ആംബുലൻസ് കിട്ടിയില്ല, യുവതി പ്രസവിച്ചത് രാജ്ഭവൻ ഗേറ്റിൽ; വീഡിയോ പ്രചരിക്കുന്നു; വ്യാപക വിമർശനം, സംഭവം യുപിയിൽ
ഉത്തർ പ്രദേശിൽ രാജ്ഭവനന് സമീപം റോഡരികിൽ ഗർഭിണി പ്രസവിച്ചു. പ്രസവിച്ചയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു
ലഖ്നൌ: ഉത്തർ പ്രദേശിൽ രാജ്ഭവനന് സമീപം റോഡരികിൽ ഗർഭിണി പ്രസവിച്ചു. പ്രസവിച്ചയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ഞാഴറാഴ്ചയായിരുന്നു സംഭവം. ആംബുലൻസ് വിളിച്ചിട്ടും കിട്ടാതെ ഓട്ടോയിൽ ആശുപത്രിയിലേക്ക് പോയ യുവതിക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ വ്യാപക വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. 'ഇത് ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗ ആണ്, അതും രാജ്ഭവന് മുന്നിൽ... എന്നിട്ടും ആംബുലൻസ് ഇല്ലാത്തതിനാൽ ഗർഭിണിയായ സ്ത്രീക്ക് റോഡിൽ വെച്ച് കുഞ്ഞിന് ജന്മം നൽകേണ്ടി വന്നു. മുഖ്യമന്ത്രിക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ, അതോ 'നമ്മുടെ ബിജെപി രാഷ്ട്രീയത്തിന് ആംബുലൻസല്ല, ബുൾഡോസറാണ് വേണ്ടത്' എന്ന് പറയുമോ,'- എന്നായിരുന്നു അഖിലേഷ് ട്വീറ്റ് ചെയ്തത്.
അതേസമയം, ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സംഭവം സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി അങ്ങോട്ട് പോകുന്നതായി അറിയിച്ചിട്ടുണ്ട്. റിക്ഷയിൽ പോവുകയായിരുന്ന പെൺകുട്ടി രാജ്ഭവന്റെ 13-ാം നമ്പർ ഗേറ്റിന് സമീപമാണ് പ്രസവിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വീരംഗന ഝൽകാരി ബായിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചു. ആശുപത്രിയിലേക്ക് ആംബുലൻസല്ല റിക്ഷയിൽ പോകാനാണ് യുവതി താൽപര്യപ്പെട്ടത്. ചിലർ ആംബുലൻസിനെ വിളിച്ചിരുന്നു. 25 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തുകയും ചെയ്തു. ഇതിന് മുമ്പ് കുടുംബം ആംബുലൻസിന് കാത്തുനിൽക്കാതെ റക്ഷയിൽ പോവുകയായിരുന്നു. ആംബുലൻസ് എത്താൻ വൈകിയതിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചെറിയ വീഴ്ച കണ്ടെത്തിയാലും കർശന നടപടി സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി പതക് പറഞ്ഞു.
Read more: ഈ അമ്മ കാത്തിരുന്നത് ഒന്നും രണ്ടുമല്ല 25 വർഷം, തേടിയെത്തിയ ഒരു ഫോൺ കോളിൽ കാത്തിരുന്ന സന്തോഷവാർത്ത
നേരത്തെ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സോണി എന്ന യുവതി ശ്യാമ പ്രസാദ് മുഖർജി ആശുപത്രിയിൽ യുവതി ചികിത്സ തേടിയിരുന്നു. തുടർന്ന് അവർക്ക് കുത്തിവയ്പ്പ് നൽകി. എന്നാൽ വീട്ടിൽ എത്തിയതോടെ വീണ്ടും വേദന വന്നു. വീരാംഗന ഝൽകാരി ബായി ആശുപത്രിയിലേക്ക് തിരിച്ചത്. ഈ സമയം ആംബുലൻസ് തേടിയിട്ടും കിട്ടിയില്ല. തുടർന്ന് റിക്ഷയിൽ പോകുന്നതിനിടെ രാജ്ഭവന് സമീപം പ്രസവിക്കുകയായിരുന്നു. മാസം തികയാതെ പിറന്നതിനാൽ കുഞ്ഞിനെ രക്ഷിക്കാനായില്ല. കുഞ്ഞിനെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ഡോക്ടർ വിശദീകരിച്ചു. സോണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വീരാംഗന ഝൽകാരി ബായി വനിതാ ശിശു ആശുപത്രിയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. നിബേദിത കർ അറിയിച്ചു.