ഉത്തരാഖണ്ഡിലെ കാട്ടുതീ; 10 ഫോറസ്റ്റ് കൺസർവേറ്റർമാര്‍ക്ക് സസ്പെൻഷൻ; അശ്രദ്ധയെന്ന് അന്വേഷണ റിപ്പോർട്ട്
മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ദാമിയുടെ നിർദ്ദേശത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
ദില്ലി: ഉത്തരാഖണ്ഡിലെ ബിൻസാർ വന്യജീവി സങ്കേതത്തിൽ കാട്ടുതീ പടർന്ന സംഭവത്തിൽ 10 ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് സസ്പെൻഷൻ. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് നൈനിറ്റാളിലേക്കും പൗരി ഗാർഹാൽ ജില്ലകളിലേക്കും തീ പടരാൻ കാരണം എന്ന് അന്വേഷണ റിപ്പോർട്ട്. മുഖ്യ മന്ത്രി പുഷ്‌കർ സിംഗ് ദാമിയുടെ നിർദ്ദേശത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
കാട്ടുതീ തടയാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ ഇടപെടണമെന്ന് പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടിരുന്നു. മാസങ്ങള്‍ ആയി തുടരുന്ന ഉത്തരാഖണ്ഡിലെ കാട്ടുതീ ഇനിയും അണക്കാൻ ആയിട്ടില്ല. നൂറ് കണക്കിന് ഹെക്ടർ വനമേഖല കത്തി നശിച്ചുവെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നവംബർ മുതല്‍ 1213 തവണയാണ് ഉത്തരാഖണ്ഡിലെ വനമേഖലയില്‍ തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ ദിവസം തീ അണക്കാനുള്ള ശ്രമത്തിനിടെ നാല് വനം വകുപ്പ് ജീവനക്കാർ പൊള്ളലേറ്റ് മരിച്ചിരുന്നു.