കൊവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തും; സംസ്ഥാനം സജ്ജമാണെന്ന് ഉദ്ധവ് താക്കറേ

കൊവിഡ് രോ​ഗികളുടെ കണക്കുകളോ മരണനിരക്കോ സംസ്ഥാനം ഒളിച്ചു വെക്കുന്നില്ലെന്നും കൊവിഡിനെ സംബന്ധിച്ച് വിവരങ്ങൾ സുതാര്യമായിട്ടാണ് പങ്കുവക്കുന്നതെന്നും താക്കറേ കൂട്ടിച്ചേർത്തു. 

will prevent the second wave of covid 19

മുംബൈ: കൊവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനം നടത്തുന്നുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസിലാണ് ഉദ്ധവ് താക്കറേ ഇപ്രകാരം പറഞ്ഞത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള ആശുപത്രികളിൽ കൊവിഡിനെ നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഉദ്ധവ് താക്കറേ ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു. കൊവിഡ് രോ​ഗികളുടെ കണക്കുകളോ മരണനിരക്കോ സംസ്ഥാനം ഒളിച്ചു വെക്കുന്നില്ലെന്നും കൊവിഡിനെ സംബന്ധിച്ച് വിവരങ്ങൾ സുതാര്യമായിട്ടാണ് പങ്കുവക്കുന്നതെന്നും താക്കറേ കൂട്ടിച്ചേർത്തു. 

​ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബം​ഗാൾ, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തി. കൊവിഡ് 19 മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മോദി യോ​ഗത്തിൽ മുഖ്യമന്ത്രിമാരോട് സംസാരിച്ചു. 'കൊവിഡിനെ പിടിച്ചു കെട്ടുന്ന കാര്യത്തിൽ മുംബൈയിലെ ധാരാവി ഏറെ പ്രശംസ അർഹിക്കുന്നു. എന്നാൽ കൊവിഡിനെതിരെയുള്ള യുദ്ധം അവസാനിച്ചിട്ടില്ല. സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം വരവ് പ്രതിരോധിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്.' ഉദ്ധവ് താക്കറേ പറഞ്ഞു. 

കൊവിഡിൽ നിന്ന് മുക്തി നേടിയതിന് ശേഷം ചിലർക്ക് മറ്റ് രോ​ഗങ്ങൾ പിടിപെടുന്നതായി ശ്രദ്ധയിൽ പെടുന്നുണ്ട്. അവരെ ചികിത്സിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണൽ കോഴ്സുകളിലെയും ഇതര കോഴ്സുകളിലെയും വി​ദ്യാർത്ഥികളുടെ പരീക്ഷകൾ ഒഴിവാക്കണമെന്നും താക്കറേ അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ ദേശീയ തലത്തിൽ തീരുമാനമെടുക്കണമെന്നും താക്കറേ ആവശ്യപ്പെട്ടു. കൊവിഡ് വാക്സിൻ അടുത്ത കാലത്തൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊവിഡിനെ പ്രതിരോധിക്കേണ്ടതാവശ്യമാണ്. വെന്റിലേറ്ററോട് കൂടിയ 3.5 ലക്ഷം കിടക്കകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios