രണ്ടാഴ്ചയായി കടുത്ത വയറുവേദനയും ഛർദിയും; ആശുപത്രിയിലെത്തിയ രോഗിയിൽ നിന്ന് നീക്കം ചെയ്തത് 195 പിത്താശയ കല്ലുകൾ
70 വയസുകാരിയായ വിരമിച്ച അധ്യാപികയാണ് കടുത്ത രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയത്. രണ്ടാഴ്ചയായിട്ടും മാറ്റമൊന്നുമുണ്ടായിരുന്നില്ല.
പുതുച്ചേരി: കടുത്ത വയറുവേദനയും ഓക്കാനവുമായി ആശുപത്രിയിലെത്തിയ രോഗിയുടെ പിത്താശയത്തിൽ നിന്ന് നീക്കം ചെയ്തത് 195 കല്ലുകൾ. പുതുച്ചേരി സ്വദേശിനിയായ 70 വയസുകാരിയാണ് വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിൽ പിത്താശയ കല്ലുകൾ കണ്ടെത്തുകയായിരുന്നു
വിരമിച്ച അധ്യാപിക കൂടിയായ രോഗിക്ക് രണ്ടാഴ്ചയിലധികമായി മാറാത്ത വയറുവേദനയുണ്ടായിരുന്നു. ഇതിന് പുറമെ തലകറക്കവും ഓക്കാനവും പോലുള്ള മറ്റ് ലക്ഷണങ്ങളും പ്രകടമായി. ഇതോടെയാണ് പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിത്താശയക്കല്ലുകൾ സ്ഥിരീകരിച്ചതോടെ ശസ്ത്രക്രിയ തന്നെയാണ് പരിഹാരമെന്ന് ഡോക്ടർമാരുടെ സംഘം വിലയിരുത്തി.
ലാപ്രോസ്കോപിക്ക് കോളിസിസ്ടെക്ടമി ചികിത്സയിലൂടെ പിത്തസഞ്ചി ശരീരത്തിൽ നിന്ന് നീക്കം ചെയ്തു. തുടന്ന് എൻഡോസ്കോപ്പിക് റിട്രോഗ്രേഡ് കോളാൻജിയോ പാൻക്രിയാറ്റോഗ്രാഫിയിലൂടെ (ഇആർസിപി) സ്റ്റെൻറ് ഇടുകയും ചെയ്തു. രണ്ട് അത്യാധുനിക ചികിത്സാ രീതികൾ സംയോജിപ്പിച്ചാണ് പിത്താശയവും അതിനുള്ളിലെ കല്ലുകളും നീക്കം ചെയ്തത്. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ പൂർത്തിയാക്കി രണ്ടര ദിവസത്തിന് ശേഷം രോഗിക്ക് വീട്ടിലേക്ക് മടങ്ങാനായെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം