മണിപ്പൂരിലെ 'വിളക്കേന്തിയ വനിതകള്‍', ആരാണ് മൈറ പൈബിസ്?
ലഹരിക്കെതിരായ കൂട്ടായ്മയായി 1977-ലാണ് മൈറ പൈബിസ് മണിപ്പൂരില്‍ രൂപം കൊള്ളുന്നത്. മെയ്തെയ് വിഭാഗത്തില്‍പ്പെട്ട, സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള സ്ത്രീകള്‍ ഈ കൂട്ടായ്മയിലുണ്ട്.
രണ്ട് മാസത്തിലധികമായി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ സൈന്യത്തെ തടയുകയും അക്രമികളെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിരുന്നു. ക്രമസമാധാന ചുമതലയിലുള്ള സൈന്യത്തിന്റെ, സ്പിയര്‍ കോര്‍ അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഘടിതമായെത്തി സൈന്യത്തെ പ്രതിരോധത്തിലാക്കി കലാപകാരികളെ രക്ഷപ്പെടുത്തുന്നത് മൈറ പൈബിസ് എന്ന കൂട്ടായ്മയാണ്.
ആരാണ് മൈറ പൈബിസ്?
ലഹരിക്കെതിരായ കൂട്ടായ്മയായി 1977-ലാണ് മൈറ പൈബിസ് മണിപ്പൂരില്‍ രൂപം കൊള്ളുന്നത്. മെയ്തെയ് വിഭാഗത്തില്‍പ്പെട്ട, സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള സ്ത്രീകള്‍ ഈ കൂട്ടായ്മയിലുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇവര്‍ റോന്ത് ചുറ്റും. രാത്രിയില്‍ കത്തിച്ചു പിടിച്ച ടോര്‍ച്ചും കയ്യില്‍ പിടിച്ചാണ് നടത്തം. ആദ്യ കാലത്ത് വലിയ മണ്ണെണ്ണ വിളക്കുകളായിരുന്നു ഉപയോഗിച്ചിരുന്നത്, ടോര്‍ച്ച് ലൈറ്റ് വന്നപ്പോള്‍ അതിലേക്ക് മാറി.
അങ്ങനെയാണ് വിളക്കേന്തിയ വനിത എന്നര്‍ത്ഥമുള്ള മൈറ പൈബി എന്ന പേര് ഈ കൂട്ടായ്മക്ക് ലഭിച്ചത്. 'മണിപ്പൂരിന്റെ അമ്മമാര്‍' എന്നും ഇവര്‍ അറിയപ്പെടുന്നുണ്ട്. രാത്രിയില്‍ വിളക്കുമായി പട്രോളിങ് നടത്തിയ ഇവര്‍, ലഹരി ഉപയോഗിച്ച് വഴിയില്‍ കിടന്നവരെയെല്ലാം അടിക്കുകയും മദ്യക്കടകള്‍ക്ക് തീ വെക്കുകയും ചെയ്തു. ഇതോടെ ലഹരി ഉപയോഗം നിയന്ത്രിക്കാനായി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തി.
ഗോത്രത്തിനിടയില്‍ വലിയ ബഹുമാനവും സ്വീകാര്യതയും ഇവര്‍ക്കുണ്ട്. പ്രത്യേകിച്ച് ഒരു സംഘടിത രൂപമില്ല. മുതിര്‍ന്ന സ്ത്രീകളാണ് നേതൃത്വത്തിലുണ്ടാവുക, രാഷ്ട്രീയ ചായ്വ് ഇല്ല, നിശ്ചിതമായ ഘടനയില്ല, അധികാരക്രമവും ഇല്ല. ലഹരിക്കെതിരായ പോരാട്ടത്തിനായി തുടങ്ങിയ ഈ കൂട്ടായ്മ പിന്നീട് എല്ലാ സാമൂഹിക വിഷയങ്ങളിലും ഇടപെടാന്‍ തുടങ്ങി.
70 -കളുടെ അവസാനം മണിപ്പൂര്‍ കലാപ കലുഷിതമായ സമയം കൂടി ആയിരുന്നു. കലാപം നിയന്ത്രിക്കാനായി സംസ്ഥാനത്ത് സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നിയമം നടപ്പിലാക്കി. സൈന്യം നിയമം ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് വലിയ പ്രതിഷേധങ്ങള്‍ മൈറ പൈബിസ് നടത്തി. വിഷയം രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഈ പ്രതിഷേധങ്ങള്‍ക്ക് കഴിഞ്ഞു. ലോകത്ത് അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട മികച്ച കൂട്ടായ്മകളില്‍ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഈ നിയമം പിന്‍വലിക്കാനായി 2000 മുതല്‍ 2016 വരെ 16 വര്‍ഷം നിരാഹാര സമരം നടത്തിയ ഇറോം ഷര്‍മിളയ്ക്ക് മുന്നിലും പിന്നിലും മൈറ പൈബിസ് ഉണ്ടായിരുന്നു. പുറത്തുനിന്നുള്ളവര്‍ ഗോത്ര മേഖലകളില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥക്കായി 2015-ല്‍ വലിയ സമരങ്ങള്‍ മണിപ്പൂരില്‍ നടന്നു. അതില്‍ മുഖ്യ പങ്കുവഹിച്ചതും മൈറ പൈബിസാണ്.
കലാപവേളയിലെ മൈറ പൈബിസ്
സമാധാന ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിലെത്തി സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് മൈറ പൈബിസ് അംഗങ്ങളെയും അദ്ദേഹം കണ്ടു. സമാധാന ശ്രമങ്ങള്‍ക്ക് അവരുടെ സഹായവും സഹകരണവും അഭ്യര്‍ത്ഥിച്ചു. എന്നാല്‍, മെയ്തെയ് വിഭാഗത്തിലെ കലാപകാരികളെ സംരക്ഷിക്കുകയായിരുന്നു ഈ കൂട്ടായ്മ.
ജൂണില്‍ ഇംഫാല്‍ ഈസ്റ്റിലെ ഇഥാം ഗ്രാമത്തില്‍ നിരോധിത മെയ്തെയ് ഭീകര സംഘടനയായ കെ വൈ കെ എല്ലിന്റെ 12 പ്രവര്‍ത്തകരെ പട്ടാളത്തെ തടഞ്ഞു നിര്‍ത്തി സ്ത്രീകള്‍ ബലമായി മോചിപ്പിച്ചു. ആയിരത്തോളം സ്ത്രീകള്‍ പട്ടാളത്തിന് നേരെ തിരിഞ്ഞതോടെ സംഘര്‍ഷം ഒഴിവാക്കാനായി സൈന്യം ബലപ്രയോഗം നടത്തിയില്ല. പിന്നില്‍ പ്രവര്‍ത്തിച്ചത് മൈറ പൈബിസ്. 2015-ല്‍ ഡോഗ്ര റെജിമെന്റിന്റെ വാഹന വ്യൂഹം ബോംബിട്ട് തകര്‍ത്ത്, 18 സൈനികരെ കൊലപ്പെടുത്തിയ ഭീകര സംഘടനയാണ് കെ വൈ കെ എല്‍.
സായുധരായ കലാപകാരികള്‍ക്ക് എസ്‌കോര്‍ട്ട് പോവുക, സൈനിക നീക്കങ്ങളുടെ വേഗത കുറക്കാനായി വഴിയില്‍ കിടങ്ങുകളുണ്ടാക്കുക, ആംബുലന്‍സുകളിലടക്കം കലാപകാരികളെ രക്ഷപ്പെടുത്തുക തുടങ്ങിയ പ്രവൃത്തികളാണ് മൈറ പൈബിസ് ഇപ്പോള്‍ ചെയ്യുന്നത്.
ചരിത്രത്തില്‍ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത സംഘര്‍ഷാവസ്ഥയിലാണ് മണിപ്പൂരുള്ളത്. എല്ലാ വിഭാഗങ്ങളും ഇതു കാരണം പ്രതിസന്ധി നേരിടുന്നുണ്ട്. നിരവധി സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഒരു കൂട്ടായ്മയുടെ ഇത്തരം നടപടികള്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് തല്‍സമയം യൂട്യൂബില്‍ കാണാം: