Review 2021 : മണ്ണിൽ പണിയെടുക്കുന്ന കർഷകന്‍റെ മുന്നിൽ ഭരണകൂടം മുട്ടുകുത്തിയ വർഷം
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദൈർഘ്യമേറിയ കർഷകമുന്നേറ്റം. കാർഷികമേഖലയെ സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കാൻ സമ്മതിക്കില്ലെന്ന് ഉറക്കെപ്പറഞ്ഞ് തെരുവിലിറങ്ങി രാജ്യതലസ്ഥാനം വളഞ്ഞ കർഷകരുടെ ഇച്ഛാശക്തിയുടെ വിജയത്താൽ അടയാളപ്പെടുത്തേണ്ട വർഷമാണ് 2021.
നവംബർ 26, 2020. കൃഷിയും കാർഷികോത്പന്നങ്ങളും നട്ടെല്ലായ നാടിന്‍റെ ചരിത്രത്തിൽ ഏറ്റവും വലുതായിത്തന്നെ എഴുതപ്പെടുന്ന തീയതിയാകും അത്. അന്നാണ് 'ദില്ലി ചലോ' എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് ചെറുതും വലുതുമായ കർഷകർ പാർലമെന്‍റ് ലക്ഷ്യമാക്കി രാജ്യതലസ്ഥാനത്തിന്‍റെ അതിർത്തികളിലേക്ക് പ്രവഹിച്ചത്.
വിവാദമായ മൂന്ന് കർഷകനിയമങ്ങൾക്കെതിരെ പ്രതിഷേധം ഇരമ്പുന്ന കാലം. 2020 സെപ്റ്റംബർ 17-നാണ് രാജ്യത്തെ കർഷകരെ ഞെട്ടിച്ച് മൂന്ന് കർഷകനിയമങ്ങൾ പാർലമെന്‍റിന്‍റെ ഇരുസഭകളിലും ചർച്ച പോലുമില്ലാതെ പാസ്സാക്കുന്നത്. രാജ്യത്തെ കാർഷികമേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരടക്കം ഇതിനെതിരെ ശക്തമായ വിമർശനങ്ങളുമായി രംഗത്ത് വന്നെങ്കിലും നിയമം നിലവിൽ വന്നതോടെ ഇനിയെന്ത് ചെയ്യുമെന്നത് ചോദ്യചിഹ്നമായിത്തന്നെ നിന്നു. പാർലമെന്‍റിന്‍റെ ഇരുസഭകളിലും കൃത്യമായി ഭൂരിപക്ഷമുള്ള രണ്ടാം നരേന്ദ്രമോദി സർക്കാർ ഒരിക്കൽ കൊണ്ടുവന്ന നിയമങ്ങൾ പിൻവലിച്ച ചരിത്രവുമുണ്ടായിരുന്നില്ല.
കാർഷികോത്പന്ന വ്യാപാര-വാണിജ്യ നിയമം 2020, കർഷക(ശാക്തീകരണ-സംരക്ഷണ) വില ഉറപ്പും കാർഷികസേവനങ്ങളും ഉറപ്പാക്കുന്ന നിയമം-2020, അവശ്യസാധനങ്ങൾക്കുള്ള വിലനിയന്ത്രണഭേദഗതി നിയമനം 2020 - എന്നിവയായിരുന്നു കർഷകരെ പ്രതിസന്ധിയിലാക്കിയ ആ മൂന്ന് വിവാദനിയമങ്ങൾ. കൊവിഡ് പ്രതിസന്ധിയും നോട്ട് നിരോധനവും ജിഎസ്‍ടിയുമെല്ലാം നട്ടെല്ലൊടിച്ച കാർഷികവ്യാപാരമേഖല മിനിമം താങ്ങുവിലയെന്ന ഉറപ്പിലാണ് നിലനിന്നിരുന്നത്. അത് കൂടി പിൻവലിക്കാൻ കളമൊരുങ്ങുന്നതാണ് പുതിയ നിയമങ്ങളെന്ന് തിരിച്ചറിഞ്ഞ കർഷകർ രോഷം മറച്ചുവച്ചില്ല.
പഞ്ചാബിൽ വിവാദനിയമങ്ങൾക്കെതിരെ വലിയ പ്രതിഷേധങ്ങൾ തന്നെ പൊട്ടിപ്പുറപ്പെട്ടു. എൻഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പിന്നീട് ഏകമന്ത്രിയായ ഹർസിമ്രത് കൗർ ബാദലിനെ രാജിവയ്പിച്ച്, ശിരോമണി അകാലിദൾ ആ മുന്നണി തന്നെ വിട്ടു. ആ പ്രതിഷേധങ്ങൾ പിന്നീട് ഹരിയാനയിലേക്കും പതുക്കെ ഉത്തർപ്രദേശിലേക്കും പടർന്നുതുടങ്ങി. പക്ഷേ, പലയിടങ്ങളിലായി ഒറ്റതിരിഞ്ഞ പ്രക്ഷോഭങ്ങൾ കണക്കിലെടുക്കാൻ നരേന്ദ്രമോദി സർക്കാർ തയ്യാറായിരുന്നില്ല. കാർഷികനിയമങ്ങൾ രാജ്യത്തെ കർഷകന് വേണ്ടിയുള്ളതാണെന്നും, നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും ആദ്യം കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറും പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയും വിവിധ തെരഞ്ഞെടുപ്പ് റാലികളിലായി പ്രഖ്യാപിച്ചു.
സെപ്റ്റംബർ 24-ന് പഞ്ചാബിൽ മൂന്ന് ദിവസം തീവണ്ടി തടഞ്ഞ് സമരം ചെയ്തുനോക്കി അവിടത്തെ കർഷകർ. അന്നത്തെ പ്രതിഷേധങ്ങളെ രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾ പലതും കണക്കിലെടുത്തത് പോലുമില്ല.
കേന്ദ്രം ഒരുതരത്തിലും പ്രതിഷേധങ്ങളെ കണക്കിലെടുക്കില്ലെന്നും, ഒരുമിച്ച് നിന്നാലല്ലാതെ ഈ നിയമങ്ങൾ പിൻവലിപ്പിക്കാൻ ഒരു വഴിയുമില്ലെന്നും തിരിച്ചറിഞ്ഞ കർഷകർ ഒരു സംയുക്തസമിതി രൂപീകരിച്ചു. AIKSCC - എന്ന, ഓൾ ഇന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി രാജ്യവ്യാപകമായ സമരത്തിന് കളമൊരുക്കാൻ ശ്രമം തുടങ്ങി. നവംബർ 3-ന് രാജ്യവ്യാപകമായി റോഡ് തടഞ്ഞ കർഷകർ, ഇനി ദില്ലിയിലേക്ക് മാർച്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ദില്ലി പൊലീസ് കർഷകസമരത്തിന് അനുമതി ഉടനടി നിഷേധിച്ചു.
എന്നാൽ കർഷകർ തെരുവിലിറങ്ങുക തന്നെ ചെയ്തു. ദില്ലി ലക്ഷ്യമാക്കി നീങ്ങിയ കർഷകരെ ഹരിയാനയിലെ അംബാലയിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡുകളും മണ്ണിട്ട് അടച്ച അതിർത്തികളും കർഷകരെ തടയുമെന്ന് കേന്ദ്രസർക്കാർ കരുതി. എന്നാലവർക്ക് തെറ്റി. ബാരിക്കേഡുകൾ തട്ടിത്തെറിപ്പിച്ച്, മണ്ണ് മതിലുകൾക്ക് മേൽ ട്രാക്റ്റർ പായിച്ച് കർഷകർ ദില്ലിയിലേക്ക് മാർച്ച് ചെയ്തു. ദില്ലി അതിർത്തികളിൽ അവരെ പൊലീസ് തടഞ്ഞുവെങ്കിലും, അത് വരെ വിജയകരമായി അവർ മാർച്ച് ചെയ്തെത്തി.
ദില്ലി നഗരജീവിതം സ്തംഭിച്ചു. അതിർത്തികളിൽ കർഷകർ ക്യാമ്പുകൾ കെട്ടി. സിംഘു, ടിക്രി, ഗാസിപൂർ എന്നിവയായിരുന്നു പ്രധാനസമരകേന്ദ്രങ്ങൾ. കൊടുംതണുപ്പിൽ വൃദ്ധരും സ്ത്രീകളുമടക്കമുള്ള കർഷകർ അണിനിരന്നു. അവർക്ക് ഭക്ഷണം നൽകാൻ ക്യാമ്പുകളൊരുങ്ങി. കൃത്യമായ ആസൂത്രണത്തോടെ എല്ലാ ദിവസവും അവർ സമരപരിപാടികൾക്ക് ആഹ്വാനം നൽകി. ഉന്നതർ ഇടപെടാതെ കർഷകരെ അനുനയിപ്പിക്കാൻ വേറെ വഴിയില്ലെന്ന് കേന്ദ്രസർക്കാരിന് ഉറപ്പായി. അപ്പോഴാണ്, ദില്ലി അതിർത്തികളൊഴിഞ്ഞ്, ബുറാഡിയിൽ അനുമതി നൽകുന്ന സമരഭൂമിയിൽ സമരം തുടരാമെങ്കിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കർഷകസമരസമിതി നേതാക്കളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിക്കുന്നത്.
എന്നാൽ ഈ ആവശ്യം ആദ്യമേ തള്ളിക്കളഞ്ഞ കർഷകർ ദില്ലി നഗരമധ്യത്തിലെ ജന്തർമന്തറിൽ സമരം ചെയ്യാനനുവദിക്കണമെന്ന് തിരികെ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു.
നവംബർ 29-ന് നടന്ന മൻ കീ ബാത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പല സർക്കാരുകളും പാർട്ടികളും കർഷകർക്ക് പല വാഗ്ദാനങ്ങളും നൽകിയിട്ടുണ്ടെങ്കിലും തന്‍റെ സർക്കാരാണ് അവരുടെ ആവശ്യങ്ങൾ സഫലീകരിച്ച് നൽകിയതെന്ന് പറഞ്ഞു. അപ്പോഴും കർഷകരെ നേരിട്ട് അഭിസംബോധന ചെയ്യാൻ നരേന്ദ്രമോദി തയ്യാറായില്ല.
ഡിസംബർ 3, 5 തീയതികളിൽ രണ്ട് തവണ ഉദ്യോഗസ്ഥ, കേന്ദ്രമന്ത്രിതലത്തിൽ കർഷകസംഘടനകളുമായി ചർച്ചകൾ നടന്നെങ്കിലും അവ പരാജയപ്പെട്ടു. ഡിസംബർ 8-ന് കർഷകർ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. രാജ്യമെമ്പാടുമുള്ള കർഷകസംഘടനകൾ അവർക്ക് പിന്തുണ പ്രഖ്യാപിച്ച് സമരത്തിലണിനിരന്നു.
പിന്നീട് മൂന്ന് നിയമങ്ങളിലും ചില ഭേദഗതികൾ കൊണ്ടുവരാമെന്ന് കേന്ദ്രം പറഞ്ഞെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നത് വരെ ഒരു തരത്തിലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കർഷകർ. ഭാരതീയ കിസാൻ യൂണിയൻ ഇതിനിടെ മൂന്ന് നിയമങ്ങൾക്കുമെതിരെ സുപ്രീകോടതിയെ സമീപിച്ച് കഴിഞ്ഞിരുന്നു.
ബിജെപി കേന്ദ്രനേതൃത്വം വെറുതെയിരുന്നില്ല. അന്ന് കേന്ദ്രനിയമമന്ത്രിയായിരുന്ന രവിശങ്കർ പ്രസാദ് കർഷകർക്ക് പിന്നിൽ രാജ്യത്തെ ഭിന്നിപ്പിക്കുന്ന 'ടുക്ഡേ ടുക്ഡേ ഗ്യാംഗ്' ആണെന്ന് ആരോപിച്ചു. അന്നം തരുന്ന കർഷകരെ രാജ്യദ്രോഹികളെന്ന് വിളിച്ച കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം അലയടിച്ചു.
സുപ്രീംകോടതി ഇതിനിടെ സമരത്തിൽ പല തവണ ഇടപെടലുകൾ നടത്തി. കേന്ദ്ര- കർഷകപ്രതിനിധികൾ ഒന്നിച്ചുചേർന്ന് ഒരു സമിതി രൂപീകരിച്ച് ചർച്ച നടത്തി നിയമങ്ങൾ പിൻവലിക്കുന്ന കാര്യമാലോചിക്കണമെന്ന് സുപ്രീംകോടതി നിർദേശം മുന്നോട്ട് വച്ചു. ഇതിനിടെയും ഏഴ് തവണ കേന്ദ്രം കർഷകരുമായി ചർച്ച നടത്തിക്കഴിഞ്ഞിരുന്നു.
ജനുവരി 12-ന് മൂന്ന് വിവാദകർഷകനിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. നിയമങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ തേടാൻ നാലംഗസമിതിയെ നിയോഗിക്കുകയും ചെയ്തു.
എന്നാൽ അന്ന് തന്നെ കർഷകസമരത്തിൽ പങ്കെടുത്ത പല ആക്റ്റിവിസ്റ്റുകളെയും അറസ്റ്റ് ചെയ്യുന്ന നടപടികൾ പൊലീസ് വഴി ബിജെപി സർക്കാർ തുടങ്ങിയിരുന്നു. ദളിത് തൊഴിലവകാശ പ്രവർത്തകയായ നോദീപ് കൗറിനെ സോനിപത് പൊലീസ് അറസ്റ്റ് ചെയ്തത് സുപ്രീംകോടതി ഉത്തരവ് വന്ന അതേ ദിവസമാണ്.
സമരത്തെ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധവുമായി കർഷകനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ ട്രാക്റ്റർ പരേഡ് നടത്തുമെന്ന് കർഷകസംഘടനകൾ പ്രഖ്യാപിച്ചപ്പോൾത്തന്നെ കേന്ദ്രസർക്കാർ അത് തടയാനുള്ള എല്ലാ നടപടികളും തുടങ്ങിയിരുന്നു. ഏറെ ചർച്ചകൾക്കൊടുവിൽ അനുവദിച്ച റൂട്ടുകളിലൂടെ മാത്രം മാർച്ച് കടന്നുപോകാൻ ദില്ലി പൊലീസ് അനുമതി നൽകി.
എന്നാൽ സിംഘുവിൽ നിന്നും ഗാസിപൂരിൽ നിന്നുമുള്ള കർഷകർ അനുവദിച്ച വഴികൾ തെറ്റിച്ച് ചെങ്കോട്ടയിലേക്കും ദില്ലി ഐടിഒയിലേക്കും മാർച്ച് ചെയ്തു. അവരെ തീർത്തും നിർദ്ദയമായാണ് ദില്ലി പൊലീസ് കൈകാര്യം ചെയ്തത്. കർഷകർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ച പൊലീസ് വ്യാപകമായി ലാത്തി വീശി. കർഷകരും പൊലീസുമായുള്ള സംഘർഷത്തിൽ നിരവധി കർഷകർക്കും ചില പൊലീസുദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇതിനിടെയാണ് ചെങ്കോട്ടയിൽ കയറി ഒരു സംഘം സമരക്കാർ നിഷാൻ സാഹിബ് എന്ന പതാക ദേശീയപതാകയ്ക്ക് പകരം ഉയർത്തിക്കെട്ടിയത്. പ്രതിഷേധങ്ങൾക്കെല്ലാമിടയിൽ ഒരു കർഷകൻ കൊല്ലപ്പെട്ടു.
പ്രതിഷേധങ്ങളും സംഘർഷവും പിന്നീടുള്ള ദിവസങ്ങളിലും ദില്ലി അതിർത്തി വിട്ടൊഴിഞ്ഞില്ല. സമരം ചെയ്യുന്ന കർഷകർ രായ്ക്കുരാമാനം സമരവേദി വിട്ടൊഴിയണമെന്ന് ഉത്തർപ്രദേശ് സർക്കാരിന് കീഴിലുള്ള ഗാസിപൂർ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ആന്‍റി റയട്ട് പൊലീസ് രാത്രി കർഷകർക്ക് അഭിമുഖമായി നിരന്നതോടെ പ്രതിസന്ധിയായി. രാകേഷ് ടിക്കായത്ത് അടക്കമുള്ള കർഷകനേതാക്കൾ കർഷകർ പിന്തിരിയുന്ന പ്രശ്നമില്ലെന്ന് പ്രഖ്യാപിച്ചു.
ഇതിനെല്ലാമിടയിൽ അന്താരാഷ്ട്രതലത്തിൽ കർഷകസമരം വലിയ ശ്രദ്ധയും പിന്തുണയും നേടുകയായിരുന്നു. വിഖ്യാതപരിസ്ഥിതിപ്രവർത്തക ഗ്രെറ്റ തുൻബർഗ്, പോപ്പ് ഐക്കൺ റൈഹാന, യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ മരുമകൾ മീനാ ഹാരിസ് എന്നിവർ കർഷകരെ പിന്തുണച്ച് രംഗത്തെത്തിയത് വലിയ ചർച്ചകൾക്ക് വഴിവച്ചു.
ഇതിനിടയിലാണ്, ഗ്രെറ്റ തുൻബെർഗ് ട്വീറ്റ് ചെയ്ത ടൂൾകിറ്റുകളുടെ പേരിൽ ബെംഗളുരു സ്വദേശിയായ ദിശ രവി എന്ന വിദ്യാർത്ഥിനിയെയും ഒരു മലയാളി അഭിഭാഷകയെയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ട്രാക്റ്റർ മാർച്ചിനിടെയുണ്ടായ അക്രമത്തിൽ പല പ്രമുഖരും കർഷകരെ തള്ളിപ്പറഞ്ഞുതുടങ്ങി. ഇതിനിടെ ചെങ്കോട്ടയിൽ മതപതാക ഉയർത്തിയതിന് പഞ്ചാബി നടനും ആക്റ്റിവിസ്റ്റുമായ ദീപ് സിദ്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അപ്പോഴേക്ക് ദില്ലി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകസംഘടനകളെല്ലാം ചേർന്ന് സംയുക്ത കിസാൻ മോർച്ച (എസ്കെഎം) എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചിരുന്നു. അവരെല്ലാം ചേർന്നാകും ഇനി മുന്നോട്ടുള്ള സമരപരിപാടികൾ തീരുമാനിക്കുകയെന്ന് അവർ പ്രഖ്യാപിച്ചു. ഇതിനിടെയാണ് കർഷകനിയമങ്ങൾക്കെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസ്സാക്കുന്നത്.
മാർച്ച് 6-ന് ദില്ലി അതിർത്തികളിലെ കർഷകരുടെ സമരം നൂറാം ദിവസം പിന്നിട്ട് രണ്ട് ദിവസം പിന്നിട്ടപ്പോഴേക്ക് സമരവേദിയിലേക്ക് കർഷകരുടെ നേരെ വെടിവെപ്പുണ്ടായി. ആർക്കും പരിക്കേറ്റില്ലെങ്കിലും ഈ സംഭവം വലിയ വിവാദത്തിനാണ് വഴിവച്ചത്. ഇത് കർഷകരുടെ സമരവീര്യം കൂട്ടിയതേയുള്ളൂ. വേണമെങ്കിൽ 2024 വരെ സമരം തുടരാനുള്ള പദ്ധതി തങ്ങൾക്കുണ്ടെന്ന് കർഷകസമരനേതാവ് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചു. ജൂൺ 5-ന് കർഷക ഓർഡിനൻസുകൾ പുറപ്പെടുവിച്ച ദിവസം സമ്പൂർണ വിപ്ലവദിനമായി ആചരിച്ച കർഷകർ ജൂൺ 26-ന് വീണ്ടും പാർലമെന്‍റ് മാർച്ച് നടത്തി. അന്ന് രാജ്യമൊട്ടാകെ നിരവധി കർഷകർ സമരങ്ങൾക്കിടെ അറസ്റ്റിലായി.
ജൂലൈയിൽ വർഷകാലസമ്മേളനത്തിന് സമാന്തരമായി പാർലമെന്‍റ് ഹൗസിന് സമീപം ഇരുന്നൂറോളം കർഷകർ കിസാൻ സൻസദ് എന്ന സമ്മേളനം സംഘടിപ്പിച്ചു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി അടക്കമുള്ളവർ സമരത്തിന് ട്രാക്റ്ററിൽ കയറി പിന്തുണയുമായി എത്തി. ഓഗസ്റ്റ് ആദ്യവാരം 14 പ്രതിപക്ഷപാർട്ടി നേതാക്കൾ കിസാൻ സൻസദിന് പിന്തുണയുമായി മാർച്ച് ചെയ്തെത്തി.
ബിജെപി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നടത്തിയ ഒരു പൊതുസമ്മേളനത്തിന് സമീപത്ത് കർഷകർ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് ക്രൂരമായ ലാത്തിച്ചാർജ് നടത്തിയതോടെ, കർഷകസമരം വീണ്ടും രാജ്യശ്രദ്ധയിലെത്തി. കർഷകരുടെ തല തച്ചുപൊട്ടിക്കാൻ ആക്രോശിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ആയുഷ് സിൻഹയുടെ വീഡിയോ പുറത്തുവന്നതോടെ സർക്കാർ വീണ്ടും പ്രതിരോധത്തിലായി.
സെപ്റ്റംബറിൽ യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സർക്കാരിനെ വെല്ലുവിളിച്ച് മുസഫർ നഗറിൽ കർഷകർ മഹാപഞ്ചായത്ത് വിളിച്ചുചേർത്തു. പതിനായിരക്കണക്കിന് കർഷകർ അണിനിരന്ന ആ മഹാപഞ്ചായത്ത് യഥാർത്ഥത്തിൽ യോഗി സർക്കാരിന്‍റെ മുട്ടിടിപ്പിച്ചു.
കർണാലിൽ കർഷകരെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്യാൻ ഉത്തരവിട്ട ആയുഷ് സിൻഹയ്ക്കെതിരെ സമരം ശക്തമായതോടെ ഉദ്യോഗസ്ഥനോട് ലീവിൽ പോകാൻ ഹരിയാന സർക്കാർ ഉത്തരവിട്ടു.
ഇതിനെല്ലാമിടയിലാണ് ലഖിംപൂർ ഖേരിയിൽ ഒക്ടോബർ മൂന്നാം തീയതി കേന്ദ്ര ആഭ്യന്തരമന്ത്രി അജയ് മിശ്രയുടെ വാഹനം തടഞ്ഞ കർഷകർക്ക് നേരെ കേന്ദ്രമന്ത്രിയുടെ മകൻ വണ്ടിയോടിച്ച് കയറ്റുന്നത്. രാജ്യത്തെ ഞെട്ടിച്ച ഈ ആക്രമണത്തിൽ എട്ട് പേർ ഈ വണ്ടിക്കടിയിൽപ്പെട്ട് കൊല്ലപ്പെട്ടു. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ഒരു പ്രാദേശികമാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു. പത്ത് കർഷകർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ അജയ് മിശ്രയുട മകൻ ആശിഷ് മിശ്രയെ ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ യുപി പൊലീസ് അറസ്റ്റ് ചെയ്തു.
ഇതോടെ കേന്ദ്രസർക്കാരിന് നിൽക്കക്കള്ളിയില്ലാതായി. നവംബർ 19-ന് മൂന്ന് വിവാദകർഷകനിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷൻ പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു.
കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ
# താങ്ങുവില സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തും.
# ദില്ലി, ഹരിയാന, യുപി എന്നിവിടങ്ങളിലെ കേസുകൾ പിൻവലിക്കും
# മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം
# വൈദ്യുതി ഭേദഗതി ബില്ലിൽ എല്ലാവരുമായി സമഗ്ര ചർച്ച നടത്തും
# മലിനീകരണ നിയന്ത്രണ നിയമത്തിലെ കർഷകർക്കെതിരായ ക്രമിനൽ നടപടി നീക്കം ചെയ്യും.
കർഷകർ തത്കാലം വിട്ടുവീഴ്ച ചെയ്ത വിഷയങ്ങൾ
# താങ്ങുവില നിയമപരമാക്കുക
# ലഖീംപൂർ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ രാജി
സമീപകാല സമരങ്ങള്‍ പലതും പാതിവഴിയില്‍ അവസാനിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ പോലും സമ്മർദ്ദങ്ങളിൽ വീഴാതെ വെല്ലുവിളികളെ അതിജീവിച്ചതാണ് കർഷകസമരത്തിന്‍റെ വിജയം. കർഷകസംഘടനകള്‍ തമ്മില്‍ അവസാനം വരെ ഉണ്ടായിരുന്ന അഭിപ്രായ ഐക്യവും സന്നദ്ധ സംഘടനകളുടെ സഹായവും സമരത്തില്‍ നിര്‍ണായകമായി.
ഒരു സമരം പരാജയപ്പെടാനുള്ള കാരണങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിക്കാൻ കർഷക സംഘടനകള്‍ക്ക് ആദ്യം മുതല്‍ തന്നെ കഴിഞ്ഞിരുന്നു. അടുത്തൊന്നും അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല തങ്ങളുടെ സമരമെന്ന തിരിച്ചറിവില്‍ സമരവേദികളെ അവര്‍ ചെറുഗ്രാമങ്ങളാക്കി മാറ്റി. ഭക്ഷണം, താമസം, ശുചിമുറികള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തന്നെ ഒരുക്കി എത്ര നാള്‍ വേണമെങ്കിലും പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന തലത്തിലേക്ക് ആസൂത്രണം ചെയ്തു. സമരത്തെ ഏതെങ്കിലും തരത്തില്‍ ബ്രാന്‍റ് ചെയ്യാനുള്ള ശ്രമങ്ങളെയും വിജയകരമായി കർഷകര്‍ അതിജീവിച്ചു. സമരത്തില്‍ ഖാലിസ്ഥാന്‍ തീവ്രവാദികളെന്ന ആരോപണം, വിദേശഫണ്ടിങ്, സമരത്തിനുള്ള ടൂള്‍കിറ്റ്, ഹരിയാന - പഞ്ചാബ് സംസ്ഥാനങ്ങളിലെ ജലവിതരണ തർക്കം എന്നിങ്ങനെ ഉയർന്നുവന്ന ഒരു വിവാദങ്ങളിലും ആരോപണങ്ങളിലും കർഷകർ വീണില്ല.
റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷത്തോടെ വഴിതെറ്റുമായിരുന്ന സമരത്തിലും അടിപതറാതെ മുന്നോട്ട് പോയതാണ് പിന്നീട് സർക്കാരിനെ പുനർവിചിന്തിനത്തിലേക്ക് പോലും നയിച്ചത് . പിന്തുണ നല്‍കാനെത്തിയ രാഷട്രീയ പാർട്ടികളെ സഹർഷം സ്വാഗതം ചെയ്തെങ്കിലും ഒരു ഘട്ടത്തില്‍ പോലും സമരത്തില്‍ ഇടപെടാന്‍ കർഷകർ അനുവദിച്ചില്ല . പ്രതിപക്ഷമാണ് സമരത്തിന് പിന്നിലെന്ന ബിജെപിയുടെ ആരോപണം ഏശാതിരുന്നത് തന്നെ ഇതുകൊണ്ടാണ്.
സമരത്തിലെ സാമ്പത്തിക സഹായം നല്‍കിയിരുന്ന സംഘടനകള്‍ക്ക് നേരെ ഇഡി നടപടി ഉണ്ടായെങ്കിലും കാര്യമായ പ്രതിസന്ധിയിലേക്ക് നയിച്ചില്ല. പഞ്ചാബിലേയും ഹരിയാനയിലേയും കർഷകരുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം പിന്നീട് രാജ്യമാകെയുള്ള മുന്നേറ്റമാക്കി മാറ്റാന്‍ കർഷക സംഘടനകള്‍ക്ക് കഴിഞ്ഞു. ജാതിക്കും മതത്തിനും അതീതമായി കർഷരെന്ന സ്വത്വം ഉയർത്തിപ്പിടിച്ചുള്ള സമരം ആഗോള തലത്തില്‍ തന്നെയുള്ള കര്‍ഷകസമരങ്ങളിലെ മികച്ച മാതൃകകളില്‍ ഒന്നായി കൂടി മാറി. 2021 ഇന്ത്യയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക കർഷകരുടെ, അവരുടെ ഇച്ഛാശക്തിയുടെ വിജയത്തിന്‍റെ വർഷമെന്നാകും, അതുറപ്പ്.
ഒരു വർഷക്കാലം കർഷകസമരം റിപ്പോർട്ട് ചെയ്ത ഞങ്ങളുടെ ദില്ലിയിലെ പ്രതിനിധി പി ആർ സുനിൽ പറയുന്നത് കേൾക്കാം: