കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ചത് ഒരു ലക്ഷം; ചോദിച്ചത് 10 ലക്ഷം, കെണിയൊരുക്കി ഡിപിസിയെ കുരുക്കി, അറസ്റ്റ്
രണ്ട് സ്കൂളുകൾക്കും നിയമപരമായി അംഗീകാരം ലഭിക്കുകയും 2019-20 മുതൽ അഞ്ച്, എട്ട് ഗ്രേഡ് ബോർഡ് പരീക്ഷകൾ നടത്തുകയും ചെയ്തിരുന്നു.
ഇൻഡോർ: കൈക്കൂലി കേസില്‍ ഇൻഡോർ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റര്‍ അറസ്റ്റിൽ. ഡിപിസി ഷീല മേരവിക്കെതിരെ ഇൻഡോറിലെ എംപി പബ്ലിക് സ്‌കൂൾ, എംപി കിഡ്‌സ് സ്‌കൂൾ ഡയറക്ടർ ദിലീപ് ബുജാനി നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്ന് ലോകായുക്ത അറിയിച്ചു. തന്‍റെ സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാതെയിരിക്കാൻ ഷീല 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. വിവരാവകാശ പ്രവർത്തകനായ സഞ്ജയ് മിശ്ര സ്കൂളിനെതിരെ കൂടുതല്‍ പരാതികൾ നല്‍കാതിരിക്കാൻ ഇടപെടാമെന്നും ഇവര്‍ പറഞ്ഞതായി ദിലീപിന്‍റെ പരാതിയിൽ പറയുന്നു.
രണ്ട് സ്കൂളുകൾക്കും നിയമപരമായി അംഗീകാരം ലഭിക്കുകയും 2019-20 മുതൽ അഞ്ച്, എട്ട് ഗ്രേഡ് ബോർഡ് പരീക്ഷകൾ നടത്തുകയും ചെയ്തിരുന്നു. ഈ പരീക്ഷകളിൽ പങ്കെടുത്ത വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് സഞ്ജയ് മിശ്ര ഷീലയുടെ ഓഫീസിൽ വിവരാവകാശ അപേക്ഷ നൽകുകയും ദിലീപ് ബുജാനിയെ ഭീഷണിപ്പെടുത്താനും തുടങ്ങി. പരാതി പരിശോധിച്ചതിന് ശേഷം ലോകായുക്ത കെണിയൊരുക്കി ഷീലയെ കയ്യോടെ പിടികൂടുകയായിരുന്നു. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തെളിവുകളോടെ ഷീലയെ അറസ്റ്റ് ചെയ്തത്. കാറിന്‍റെ ഡിക്കിയില്‍ നിന്നാണ് പണം കണ്ടെടുത്തത്.
2018ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ ഏഴ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരൻ തന്‍റെ മുമ്പാകെ ഹാജരായെന്നും പ്രാഥമിക അന്വേഷണത്തിൽ പ്രതി നാല് ലക്ഷം രൂപയ്ക്ക് ഇടപാട് ഒത്തുതീർപ്പാക്കിയതായി സ്ഥിരീകരിച്ചതായും ലോകായുക്ത പൊലീസ് സൂപ്രണ്ട് രാജേഷ് സഹായ് പറഞ്ഞു. കേസില്‍ തുടരന്വേഷണം നടക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം