നേപ്പാളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കും: രാജ്‌നാഥ് സിംഗ്
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കേവലം ഭൂമിശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ ബന്ധങ്ങൾക്കപ്പുറമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ദില്ലി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. അഭിപ്രായ വിത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. ലിപുലെഖ്-ധാർചുല റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഇന്ത്യയും നേപ്പാളും തമ്മിൽ ഉണ്ടായ അഭിപ്രായ വിത്യാസങ്ങള്‍ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം,
ബിജെപിയുടെ വെര്‍ച്യുല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാജ്നാഥ് സിങ് ഇക്കാര്യം വിശദീകരിച്ചത്. ലിപുലെഖ്-ധാർചുല റോഡിന്റെ നിർമ്മാണം കൈലാഷ് മൻസറോവർ യാത്രയുടെ ദൈർഘ്യം ആറ് ദിവസത്തേക്ക് കുറയ്ക്കും. ഈ നിര്‍മാണത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. അവ എന്തായാലും അത് ചർച്ചകളിലൂടെ പരിഹരിക്കാനാകും. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കേവലം ഭൂമിശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ ബന്ധങ്ങൾക്കപ്പുറമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങള്‍ തങ്ങളുടേതാക്കി നേപ്പാള്‍ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയിരുന്നു. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലി പറഞ്ഞതിന് ഒരാഴ്ച്ചക്ക് ശേഷമാണ് നേപ്പാള്‍ പുതിയ മാപ്പ് പുറത്തിറക്കിയത്. നേപ്പാളിന്റെ ഭൂമി ഇന്ത്യയില്‍ നിന്ന് ചര്‍ച്ചയിലൂടെ തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.