മോദിയുടെ മൂന്നാമൂഴം, മൂക്കുകയറിൽ മുറുകെ പിടിക്കാൻ മുന്നണിയുണ്ട്; പതിറ്റാണ്ടിന് ശേഷം ഒരു പ്രതിപക്ഷ നേതാവും

400 സീറ്റിലേറെ നേടികൊണ്ട് ബി ജെ പി അധികാരത്തുടർച്ച നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം എല്ലാ കവലകളിലും വിളിച്ചു പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം കൈകോർത്താൽ മോദി സർക്കാർ നിലംപൊത്തുമെന്ന് പ്രതിപക്ഷവും

Year Ender 2024 loksabha election 2024 PM Modi third time Rahul Gandhi opposition leader first time

ദില്ലി: അടുത്ത 5 വർഷം രാജ്യം ആര് ഭരിക്കണമെന്ന കാര്യത്തിൽ ഇന്ത്യൻ ജനത വിധി കുറിച്ച വർഷമായിരുന്നു 2024. വലിയ അവകാശവാദങ്ങളും പോർവിളികളും കണ്ട തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. പതിവിലും കൂടുതൽ ഇന്ത്യൻ രാഷ്ട്രീയം തിളച്ചുമറിഞ്ഞു. 400 സീറ്റിലേറെ നേടികൊണ്ട് ബി ജെ പി അധികാരത്തുടർച്ച നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം എല്ലാ കവലകളിലും വിളിച്ചു പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം കൈകോർത്താൽ മോദി സർക്കാർ നിലംപൊത്തുമെന്ന് പ്രതിപക്ഷവും. വാശിയേറിയ പോർവിളികൾക്കൊടുവിൽ ഇന്ത്യൻ ജനതയുടെ 'വിധി' പുറത്തുവന്നപ്പോൾ അത് ഇരുപക്ഷത്തിന്‍റെയും പ്രതീക്ഷകൾ അസ്ഥാനത്താക്കുന്നതായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

Year Ender 2024 loksabha election 2024 PM Modi third time Rahul Gandhi opposition leader first time

സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ബിജെപി: കേന്ദ്ര മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ ബിജെപി തന്നെ ഭരിക്കും

400 സീറ്റ് നേടി ചരിത്രം കുറിക്കുമെന്ന് പ്രഖ്യാപിച്ച മോദി സർക്കാരിന് മുന്നണിയുടെ 'സമ്മർദ്ദ'ത്തിൽ ഭരിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. പ്രതിപക്ഷത്തിനാകട്ടെ കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമായ വികാരവും. 2019 ലേതിനേക്കാൾ സീറ്റുകൾ നേടി ഒറ്റയ്ക്ക് ഭരിക്കാമെന്ന ബി ജെ പിയുടെയും മോദിയുടെയും പ്രഖ്യാപനങ്ങൾ കാറ്റിൽ പറന്നു. 303 സീറ്റിൽ നിന്ന് ബി ജെ പിയുടെ വിജയം 240 ലേക്ക് നിലംപൊത്തി. കേവല ഭൂരിപക്ഷത്തിന് 33 സീറ്റുകൾ അകലെയായതോടെ മുന്നണിയുടെ മൂക്കകയറിലേക്ക് നരേന്ദ്ര മോദിക്കും ബി ജെ പിക്കും വഴി മാറേണ്ടിവന്നു. കിംഗ് മേക്കർമാരായി ജെ ഡി യുവിന്‍റെ നിതീഷ് കുമാറും തെലുഗുദേശത്തിന്‍റെ ചന്ദ്രബാബു നായിഡുമും മാറി. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നിതീഷും നായിഡുവും മറിഞ്ഞാൽ രാജ്യ ഭരണം ആർക്കും സ്വന്തമാക്കാമെന്ന അവസ്ഥയിലാണ് ഇപ്പോഴും കാര്യങ്ങൾ. എന്നാൽ മുന്നണിയായി മത്സരിച്ചതിന്‍റെ മര്യാദ കൃത്യമായി പാലിച്ച് ഇരുവരും എൻ ഡി എക്ക് ഒപ്പം നിന്നതോടെ മോദി സർക്കാർ മൂന്നാമൂഴത്തിലേക്ക് കടന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം ഏകഛത്രാധിപതിയെ പോലെ രാജ്യം ഭരിച്ച ബി ജെ പിയെയും മോദിയെയും സംബന്ധിച്ച് 'മുന്നണി' ഉയർത്താൻ പോകുന്ന വെല്ലുവിളികൾ കണ്ട് തന്നെ അറിയണം.

Year Ender 2024 loksabha election 2024 PM Modi third time Rahul Gandhi opposition leader first time

ഒരു ദശാബ്ദത്തിന് ശേഷം 'ഇന്ത്യ'ക്കൊരു പ്രതിപക്ഷ  നേതാവ്

അപ്പോഴും പ്രതിപക്ഷത്തിന് പതിറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജമാണ് ലഭിച്ചതെന്ന് പറയാതിരിക്കാനാകില്ല. ഒരു ദശാബ്ദത്തിനിപ്പുറം ലോക്സഭയിലൊരു പ്രതിപക്ഷ നേതാവിനെ സൃഷ്ടിക്കാൻ സാധിച്ചു എന്നത് തന്നെയാണ് 'ഇന്ത്യ' മുന്നണിയുടെ വലിയ നേട്ടം. കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടപ്പെട്ടതാണെന്നും ഒന്നുകൂടി ആഞ്ഞ് ശ്രമിച്ചിരുന്നെങ്കിൽ ഭരണം കയ്യിലിരുന്നേനെയെന്നും 'ഇന്ത്യ' സഖ്യത്തിൽ വിലയിരുത്തലുണ്ട്. അപ്പോഴും നിതിഷും നായിഡുവും എപ്പോൾ വേണമെങ്കിലും പാലം വലിച്ചേക്കുമെന്ന പ്രതീക്ഷയും മുന്നണി മറച്ചുവയ്ക്കുന്നില്ല. അമ്പത് സീറ്റ് പോലും ഇല്ലാത്ത സാഹചര്യത്തിൽ നിന്ന് കോൺഗ്രസിന് 99 എം പിമാരെ ലോക്സഭയിൽ എത്തിക്കാനായത് രാഹുൽ ഗാന്ധിയെ സംബന്ധിച്ചടുത്തോളം വലിയ നേട്ടം തന്നെയാണ്. ഒപ്പം രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവ് എന്ന പദവിയിലെ ഉത്തരവാദിത്വവും വർധിക്കും.

Year Ender 2024 loksabha election 2024 PM Modi third time Rahul Gandhi opposition leader first time

2024 ലെ ജനവിധി ഇങ്ങനെ

നരേന്ദ്ര മോദിയും ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിയും പ്രതീക്ഷിച്ച വിജയമല്ല ഇത്തവണ ലഭിച്ചത്. ലോക്‌സഭയിൽ 400 സീറ്റുകൾ എന്ന ലക്ഷ്യവുമായി പോരാട്ടത്തിനിറങ്ങിയ ബി ജെ പി 240 സീറ്റുകളിലക്കാണ് വീണത്. 2019 ലും 2014 ലും യഥാക്രമം നേടിയ 303, 282 സീറ്റുകളിൽ നിന്നാണ് ബി ജെ പി 240 സീറ്റുകളിലേയ്ക്ക് പതിച്ചത്. കേവല ഭൂരിപക്ഷത്തിൽ (272) നിന്ന് 32 സീറ്റുകളുടെ അകലം വന്നതോടെ 'എൻ ഡി എ മുന്നണി'ക്കും പതിവിലും വലിയ ഡിമാൻഡ് ആയി. പ്രത്യേകിച്ചും ചന്ദ്രബാബു നായിഡുവിന്‍റെ ടി ഡി പിക്കും നിതീഷിന്‍റെ ജെ ഡി യുവിനും. അതുകൊണ്ടുതന്നെ നിതീഷിനെയും നായിഡുവിനെയും പിണക്കിയാൽ വലിയ പ്രതിസന്ദിയാകും മോദി 3.0 നേരിടുക. എപ്പോൾ വേണമെങ്കിലും മുന്നണി മാറി ശീലമുള്ളവരാണ് നിതീഷും നായിഡുവുമെന്നതിനാൽ തന്നെ 'ഇന്ത്യ' സഖ്യത്തിനും പ്രതീക്ഷകൾ തുടരാം എന്നതാണ് 2024 ൽ ഇന്ത്യൻ ജനത കുറിച്ചുവച്ച 'വിധി'.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios