ലോകത്തെ ഏറ്റവും വലിയ യുദ്ധവിമാന കരാറിന് ഇന്ത്യ; 114 വിമാനങ്ങള്‍ വാങ്ങുന്നത് 1.1 ലക്ഷം കോടിക്ക്
കരാര്‍ ലഭിക്കുന്നതിനായി ബോയിംഗ്, ലോക്ക് ഹീഡ് മാര്‍ട്ടിന്‍, സാബ് എ ബി തുടങ്ങിയ വമ്പന്‍ യുദ്ധവിമാന നിര്‍മാണ കമ്പനികള്‍ രംഗത്തുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ പഠിച്ച് കൃത്യമായ തീരുമാനമെടുക്കുമെന്നും വ്യോമയാന സഹമന്ത്രി ശ്രീപദ് നായിക് അറിയിച്ചു.
ദില്ലി: ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കരാറിന് തുടക്കം കുറിച്ച് ഇന്ത്യ. 114 യുദ്ധ വിമാനങ്ങള്‍ വാങ്ങാനായി 1500 കോടി ഡോളറിന്‍റെ(1.1 ലക്ഷം കോടി രൂപ) ഇടപാടിനാണ് രാജ്യം തയ്യാറെടുക്കുന്നത്. നടപടി ക്രമങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലോകത്ത് ആദ്യമായാണ് ഇത്രയും തുകയുടെ യുദ്ധവിമാന കരാര്‍ നടക്കുന്നത്. കരാര്‍ ലഭിക്കുന്നതിനായി ബോയിംഗ്, ലോക്ക് ഹീഡ് മാര്‍ട്ടിന്‍, സാബ് എ ബി തുടങ്ങിയ വമ്പന്‍ യുദ്ധവിമാന നിര്‍മാണ കമ്പനികള്‍ രംഗത്തുണ്ട്.
കമ്പനികളെ വിലയിരുത്തല്‍ തുടരുകയാണെന്നും ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ പഠിച്ച് കൃത്യമായ തീരുമാനമെടുക്കുമെന്നും വ്യോമയാന സഹമന്ത്രി ശ്രീപദ് നായിക് പാര്‍ലമെന്‍റില്‍ അറിയിച്ചു. നേരത്തെ നാവിക സേനയെ ശക്തിപ്പെടുത്താനായി യുദ്ധക്കപ്പലുകളും മറ്റ് ഉപകരണങ്ങളും വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കൂറ്റന്‍ കരാറിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രം, ഇന്തോ-പസിഫിക് മേഖലകളില്‍ ചൈനീസ് സാന്നിധ്യം പിടിമുറുക്കുന്നതിന്‍റെ ഭാഗമായാണ് നാവിക സേനയും ആയുധങ്ങള്‍ വാങ്ങുന്നത്.