യോ​ഗാ ദിനം; കുടുംബാം​ഗങ്ങൾക്കൊപ്പം യോ​ഗ ചെയ്യാൻ ആ​ഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ഒപ്പം മൈ ലൈഫ്, മൈ യോ​ഗ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി വീഡിയോ ബ്ലോ​ഗിം​ഗ് മത്സരത്തെക്കുറിച്ചും അറിയിപ്പുണ്ട്. 

yoga with family during international yoga day

ദില്ലി: അന്തർദേശീയ യോ​ഗാ ദിനത്തിൽ കുടുംബാം​ഗങ്ങൾക്കൊപ്പം വീട്ടിലിരുന്ന് യോ​ഗ ചെയ്യാൻ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം. മൻ കി ബാത്തിലൂടെയാണ് എന്റെ ജീവിതം എന്റെ യോ​ഗ എന്ന വിഷയം മുമ്പോട്ട് വച്ചുകൊണ്ട് മോദി ജനങ്ങളെ ആഹ്വാനം ചെയ്തത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീടുകളിൽ സജീവമായി ആരോ​ഗ്യത്തോടെ തുടരാനും അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. ജൂൺ 21 നാണ് അന്താരാഷ്ട്ര യോ​ഗാ ദിനം ആചരിക്കുന്നത്. 'കുടുംബാം​ഗങ്ങൾ‌ക്കൊപ്പം വീടുകളിൽ യോ​ഗ' എന്നാണ് ഈ വർഷത്തെ യോ​ഗാദിന വിഷയം. 

കൊറോണ വൈറസ് മഹാമാരി വ്യാപിച്ചതിനെ തുടർന്നാണ് വീടുകളിൽ അന്താരാഷ്ട്ര യോ​ഗാ ദിനം ആചരിക്കാനുള്ള തീരുമാനം. 'കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം നിലനിൽക്കുന്നതിനാൽ കൂട്ടം കൂടി യോ​ഗ ചെയ്യുക എന്നത് ഉചിതമല്ല. അതിനാൽ ഈ വർഷം കുടുംബാം​ഗങ്ങൾക്കൊപ്പം വീടുകളിലിരുന്ന് യോ​ഗ ചെയ്യാൻ മന്ത്രാലയം ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.' ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. 

ഈ വിഷയത്തെ സംബന്ധിച്ച് ആയുഷ് മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഒപ്പം മൈ ലൈഫ്, മൈ യോ​ഗ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി വീഡിയോ ബ്ലോ​ഗിം​ഗ് മത്സരത്തെക്കുറിച്ചും അറിയിപ്പുണ്ട്. യോ​ഗ ചെയ്യുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് ഈ മത്സരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി പൗരൻമാരെ ക്ഷണിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെയും ആയുഷ് മന്ത്രാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ യോ​ഗയുടെ പരിവർത്തനാത്മക സ്വാധീനം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഈ മത്സരത്തിന് പിന്നിലുള്ളതെന്നും അന്താരാഷ്ട്ര യോ​ഗാ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൊന്നാണിതെന്നും ഔദ്യോ​ഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആയുഷ് മന്ത്രാലയത്തിന്റെ സമൂഹമാധ്യമ പേജുകളിൽ തത്സമയമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios