വനിത സംവരണ ബിൽ പിന്നാക്ക വിഭാ​ഗത്തെയും ​ന്യൂനപ​ക്ഷങ്ങളെയും അവ​ഗണിച്ചു; അതിനാലാണ് എതിർത്തതെന്ന് ഒവൈസി

454 പേരുടെ പിന്തുണയോടെയാണ് വനിത സംവരണ ബില്‍ ലോക് സഭയില്‍ പാസായത്. എഐഎംഐഎമ്മിന്‍റെ രണ്ട് എംപിമാര്‍ ബില്ലിനെ എതിര്‍ത്തു. 

Women Reservation Bill ignored backward classes and minorities says Asaduddin Owaisi

ദില്ലി: വനിത സംവരണ ബിൽ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും അവഗണിച്ചതു കൊണ്ടാണ് എതിർത്ത് വോട്ട് ചെയ്തതെന്ന് അസദുദ്ദീൻ ഒവൈസി.  ഇരുവിഭാഗങ്ങളെയും സർക്കാർ വഞ്ചിക്കുകയാണ് ചെയ്തത്.  പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയതിൽ ബിആർ എസും സർക്കാരിനെതിരെ പ്രചാരണം നടത്തും. 454 പേരുടെ പിന്തുണയോടെയാണ് വനിത സംവരണ ബില്‍ ലോക് സഭയില്‍ പാസായത്. എഐഎംഐഎമ്മിന്‍റെ രണ്ട് എംപിമാര്‍ ബില്ലിനെ എതിര്‍ത്തു. നിയമമാകുമ്പോള്‍ നാരി ശക്തി ആദര നിയമം എന്ന പേരിലാകും അറിയപ്പെടുക. വനിത സംവരണത്തിനുള്ളില്‍ സംവരണം വേണമെന്ന് ചര്‍ച്ചയില്‍  പ്രതിപക്ഷം ആവശ്യപ്പെട്ടു. 

ഇന്നലെ ഏഴ് മണിയോടെ തുടങ്ങിയ വോട്ടിംഗ് നടപടികള്‍ നീണ്ടത്  രണ്ട് മണിക്കൂറിലേറെ. സ്ലിപ് നല്‍കിയായിരുന്നു വോട്ടെടുപ്പ്. ബില്ല് പരിഗണനക്കെടുക്കുന്നതിനെ 454 പേര്‍ അനുകൂലിച്ചു. അസദുദ്ദീന്‍ ഒവൈസിയും എഐഎംഐഎമ്മിന്‍റെ തന്നെ മറ്റൊരു എംപിയുമായ ഇംതിയാസ് ജലീലും ബില്ലിനെ എതിര്‍ത്തു. ബില്ലില്‍ മുസ്ലീം സംവരണം ഇല്ലാത്തതിനാലാണ് എഐഎംഐഎം എതിര്‍ത്ത് വോട്ട് ചെയ്തത്. ബില്ലിലെ 6 വകുപ്പുകളും വോട്ടിനിട്ട്  പാസാക്കി. ഒടുവില്‍ വനിത സംവരണ ബില്‍ ലോക് സഭയില്‍ പാസാക്കിയതായി സ്പീക്കര്‍ അറിയിച്ചു.

ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. നാളെയായിരിക്കും രാജ്യസഭയില്‍ ചര്‍ച്ചയും വോട്ടെടുപ്പും. ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒരു പോലെ പിന്തുണക്കുന്ന സാഹചര്യത്തില്‍ രാജ്യസഭയിലും ബില്ല് പാസാകും. സെന്‍സെസ്, മണ്ഡല പുനര്‍ നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയായാലേ നിയമം നടപ്പാക്കാനാകൂ. വരുന്ന ലോക് സഭ തെരഞടുപ്പിന് ശേഷമേ ഈ നടപടികള്‍ തുടങ്ങൂയെന്ന് അമിത്ഷാ വ്യക്തമാക്കിയതോടെ  വനിത സംവരണം 2024ലുണ്ടാകില്ലെന്ന് സ്ഥിരീകരണമായി. 

വനിത സംവരണത്തിനുള്ളില്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണ വേണമെന്ന ആവശ്യം ബില്ലിന്മേല്‍ ലോക് സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിച്ചു. ഒബിസി വിഭാഗങ്ങളെ സര്‍ക്കാര്‍  അവഗണിച്ചുവെന്ന പ്രതിപക്ഷ ആക്ഷേപത്തെ ഒബിസിക്കാരനായ പ്രധാനമന്ത്രിയെയാണ് ബിജെപി രാജ്യത്തിന് നല്‍കിയിരിക്കുന്നതെന്ന മറുപടിയിലൂടെ നേരിട്ടു. 

വനിത ബിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്നും സെൻസസ് നടപ്പാക്കിയാൽ മാത്രമേ ബിൽ നടപ്പാകൂയെന്നും കോൺഗ്രസ്

 


 

Latest Videos
Follow Us:
Download App:
  • android
  • ios