ഇലക്ടറൽ ബോണ്ടിലും ബിൽക്കിസ് ബാനു കേസിലും അടക്കം സുപ്രധാന വിധികൾ; ഇന്ത്യൻ ജുഡീഷ്യറിയെ പുനർനിർവചിച്ച 2024

രാജ്യത്തിന്‍റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ഘടനയിൽ മായാത്ത സ്വാധീനം ചെലുത്തിയ സുപ്രധാന വിധികൾ 2024ൽ ഉണ്ടായി. 

year ender 2024 landmark judgements supreme court of india

ഏകദേശം 1,000 വിധിന്യായങ്ങൾ പുറപ്പെടുവിച്ച 2024 സുപ്രീംകോടതിയെയും ഇന്ത്യൻ  ജുഡീഷ്യറിയെയും  സംബന്ധിച്ചിടത്തോളം നിർണായക വർഷമാണ്. അവയിൽ, 6 സുപ്രധാന വിധിന്യായങ്ങൾ രാജ്യത്തിന്‍റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ഘടനയിൽ മായാത്ത സ്വാധീനം ചെലുത്തി. അവ ഏതെന്ന് നോക്കാം...

ഇലക്ടറൽ ബോണ്ട്

ഒന്നാം മോദി സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് സംവിധാനത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതിയുടെ നിർണായക വിധി വന്നത് 2024ലാണ്. ഇലക്ടറൽ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1) (എ) അനുച്ഛേദത്തിന്റെയും ലംഘനമാണെന്നും രാഷ്ട്രീയ പാർട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും വ്യക്തമാക്കി കൊണ്ടാണ് ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

ബിൽക്കിസ് ബാനു കേസ്

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ​വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്‍റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയത് 2024 ജനുവരിയിലാണ്. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറഞ്ഞത്.  ഗുജറാത്ത് സർക്കാരിന്‍റെ ഉത്തരവ് നിയമപരമല്ല. നിയമം അനുസരിച്ച് എടുക്കേണ്ട തിരുമാനം അല്ല ഗുജറാത്ത് സർക്കാരിൽ നിന്ന് ഉണ്ടായത്. അധികാരം ഇല്ലാത്ത അധികാരിയാണ് ഉത്തരവ് ഇറക്കിയതെന്നും കോടതി പരാമര്‍ശിച്ചിരുന്നു.

കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുന്നതും കുറ്റകരം

കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം ആണെന്നുള്ള സുപ്രീം കോടതിയുടെ നിര്‍ണായക വിധി വന്നത് 2024 സെപ്റ്റംബറിലാണ്. ഏതെങ്കിലും തരത്തിൽ നേട്ടമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് എന്ന് തെളിയിക്കപ്പെടുകയാണെങ്കിൽ പോക്സോ നിയമത്തിന്റെ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ആണ് സുപ്രധാനമായ ഈ വിധി പ്രസ്താവം. കുട്ടികളുടെ അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.

ശൈശവ വിവാഹം

വ്യക്തിനിയമങ്ങൾ കൊണ്ട് ശൈശവ വിവാഹ നിരോധന നിയമം മരവിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതും 2024ലെ സുപ്രധാന നടപടിയാണ്. ശൈശവ വിവാഹം പ്രായപൂർത്തിയാകാത്തവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്ന ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക വിധി.

മോദിയുടെ മൂന്നാമൂഴം, മൂക്കുകയറിൽ മുറുകെ പിടിക്കാൻ മുന്നണിയുണ്ട്; പതിറ്റാണ്ടിന് ശേഷം ഒരു പ്രതിപക്ഷ നേതാവും

വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമല്ല

ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി നവംബറിൽ വിധിച്ചിരുന്നു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി. മുംബൈയിൽ ഒരു യുവാവിനെതിരെ നൽകിയ ലൈംഗിക പീഡന പരാതി റദ്ദാക്കി കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന വിധി. ദീര്‍ഘകാലം ഉഭയ സമ്മതത്തോടെ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഖകരം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പ്രത്യേക സംവരണം

പട്ടികജാതി വിഭാഗങ്ങളിലെ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പ്രത്യേക സംവരണത്തിന് അര്‍ഹതയുണ്ടെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി ചോദ്യം ചെയ്തുള്ള പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത് 2024 ഒക്ടോബറിലാണ്. സംവരണത്തില്‍ ഉപവര്‍ഗീകരണം ആകാമെന്നും കൂടതല്‍ പിന്നാക്ക അവസ്ഥയിലുള്ളവര്‍ക്കു കൂടുതല്‍ പരിഗണന വേണമെന്നും അപ്പീലുകള്‍ തള്ളിക്കൊണ്ട് വിശാല ബെഞ്ച് വിധി പ്രസ്താവിച്ചു. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റേതാണ് തീരുമാനം.

ഇന്ത്യൻ രാഷ്ട്രീയത്തിലെ താക്കോൽ സ്ഥാനങ്ങൾ കാത്തവരും വെട്ടിപ്പിടിച്ചവരും; 2024ലെ പ്രധാന സത്യപ്രതിജ്ഞകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios