'കുടുംബത്തിനായി ഇനിയും പോകണം': യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടവരിൽ യുകെയിൽ സ്റ്റുഡന്‍റ് വിസയുള്ള 21കാരിയും
യുകെയിൽ സ്റ്റുഡന്‍റ് വിസയുള്ള വിദ്യാർത്ഥിനി മെക്സിക്കോ വഴി അമേരിക്കയിൽ എത്തുകയായിരുന്നു
![woman who went to UK on study visa too deported from America wants to go abroad again to support family woman who went to UK on study visa too deported from America wants to go abroad again to support family](https://static-gi.asianetnews.com/images/01jkjhtn6z3t4tvb7ytrjmkg6y/deported-woman-again-wants-to-go-abroad-to-support-family_363x203xt.jpg)
അമൃത്സർ: അമേരിക്കയിൽ നിന്ന് നാട് കടത്തപ്പെട്ടവരിൽ സ്റ്റുഡന്‍റ് വിസയിൽ യുകെയിൽ എത്തിയ 21കാരിയുമുണ്ട്. നാല് സഹോദരിമാരിൽ മൂത്ത കുട്ടിയായതിനാൽ കുടുംബത്തിനായി സമ്പാദിക്കാൻ ഇനിയും വിദേശത്തേക്ക് പോകുമെന്ന് തിരിച്ചെത്തിയ മുസ്കാൻ എന്ന 21കാരി പറഞ്ഞു.
2024 ജനുവരിയിലാണ് താൻ യുകെയിലേക്ക് സ്റ്റുഡന്‍റ് വിസയിൽ പോയതെന്ന് മുസ്കാൻ പറഞ്ഞു. ഈ വർഷം ജനുവരിയിൽ മെക്സിക്കോയിലേക്ക് പോയി. അവിടെ നിന്ന് ടിജുവാന അതിർത്തി കടന്ന് യുഎസിലെത്തി. ഏകദേശം 50 പേർ ഉണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളാണ്. അതിർത്തി കടന്നപ്പോൾ ഒരു ബസ് തങ്ങളെ ഒരു ക്യാമ്പിലേക്ക് കൊണ്ടുപോയെന്ന് മുസ്കാൻ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ബാഗുകളും മൊബൈൽ ഫോണുകളും കൊണ്ടുപോയി. അവർ നൽകിയ വസ്ത്രങ്ങൾ ധരിച്ചെന്നും യുവതി പറഞ്ഞു.
യുഎസ് അതിർത്തി കടക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെ ആരെയും കണ്ടിരുന്നില്ലെന്നും അവർ ക്യാമറയിലൂടെ തങ്ങളെ കണ്ടിട്ടുണ്ടാവാമെന്നും മുസ്കാൻ പറഞ്ഞു. കുറേ ദിവസം ക്യാമ്പിൽ കഴിഞ്ഞു. മാന്യമായാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. നാട് കടത്താൻ പോവുകയാണെന്ന് അറിഞ്ഞില്ല. മൂന്നു ദിവസം അമേരിക്കൻ സൈനിക വിമാനത്തിലായിരുന്നു. കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടിരുന്നെങ്കിലും ഭക്ഷണം കഴിക്കാൻ അനുവദിച്ചു. അമൃത്‌സറിലേക്കുള്ള യാത്രയിലാണെന്ന് വിമാനത്തിൽ വെച്ചാണ് അറിഞ്ഞത്. ഈ രീതിയിൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നതിൽ വിഷമം തോന്നിയെന്നും മുസ്കാൻ പറഞ്ഞു.
ജനുവരി മുതൽ തനിക്ക് കുടുംബത്തോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഓസ്‌ട്രേലിയയിലെ ഒരു ബന്ധുവിൽ നിന്നാണ് തന്നെ നാടുകടത്തിയ വിവരം അവർ അറിഞ്ഞെന്നും മുസ്‌കാൻ പറയുന്നു. 45 ലക്ഷം രൂപ ചെലവഴിച്ചാണ് കുടുംബം തന്നെ വിദേശത്തേക്ക് അയച്ചത്. നിയമപരമായ വഴികളിലൂടെ തിരികെ വരാൻ യുഎസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ താൻ വികാരാധീനനായെന്ന് മുസ്‌കാൻ പറയുന്നു. യുകെയിലോ തടവിലാക്കിയെങ്കിലും യുഎസിലോ തനിക്ക് ഒരിക്കലും അരക്ഷിതാവസ്ഥ തോന്നിയിട്ടില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു. അതിനിടെ മുസ്കാന് ജോലി നൽകുന്ന കാര്യം സർക്കാരിന്‍റെ പരിഗണനയിലുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ ജിതേന്ദ്ര ജോർവാൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം