ഡ്യൂട്ടി സമയത്ത് തൊപ്പി ധരിച്ച ബസ് കണ്ടക്ടറോട് തർക്കിച്ച് സ്ത്രീ; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുന്നു
വർഷങ്ങളായി തൊപ്പി ധരിക്കുന്നുണ്ടെന്നും ആരും ഇതുവരെയും തടസപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടക്ടർ മറുപടി പറയുന്നത്. വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്കണമെന്നും സർക്കാർ ജീവനക്കാരനെന്ന നിലയിൽ ഡ്യൂട്ടി സമയത്ത് തൊപ്പി ധരിക്കരുതെന്നുമാണ് ഇതിന് സ്ത്രീ മറുപടി നൽകുന്നത്
ബംഗളൂരു: സർക്കാർ ബസിൽ ഡ്യൂട്ടിയിലുള്ള കണ്ടക്ടറോട് തൊപ്പി ധരിച്ചതിനെ ചൊല്ലി തർക്കിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലാകുന്നു. ബംഗളൂരുവിലാണ് സംഭവം. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി എം ടി സി) ബസ് കണ്ടക്ടറോടാണ് സ്ത്രീ തർക്കിക്കുന്നത്. യൂണിഫോമിന്റെ ഭാഗമായി തൊപ്പി ധരിക്കാൻ അനുവാദമുണ്ടോ എന്ന് കണ്ടക്ടറോട് സ്ത്രീ ആവർത്തിച്ച് ചോദിക്കുന്നത് വീഡിയോയിൽ കാണാം.
വർഷങ്ങളായി തൊപ്പി ധരിക്കുന്നുണ്ടെന്നും ആരും ഇതുവരെയും തടസപ്പെടുത്തിയിട്ടില്ലെന്നുമാണ് കണ്ടക്ടർ മറുപടി പറയുന്നത്. വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്കണമെന്നും സർക്കാർ ജീവനക്കാരനെന്ന നിലയിൽ ഡ്യൂട്ടി സമയത്ത് തൊപ്പി ധരിക്കരുതെന്നുമാണ് ഇതിന് സ്ത്രീ മറുപടി നൽകിയത്. ഇതോടെ തൊപ്പി ധരിക്കാൻ അനുമതിയുണ്ടാകുമെന്ന് കണ്ടക്ടർ പറഞ്ഞു. നിയമങ്ങളെ കുറിച്ച് അറിയില്ലെങ്കിൽ തൊപ്പി നീക്കി "നിയമങ്ങൾ പാലിക്കണം" - സ്ത്രീ പറഞ്ഞു. ഒടുവിൽ കണ്ടക്ടർ തൊപ്പി നീക്കം ചെയ്യുന്നതും വീഡിയോയിൽ കാണാം.
അതേസമയം, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധിച്ചുവെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്ഥിരീകരിച്ചു. സംഭവം നടന്നത് ഏകദേശം 10 ദിവസം മുമ്പാണ്. യൂണിഫോം നിയമങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പ് രൂപപ്പെടുത്തിയതാണ്. ഈ ഘട്ടത്തിൽ അഭിപ്രായങ്ങൾ ഒന്നും പറയാനില്ലെന്നാണ് ബി എം ടി സി അധികൃതർ പ്രതികരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.