നടുക്കുന്ന ദൃശ്യങ്ങൾ, തുറന്ന ജിപ്സിയില്‍ നിന്ന് യുവതിയും മകളും തെറിച്ചുവീണത് കാണ്ടാമൃഗത്തിന് മുന്നിൽ- video
വാഹനത്തിൻ്റെ ഡ്രൈവർ കൃത്യമായി ഇടപെട്ടതോടെയാണ് ഇരുവരും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. വാഹനം അതിവേഗത്തിൽ പിന്നോട്ടെത്തി ഇരുവരെയും തിരികെ കയറ്റി.
ദില്ലി: കാസിരംഗ സഫാരി പാർക്കിൽ സഫാരിക്കിടെ വാഹനത്തിൽ നിന്ന് യുവതിയും മകളും തെറിച്ചുവീണു. കാണ്ടാമൃഗങ്ങൾക്ക് മുന്നിലേക്കാണ് ഇരുവരും വീണത്. ഇരുവരും ആക്രമണത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ബാഗോരി റേഞ്ചിൽ സഫാരി നടത്തുന്നതിനിടെ തുറന്ന വാഹനത്തിൽ നിന്ന് പെൺകുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. മകളെ രക്ഷിക്കാനായി പിന്നാലെ അമ്മയും ചാടി. സമീപത്തുണ്ടായിരുന്ന കാണ്ടാമൃഗം ഇരുവരുടെയും അടുത്തേക്ക് വരുന്നത് വീഡിയോയിൽ കാണാം.
വാഹനത്തിൻ്റെ ഡ്രൈവർ കൃത്യമായി ഇടപെട്ടതോടെയാണ് ഇരുവരും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. വാഹനം അതിവേഗത്തിൽ പിന്നോട്ടെത്തി ഇരുവരെയും തിരികെ കയറ്റി. ഇരുവർക്കും നേരിയ പരിക്ക് മാത്രമാണുള്ളതെന്ന് പാർക്ക് അധികൃതർ അറിയിച്ചു. പാർക്കിനുള്ളിൽ എല്ലാ സുരക്ഷാ മാർഗനിർദേശങ്ങളും പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ കാസിരംഗ ദേശീയോദ്യാനം ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ ആവാസകേന്ദ്രമെന്ന നിലയിൽ പ്രശസ്തമാണ്.