ഓണ്‍ലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിൽ മനുഷ്യ വിരൽ! ഫോറൻസിക് പരിശോധനയ്ക്ക് അയക്കും
ഐസ്ക്രീം നിർമാണ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും
മുംബൈ: മുംബൈയിൽ ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരലിന്റെ ഒരു ഭാഗം കണ്ടെത്തി. മുംബൈ മലാഡിലെ ഇരുപത്തിയേഴുകാരനായ ഡോക്ടർക്കാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്. യമ്മോ എന്ന ബ്രാൻഡിൻ്റെ കോൺ ഐസ്ക്രീമിലാണ് രണ്ട് സെന്റീമീറ്റർ നീളമുള്ള വിരലിന്റെ ഒരു ഭാഗം കണ്ടെത്തിയത്.
ഡോക്ടർക്ക് വേണ്ടി സഹോദരിയാണ് ഇന്നലെ ഓൺലൈനിൽ മൂന്ന് കോൺ ഐസ്ക്രീം ഓർഡർ ചെയ്തത്. ബട്ടർ സ്കോച്ചിൻ്റെ ഫ്ലേവറുള്ള ഈ ഐസ്ക്രീമിൽ ഒന്ന് കഴിച്ചുതുടങ്ങിയപ്പോഴാണ് വിരൽ കണ്ടത്. പിന്നാലെ മലാഡ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് വിരൽ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഐസ്ക്രീം നിർമാതാക്കളായ യമ്മോയുടെ കേന്ദ്രങ്ങളിലും വൈകാതെ പൊലീസ് പരിശോധന നടത്തും.
സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ വിശദീകരണം പുറത്തുവന്നിട്ടില്ല. ഓണ്‍ലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത് എന്നതിനാൽ സംഭവത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം